മാരുതിയുടെ ചെറുകാറുകള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ വരുന്നു, സൂചനയുമായി കമ്പനി ചെയർമാൻ; ഇ.വിയും ഉടന്‍ എത്തും

ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുറഞ്ഞ ചെലവുകള്‍ ഉളള ചെറു കാറുകള്‍ ആവശ്യമാണ്

Update:2024-08-29 15:37 IST
ആളുകള്‍ പുതിയ യാത്രാ വാഹനം വാങ്ങുന്നതിനും നിലവിലുളള വാഹനം മാറ്റി പുതിയത് സ്വന്തമാക്കുന്നതിനും താല്‍പ്പര്യപ്പെടുന്ന സമയമാണ് ആഘോഷ വേളകള്‍. ഓണം സീസണ്‍ അനുബന്ധിച്ച് ഇപ്പോള്‍ കാര്‍ വിപണിയില്‍ മികച്ച വില്‍പ്പനയാണ് നടക്കുന്നത്. എന്നാല്‍ ചെറിയ കാറുകള്‍ക്ക് ഡിമാന്‍ഡ് കുറയുന്ന പ്രവണതയാണ് പുതുതായി കാര്‍ വിപണിയില്‍ ഉളളത്.
തന്ത്രങ്ങള്‍ മാറ്റുന്നില്ല
ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി ചെയർമാൻ ആർ.സി ഭാർഗവ. ചെറിയ കാറുകളുടെ ഡിമാൻഡ് കുറയുന്നത് ഈ ദിശയിലുള്ള കമ്പനിയുടെ തന്ത്രത്തെ മാറ്റില്ലെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
വിപണിയില്‍ ഡിമാൻഡ് കുറയുന്നതിനാല്‍ ചെറിയ കാറുകള്‍ കൂടുതല്‍ വിറ്റഴിക്കാനുളള കമ്പനിയുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുറഞ്ഞ ചെലവുകള്‍ ഉളള ചെറു കാറുകള്‍ ആവശ്യമാണെന്ന നിലപാടാണ് കമ്പനിക്കുളളത്.
ഡിമാൻഡിലെ താൽക്കാലിക തിരിച്ചടി തങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ഭാർഗവ പറഞ്ഞു. ഒട്ടേറെ ഇരുചക്ര വാഹന ഉടമകൾ ചെറിയ കാറുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ നോക്കുന്നുണ്ട്. വിപണി വിഹിതമനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാർ കമ്പനിയാണ് മാരുതി സുസുക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷമാണ് 2024 സാമ്പത്തിക വര്‍ഷം. ഓഹരിക്ക് 125 രൂപ എന്ന റെക്കോഡ് ലാഭവിഹിതം കമ്പനിക്ക് നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
കമ്പനിയുടെ ഇ.വി ഉടന്‍ വിപണിയിലെത്തും
മാരുതിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനം ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറക്കും. തുടര്‍ന്ന് ഇവ ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു. ഹൈബ്രിഡ് കാറുകൾ വിപണിയില്‍ അവതരിപ്പിച്ച് ഇന്ധനച്ചെലവും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാന്‍ മാരുതി പ്രതിജ്ഞാബദ്ധമാണെന്നും ഭാര്‍ഗവ പറഞ്ഞു.
ഗ്രാമങ്ങളില്‍ കുടുതല്‍ ശ്രദ്ധ
ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂടുതൽ ആഴത്തിലുള്ള നെറ്റ്‌വർക്ക് വിപുലീകരണം മാരുതി സുസുക്കി നടത്തുന്നതാണ്. ഗ്രാമീണ പ്രദേശങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും വിൽപ്പന, സേവന ശൃംഖല കമ്പനി കൂടുതൽ ശക്തിപ്പെടുത്തുകയാണ്. മാരുതി സുസുക്കി ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങൾ വലിയ പട്ടണങ്ങളിലെ ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ കമ്പനി ആഗ്രഹിക്കുന്നില്ലെന്നും ആർ.സി ഭാർഗവ പറഞ്ഞു.

73,000 കോടി രൂപയുടെ വാഹനങ്ങൾ ഓഗസ്റ്റിൽ കെട്ടിക്കിടക്കുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്.എ.ഡി.എ) റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കമ്പനിയുടെ ഷോറൂമുകളിലെ വാഹന സ്റ്റോക്ക് 38-40 ദിവസങ്ങളായി നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്.

അതായത് ഷോറൂമുകളില്‍ യൂണിറ്റുകള്‍ എത്തി 40 ദിവസത്തിനുളളില്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് ആകുന്നുണ്ട്. രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കാനുളള തയാറെടുപ്പിലാണ് കമ്പനി.

Tags:    

Similar News