സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് കോട്ടയത്തെ ഞെട്ടിക്കാന്‍ ലുലു! 3.22 ലക്ഷം ചതുരശ്ര അടിയില്‍ വമ്പന്‍ ഓഫറുകളുമായി 14ന് തുറക്കും
ഡിസംബര്‍ 14 നാണ് കോട്ടയം ലുലുവിന്റെ ഉദ്ഘാടനം, 15 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം
അക്ഷര നഗരിക്കുള്ള ക്രിസ്മസ് - പുതുവത്സര സമ്മാനമായി കോട്ടയം മണിപ്പുഴയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണ് കോട്ടയത്തേത്. 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തിന്റെ ഭാഗമായി വമ്പന്‍ ഓഫറുകളും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
കോട്ടയത്തെ ഞെട്ടിക്കാന്‍ ലുലു
രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്രയടിയിലാണ് കോട്ടയം ലുലു സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ഒരേ സമയം 500 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ട് പ്രധാന ആകര്‍ഷണമാകും. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യമുള്ളതിനാല്‍ ഒരേസമയം 1,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. താഴത്തെ നിലയിലാകും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. കേരളത്തിലെ ആറാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ലുലു മാളുകളിലും കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ തൃശൂര്‍ തൃപയാറില്‍ ലുലു വൈ മാളുമുണ്ട്.
വമ്പന്‍ ബ്രാന്‍ഡുകളെത്തും
രണ്ടാമത്തെ നിലയില്‍ ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയ്ക്കൊപ്പം മക്ഡൊണാള്‍സ്, കെ.എഫ്.സി, ലൂയി ഫിലിപ്പ്, കോസ്റ്റ കോഫീ, അമൂല്‍ തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുമെത്തും. കുട്ടികളുടെ വിനോദത്തിനായി ഫണ്‍ടൂറയും കോട്ടയത്ത് ഒരുക്കിയിട്ടുണ്ട്.