ലുലു ഗ്രൂപ്പ് സൗദിയില്‍ 11 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും: യൂസഫലി

Update: 2019-10-15 05:35 GMT

ലുലു ഗ്രൂപ്പ് 100 കോടി റിയാല്‍ (2,000 കോടി രൂപ) നിക്ഷേപത്തോടെ സൗദി അറേബ്യയില്‍ 11 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷാവസാനത്തോടെ സജ്ജമാകുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഗണ്യമായ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സൗദിയിലെ ലുലുവിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

2009ല്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു ഗ്രൂപ്പ്, 170 കോടി ഡോളര്‍ (3,500 കോടി രൂപ) ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. 17 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, എണ്ണക്കമ്പനിയായ ആരാംകോയുടെ 12 മാര്‍ക്കറ്റുകള്‍, സൗദി ദേശീയ സുരക്ഷാ വിഭാഗമായ സൗദി നാഷണല്‍ ഗാര്‍ഡിന്റെ പത്തു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍പ്പെടുന്നു.നിലവില്‍ വനിതകള്‍ അടക്കം 3,000 സ്വദേശികള്‍ ലുലുവില്‍ ജോലി ചെയ്യുന്നുണ്ട്. 2020 അവസാനത്തോടെ ഇത് 4,000 ആകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തോടെ ഈമാസം അവസാനം റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിന്റെ പ്രധാന പങ്കാളി കൂടിയാണ് ലുലു ഗ്രൂപ്പ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ വികസന കുതിപ്പിലേക്ക് എത്തിച്ചിരിക്കുകയാണെന്നും എം.എ. യൂസഫലി പറഞ്ഞു.

സൗദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും സ്വദേശിവത്കരണ പദ്ധതി മേധാവിയുമായ എന്‍ജിനിയര്‍ സാദ് അല്‍ ഗംദിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന സൗദിയിലെ ലുലുവിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ മികച്ച സേവനത്തോടെ ലുലുവില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ പത്തു സൗദി ജീവനക്കാരെ ആദരിച്ചു.

Similar News