തിരിഞ്ഞു കൊത്തി 'കോടി' ക്ലബ്; മലയാള സിനിമയ്ക്ക് പുതിയ പ്രതിസന്ധി
അടുത്തിടെ ഹിറ്റ് സിനിമകളില്‍ സ്ഥിരസാന്നിധ്യമായ കൗമാരതാരത്തിന്റെ പ്രതിഫലം ഒന്നര കോടി രൂപയാണ്
തുടര്‍ച്ചയായി ഹിറ്റുകള്‍ പിറക്കുമ്പോഴും മലയാള സിനിമ വല്ലാത്ത പ്രതിസന്ധിയില്‍. കോടികള്‍ കളക്ഷന്‍ നേടിയ സിനിമകളുടെ എണ്ണം വര്‍ധിച്ചതോടെ അഭിനേതാക്കളും ടെക്‌നീഷ്യന്മാരും വേതനം പലമടങ്ങായി ഉയര്‍ത്തിയതാണ് ഇന്‍ഡസ്ട്രിക്ക് തിരിച്ചടിയാകുന്നത്. വേതനം കുറയ്ക്കാന്‍ മുന്‍നിര നടന്മാര്‍ തയാറായില്ലെങ്കില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള തീരുമാനങ്ങളിലേക്ക് നിര്‍മാതാക്കള്‍ കടന്നേക്കും.
കിട്ടിയ അവസരം മുതലാക്കി
മൂന്നോ നാലോ സിനിമകള്‍ മാത്രമാണ് പണം വാരിയതെങ്കിലും അതിന്റെ പ്രകമ്പനം മൊത്തം ഇന്‍ഡസ്ട്രിയില്‍ പ്രതിഫലിക്കുന്നതിനാണ് സിനിമാലോകം സാക്ഷ്യംവഹിക്കുന്നത്. അഭിനേതാക്കള്‍ മുതല്‍ ടെക്‌നീഷ്യന്മാര്‍ വരെ വേതനം വര്‍ധിപ്പിച്ചു. മുന്‍നിര നടന്മാരില്‍ പലരും കോടികള്‍ക്ക് മുകളിലാണ് ഇപ്പോള്‍ വാങ്ങുന്നത്. അടുത്തിടെ ഹിറ്റ് സിനിമകളില്‍ സ്ഥിരസാന്നിധ്യമായ കൗമാരതാരത്തിന്റെ പ്രതിഫലം ഒന്നര കോടി രൂപയാണ്. സൂപ്പര്‍ താരങ്ങള്‍ 4 കോടിക്ക് മുകളിലാണ് വാങ്ങുന്നത്.
ഈ വര്‍ഷം ജൂലൈ ആദ്യം വരെ പുറത്തിറങ്ങിയത് 120 ലേറെ ചിത്രങ്ങളാണ്. ഇതില്‍ തീയറ്ററില്‍ നിന്ന് മുടക്കുമുതല്‍ നേടിയ ചിത്രങ്ങള്‍ പത്തില്‍ താഴെ മാത്രമാണ്. 100ലേറെ സിനിമകളും നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടമാണ് സമ്മാനിച്ചത്. ഓവര്‍ ദി ടോപ് (ഒ.ടി.ടി) പ്ലാറ്റ്‌ഫോമുകള്‍ മലയാള സിനിമയ്ക്കായി പണംമുടക്കുന്നത് നിജപ്പെടുത്തിയതോടെ ഇതുവഴിയുള്ള വരുമാന സാധ്യതയും അടഞ്ഞു.
ഓവര്‍സീസ് റൈറ്റ്‌സും സാറ്റലൈറ്റ് റൈറ്റ്‌സും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് മാത്രമാണ് കാര്യമായി കിട്ടുന്നത്. ടി.വി ചാനലുകളില്‍ പുതിയ സിനിമകള്‍ക്ക് റേറ്റിംഗ് കുറവായതിനാല്‍ വലിയ തുക നല്‍കി സിനിമ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. ഫലത്തില്‍ തീയറ്ററില്‍ സിനിമ ഫ്‌ളോപ്പായാല്‍ നിര്‍മാതാവിന്റെ കീശ കീറും.
കോടി ക്ലബ് തിരിഞ്ഞുകൊത്തി
ഒരു സിനിമ റിലീസ് ചെയ്ത് മൂന്നോ നാലോ ദിവസം പിന്നിടുമ്പോള്‍ തന്നെ കോടികള്‍ കളക്ഷന്‍ നേടിയതിന്റെ കണക്ക് ഉയര്‍ത്തിക്കാട്ടിയാണ് പിന്നീടുള്ള പ്രമോഷന്‍. തുടക്കത്തില്‍ ഈ രീതി ക്ലിക്കായെങ്കിലും ഒട്ടുമിക്ക നിര്‍മാതാക്കളും ഇതേ വഴി പിന്തുടര്‍ന്നതോടെ പ്രേക്ഷകര്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങി. കോടി ക്ലബില്‍ കയറിയെന്ന അവകാശവാദം നിര്‍മാതാക്കളെ തന്നെയാണ് ബാധിച്ചത്.
കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഇത്തരം സിനിമകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപാടുകള്‍ സൂക്ഷ്മമായി വീക്ഷിക്കാന്‍ തുടങ്ങി. നിര്‍മാതാക്കള്‍ കോടികള്‍ സ്വന്തമാക്കുന്നുവെന്ന തിരിച്ചറിവില്‍ അഭിനേതാക്കള്‍ മുതല്‍ ടെക്‌നീഷ്യന്‍ വരെ വേതനം വര്‍ധിപ്പിച്ചതാണ് മറ്റൊരു തിരിച്ചടി.
മ്യൂസിക് റൈറ്റ്‌സും കൊണ്ടുപോയി
സാധാരണ സിനിമയുടെ മ്യൂസിക്, ടിവി റൈറ്റ്‌സ് എല്ലാം നിര്‍മാതാക്കള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ഇപ്പോള്‍ കഥമാറി. നായകനോ സംവിധായകനോ മ്യൂസിക് റൈറ്റ്‌സിനായി പിടിവാശി കാണിക്കാറുണ്ട്. പലപ്പോഴും വഴങ്ങി കൊടുക്കുകയാണ് നിര്‍മാതാക്കള്‍ ചെയ്യുന്നത്. ഓവര്‍സീസ് റൈറ്റ്‌സിനേക്കാള്‍ ഡിമാന്‍ഡും ഇപ്പോള്‍ മ്യൂസിക് റൈറ്റ്‌സിനുണ്ട്.
പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ നിര്‍മാതാക്കള്‍ താരസംഘടനയെ സമീപിച്ചിട്ടുണ്ട്. വന്‍തോതില്‍ പ്രതിഫലം വര്‍ധിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. സമ്മര്‍ദം ഫലിച്ചില്ലെങ്കില്‍ ഷൂട്ടിംഗ് അടക്കം നിര്‍ത്തിവയ്ക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.