മാധബി ബുച്ച് വരുമോ? എങ്കില്‍ നാളെ പാര്‍ലമെന്റ് സമുച്ചയത്തില്‍ പോര്‍വിളി, തയാറായി ഭരണ-പ്രതിപക്ഷം

ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കമ്മിറ്റിയിൽ ഭൂരിപക്ഷമുണ്ട്

Update:2024-10-23 17:14 IST
ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയുടെ ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് വ്യാഴാഴ്ച പാർലമെൻ്റിൻ്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായേക്കും. കോൺഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പി യുമായ കെ.സി വേണുഗോപാലാണ് പാനലിന്റെ ചെയർമാന്‍.
കെ.സി വേണുഗോപാല്‍ രാഷ്ട്രീയ പ്രേരിതമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ബി.ജെ.പി ഇതിനോടകം ആരോപണമുന്നയിച്ചിട്ടുണ്ട്. യോഗം പ്രക്ഷുബ്ധമായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ധനമന്ത്രാലയത്തിൻ്റെയും സെക്യൂരിറ്റീസ് ആൻ്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെയും (സെബി) പ്രതിനിധികളുടെ മൊഴികള്‍ രേഖപ്പെടുത്തുക എന്നതാണ് യോഗത്തിൻ്റെ അജണ്ട. യു.എസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിൻ്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ബുച്ചിനെ വിളിക്കാനുള്ള വേണുഗോപാലിൻ്റെ നീക്കം ഭരണകക്ഷി അംഗങ്ങള്‍ വിമര്‍ശന ബുദ്ധിയോടെയാണ് സമീപിക്കുന്നത്.
കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനും രാജ്യത്തിൻ്റെ സാമ്പത്തിക ഘടനയെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താനും വേണുഗോപാല്‍ പ്രസക്തമല്ലാത്ത വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്ന് ആരോപിച്ച് സമിതി അംഗവും ബി.ജെ.പി എം.പിയുമായ നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു.
ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കമ്മിറ്റിയിൽ ഭൂരിപക്ഷമുണ്ട്. പാനലിൻ്റെ പരിധിക്ക് പുറത്തുള്ള പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഏത് നീക്കത്തെയും ഭരണപക്ഷം ശക്തമായി എതിർക്കാനാണ് സാധ്യതയുളളത്.
Tags:    

Similar News