മദ്യവില വര്‍ധനവ് നിലവില്‍ വന്നു, ലക്ഷ്യം വരുമാന നഷ്ടം പരിഹരിക്കല്‍

മദ്യ കമ്പനികള്‍ നല്‍കേണ്ടിയിരുന്ന വിറ്റുവരവ് നികുതി ഒഴിവാക്കിയതിനെ തുടര്‍ന്ന് 150 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്

Update:2022-12-17 14:50 IST

സംസ്ഥാനത്ത് മദ്യത്തിന്റെ വില വര്‍ധനവ് നിലവില്‍ വന്നു. വില്‍പ്പന നികുതി ഉയര്‍ത്തുകയാണ് ചെയ്തത്. മദ്യവില വര്‍ധിപ്പിച്ച ബില്ലില്‍ ഇന്നലെയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. വില്‍പ്പന നികുതി നാല് ശതമാനമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വഴി വില്‍ക്കുന്ന മദ്യത്തിന്, വില്‍പ്പന നികുതിയില്‍ രണ്ട് ശതമാനം വര്‍ധനവാണ് നടപ്പാക്കിയിരിക്കുന്നത്.

ലിക്കറിനൊപ്പം ബിയറിനും വൈനിനും വില ഉയരും. വിവിധ ബ്രാന്‍ഡുകളുടെ വിലയില്‍ 10 മുതല്‍ 20 രൂപയുടെ വരെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ പുറത്തിറക്കുന്ന വില കുറഞ്ഞ മദ്യമായ ജവാന്‍ ഒരു ലിറ്ററിന്റെ വില 600ല്‍ നിന്ന് 610 രൂപയായി ആണ് ഉയര്‍ന്നത്.

മദ്യ കമ്പനികള്‍ നല്‍കേണ്ടിയിരുന്ന വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതുമൂലം വരുമാനത്തില്‍ 150 കോടിയോളം രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ നേരിടുന്നത്. ഈ നഷ്ടം നികത്താനാണ് നിരക്ക് വര്‍ധനവ്. വില വര്‍ധനവോടെ വിദേശ മദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന വില്‍പ്പന നികുതി 247ല്‍ നിന്ന് 251 ശതമാനമായി ഉയര്‍ന്നു.

Tags:    

Similar News