സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും അവസാനിപ്പിച്ചു!

ബയോബബ്ള്‍ മാതൃകയില്‍ പരിശീലനകേന്ദ്രങ്ങള്‍ക്ക് തുറക്കാം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സാധാരണ ജീവിതത്തിലേക്ക് ജനം.

Update:2021-09-07 18:35 IST

കോവിഡ് മാനദണ്ഡങ്ങള്‍ക്കൊപ്പം സംസ്ഥാനത്ത് തുടര്‍ന്നിരുന്ന ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഇതോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌കൊണ്ട് സാധാരണ ജീവിതത്തിലേക്കാണ് ജനങ്ങള്‍ നീങ്ങുന്നത്. രാത്രി 10 മുതല്‍ രാവിലെ 6 വരെയായിരുന്നു കര്‍ഫ്യൂ.

സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പരിശീലക സ്ഥാപനങ്ങള്‍ക്ക് ബയോ ബബിള്‍ മാതൃകയില്‍ ഒരുഡോസ് വാക്‌സിനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാം.
ഓണത്തിന് ശേഷം സര്‍ക്കാര്‍ ഭയപ്പെട്ട രീതിയില്‍ കൊവിഡ് വ്യാപനമുണ്ടാവാതിരുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്ന പ്രവണതയുണ്ടായതും നിര്‍ണായക തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ധൈര്യം നല്‍കിയെന്നാണ് സൂചന.
ടെക്‌നിക്കല്‍/പോളി ടെക്‌നിക്/ മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ നാല് മുതല്‍ എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു ഡോസ് വാക്സീൻ എങ്കിലും എടുത്തവരായിരിക്കണം വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും. അതിൽ ഉദ്ദേശിക്കുന്ന ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ വാക്സീൻ എടുക്കാത്തവരുണ്ടെങ്കിൽ അവർ ഈ ആഴ്ച തന്നെ വാക്സീൻ സ്വീകരിക്കണം.

വാക്‌സിനെടുപ്പ് ഫലപ്രദമായി നടക്കുന്നതിനാല്‍ തന്നെ സംസ്ഥാനത്ത് കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയില്‍ 75 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചതായും ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും നിര്‍ദേശമുയര്‍ന്നിരുന്നു.
നൂറ് ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്‌സീന്‍ എന്ന ലക്ഷ്യത്തിനാവും ഇനി ആരോഗ്യവകുപ്പിന്റെ ശ്രദ്ധ. കുട്ടികള്‍ക്കുള്ള വാക്്‌സീനേഷന്‍ ഈ മാസം തുടങ്ങും എന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കുട്ടികളിലെ വാക്‌സീനേഷന്‍ ഡിസംബറോടെ പൂര്‍ത്തിയാക്കി കൊവിഡ് മൂന്നാംതരംഗം എന്ന വെല്ലുവിളി മറികടക്കാം എന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോള്‍.


Tags:    

Similar News