മൂന്നുമാസ വരുമാനം 15,700 കോടി രൂപ, 12 പുതിയ സ്റ്റോറുകള്‍, ഇ-കൊമേഴ്‌സില്‍ 83 ശതമാനം വളര്‍ച്ച; ലുലുവിന്റെ പാദഫലം പുറത്ത്

നികുതി, പലിശ തുടങ്ങിയയ്ക്കു മുമ്പുള്ള ലാഭത്തില്‍ 9.9 ശതമാനം വര്‍ധിച്ച് 1,485 കോടി രൂപയായി

Update:2024-11-21 16:08 IST

Image Courtesy: www.luluretail.com

മലയാളി വ്യവസായി എം.എ യൂസഫലിയുടെ കീഴിലുള്ള ലുലു റീട്ടെയ്ല്‍ സെപ്റ്റംബര്‍ പാദഫലം പുറത്തുവിട്ടു. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 6.1 ശതമാനം വര്‍ധന നേടാന്‍ കമ്പനിക്ക് സാധിച്ചു. ഈ മാസം 14ന് ലുലു റീട്ടെയ്ല്‍ അബുദാബി സെക്യൂരിറ്റ് എക്‌സ്‌ചേഞ്ചില്‍ (ADX) ലിസ്റ്റ് ചെയ്തിരുന്നു.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ലുലു റീട്ടെയ്‌ലിന്റെ ആകെ വരുമാനം 15,700 കോടി രൂപയാണ് (186 കോടി ഡോളര്‍).  നികുതി, പലിശ തുടങ്ങിയയ്ക്കു മുമ്പുള്ള ലാഭത്തില്‍ 9.9 ശതമാനം വര്‍ധിച്ച് 1,485 കോടി രൂപയായി. 
സജീവ ബിസിനസില്‍ നിന്നുള്ള ലാഭം 130 കോടി രൂപയില്‍ (1.55 കോടി ഡോളര്‍) നിന്ന് 126 ശതമാനം വര്‍ധിച്ച് 296 കോടി രൂപയായി (3.51 കോടി ഡോളര്‍). 
ഈ പാദത്തില്‍ കൂടുതല്‍ സ്‌റ്റോറുകള്‍ ജി.സി.സി രാജ്യങ്ങളില്‍ തുറക്കാനും കമ്പനിക്ക് സാധിച്ചു.

കരുത്തായി ഫ്രഷ് ഫുഡ് വിഭാഗം

ലുലു റീട്ടെയ്‌ലിന്റെ വരുമാനത്തിന്റെ മുന്തിയ പങ്കും വരുന്നത് യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ഈ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുപ്പോള്‍ തന്നെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ലുലുവിന് സാധിച്ചിട്ടുണ്ട്. യു.എ.ഇയില്‍ നിന്നുള്ള വരുമാനത്തില്‍ 7.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ സൗദി അറേബ്യന്‍ വരുമാനം 5.7 ശതമാനമാണ് കൂടിയത്.
2024ല്‍ ഇതുവരെ 17 പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ ലുലുവിന് സാധിച്ചു. ഇതില്‍ അഞ്ചെണ്ണം സെപ്റ്റംബറിനു ശേഷമാണ് തുറന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്‌റ്റോറുകള്‍ തുറന്നത് സൗദിയിലാണ്, 5 എണ്ണം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വരുമാനം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 83.5 ശതമാനമാണ് വര്‍ധിച്ചത്. 2,000 കോടി രൂപയ്ക്കടുത്താണ് ഈ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വരുമാനം.
കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ 4.3 ശതമാനം വരുമിത്. വരും വര്‍ഷങ്ങളില്‍ ഇ-കൊമേഴ്‌സ് വിഹിതം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ലുലു റീട്ടെയ്ല്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ ഫ്രഷ് ഫുഡ് വിഭാഗത്തിന്റെ വളര്‍ച്ച രണ്ടക്കത്തിലേക്ക് എത്തിക്കാനും ലുലു റീട്ടെയ്‌ലിനു സാധിച്ചു.
ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ലുലു റീറ്റെയ്ല്‍. ജി.സി.സിയില്‍ 116 ഹൈപ്പര്‍മാര്‍ക്കറ്റുകളും 102 എക്‌സ്പ്രസ് സ്റ്റോറുകളും 22 മിനി മാര്‍ക്കറ്റുകളും ലുലുവിനുണ്ട്. യു.എ.ഇയില്‍ 103 സ്റ്റോറുകളും സൗദി അറേബ്യയില്‍ 56 സ്റ്റോറുകളും, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ 81 സ്റ്റോറുകളും ലുലുവിനുണ്ട്.
Tags:    

Similar News