ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുക്കാനുള്ള എല്‍.ഐ.സി നീക്കങ്ങള്‍ ദ്രുതഗതിയില്‍

എല്‍.ഐ.സിയുടെ വരവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ മല്‍സരത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്

Update:2024-11-09 10:55 IST

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേക്ക് ചുവടുറപ്പിക്കാനുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍.ഐ.സി) നീക്കങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാകും. ഏറ്റെടുക്കേണ്ട കമ്പനിയെക്കുറിച്ച് ധാരണയായെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും എല്‍.ഐ.സി എംഡിയും സി.ഇ.ഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി വ്യക്തമാക്കി.

സര്‍ക്കാര്‍ തലത്തില്‍ ലഭിക്കേണ്ട അനുമതിക്കും മറ്റുമായുള്ള ജോലികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. എല്‍.ഐ.സിയുടെ വരവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ മല്‍സരത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് മൊത്തം ആരോഗ്യ സംരക്ഷണ ചെലവുകളുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂവെന്ന കണക്കുകള്‍ എല്‍.ഐ.സിക്ക് വലിയ അവസരങ്ങളാണ് ഈ രംഗത്ത് തുറന്നു നല്‍കുക. നിലവില്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്, നിവാ ബുപ, കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ആദിത്യ ബിര്‍ള, മണിപ്പാല്‍ സിഗ്‌ന, നാരായണ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിങ്ങനെ ആറ് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുണ്ട്. ഗാലക്സി ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും അടുത്തിടെ റെഗുലേറ്റര്‍ അനുമതി നല്‍കിയിട്ടുണ്ട്.

വരുമാനം ഉയര്‍ന്നെങ്കിലും ലാഭം കുറഞ്ഞു

രണ്ടാംപാദത്തില്‍ എല്‍.ഐ.സിയുടെ വരുമാനം ഉയര്‍ന്നു. പക്ഷേ ലാഭത്തില്‍ 4 ശതമാനം കുറവുണ്ടായി. വരുമാനം ജൂണ്‍ പാദത്തെ 2,11,952 ലക്ഷം കോടി രൂപയില്‍ നിന്ന് 2,31,132 കോടി രൂപയായി ഉയര്‍ന്നു. ലാഭം മുന്‍ പാദത്തെ 10,774 കോടിയില്‍ നിന്ന് 7,723 കോടി രൂപയായി താഴ്ന്നു. തൊട്ടു മുന്‍വര്‍ഷത്തെ സമാനപാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ വരുമാനം വലിയ രീതിയില്‍ വര്‍ധിച്ചെങ്കിലും ലാഭത്തില്‍ വളര്‍ച്ചയുണ്ടാക്കാനായില്ല.
Tags:    

Similar News