മമ്മൂട്ടിയേക്കാള്‍ പ്രതിഫലം മോഹന്‍ലാലിന്, വ്യത്യാസം കോടികള്‍; എന്താണ് കാരണം?

മലയാള സിനിമയില്‍ നായക കഥാപാത്രങ്ങളുടെ പ്രതിഫലം റേറ്റിംഗുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു

Update:2024-09-05 15:44 IST

image Courtesy: x.com/ManjuWarrier4/media, x.com/mohanlal, x.com

മലയാളത്തിലെ വന്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പ്രതിഫലമാണോ വാങ്ങുന്നത്? സീനിയോരിറ്റിയും പടങ്ങളുടെ എണ്ണവും കണക്കാക്കിയാല്‍ മമ്മൂട്ടിയാണ് മുന്നില്‍. ഹിറ്റുകളുടെ കണക്കിലും അദ്ദേഹം ഒപ്പത്തിനൊപ്പമുണ്ട്. എന്നിട്ടും കൂടുതല്‍ ശമ്പളം വാങ്ങുന്ന നടനായി മോഹന്‍ലാല്‍ മാറി. അതെങ്ങനെ?
ഉത്തരം ലളിതം. മോഹന്‍ലാല്‍ പടങ്ങള്‍ക്ക് ലഭിക്കുന്ന ഇനീഷ്യല്‍ പുളളും ടോട്ടല്‍ കളക്ഷനും മമ്മൂട്ടി പടങ്ങളേക്കാള്‍ വളരെ കൂടുതലാണ്. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ സിനിമകളുടെ കളക്ഷന്‍ മലയാള സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളാണ്. അഭിനയ ശേഷിയിലും മാര്‍ക്കറ്റ് വാല്യൂ കൊണ്ടും മമ്മൂട്ടിയും ഒട്ടും പിന്നിലല്ല. വളരെ ഉയര്‍ന്ന പ്രതിഫലം അദ്ദേഹവും വാങ്ങുന്നുണ്ട്. എന്നിരിക്കിലും അവര്‍ തമ്മിലും അന്തരമുണ്ട് എന്നതാണ് വസ്തുത.
നാളെ ഒരു കാലത്ത് കാര്യങ്ങള്‍ മാറി മറിഞ്ഞെന്നു വരാം. മോഹന്‍ലാല്‍ സിനിമകള്‍ തുടര്‍ച്ചയായി വീഴുകയും മമ്മൂട്ടി പടങ്ങള്‍ കളക്ഷനില്‍ മൂന്നേറുകയും ചെയ്താല്‍ സ്ഥിതി നേരെ മറിച്ചാവും. അതാണ് സിനിമ ലോകം. തെലുങ്കില്‍ ചെറിയ സിനിമകളില്‍ അഭിനയിച്ചു വന്ന നടനാണ് പ്രഭാസ്. ബാഹുബലി എന്ന സിനിമ ആഗോള വിപണിയില്‍ നിന്നും 1800 കോടിയോളം കളക്ട് ചെയ്തതോടെ അദ്ദേഹത്തിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു. പ്രതിഫലം 150 കോടിയോളം ഉയര്‍ന്നതായും പറയപ്പെടുന്നു. കഴിവിനേക്കാള്‍ താരമൂല്യത്തിനാണ് സിനിമയില്‍ പ്രസക്തി. അത് കണക്കിലെടുക്കുമ്പോള്‍ ഓരോ താരങ്ങള്‍ തമ്മിലും പ്രതിഫലത്തിലും അന്തരമുണ്ടാവും.
കിരീടം എന്ന സിനിമയില്‍ ഇഞ്ചോടിഞ്ച് മത്സരിച്ച് അഭിനയിച്ചവരാണ് തിലകനും മോഹന്‍ലാലും. സിനിമയില്‍ ലാലിനേക്കാള്‍ സീനിയറാണ് തിലകന്‍. അഭിനയ മികവിലും അദ്ദേഹം ഒട്ടും താഴെയല്ല. എന്നാല്‍ പ്രതിഫലം കണക്കാക്കുമ്പോള്‍ കടലും കടലാടിയും തമ്മിലുളള വ്യത്യാസം ഉണ്ടാവും. അതിനും കാരണം ഒന്നേയുളളു. സിനിമ ഷോള്‍ഡര്‍ ചെയ്യുന്നത് അതിലെ നായകനാണ്. അയാളുടെ താരമൂല്യം അനുസരിച്ചാണ് എല്ലാ ബിസിനസുകളും നടക്കുന്നത്. അതുകൊണ്ട് അയാള്‍ ആവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാവുന്നു.

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും

ഒരു കാലത്ത് ചെറിയ വേഷങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന സുരാജ് വെഞ്ഞാറമ്മൂട് പിന്നീട് നായകനാവുകയും അദ്ദേഹത്തിന് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ വിപണനമൂല്യം വര്‍ദ്ധിച്ചില്ല. പ്രതിഫലം കൂടിയതുമില്ല. എന്നാല്‍ ജനഗണമന, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ പടങ്ങള്‍ സൂപ്പര്‍ഹിറ്റാവുകയും കോടികള്‍ വരുമാനം കൊണ്ടു വരികയും ചെയ്തപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ പ്രതിഫലം വര്‍ദ്ധിച്ചു. ഇന്ന് ഒന്നരക്കോടിയോളം പ്രതിഫലം 
വാങ്ങുന്ന
 നടനാണ് സുരാജ്. നാളെ അദ്ദേഹത്തിന്റെ പടങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് മാര്‍ക്കറ്റ് നഷ്ടമായാല്‍ ഈ തുക കുത്തനെ താഴേക്ക് വന്നെന്നും വരാം.
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന പടത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് ലഭിച്ചത് തുച്ഛമായ പ്രതിഫലമാണ്. അതേ സിനിമയില്‍ നായകനായ സുകുമാരന് വന്‍തുകയാണ് കൊടുത്തത്. കാലാന്തരത്തില്‍ സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പടത്തില്‍ നായകനായ മമ്മൂട്ടി വലിയ തുക വാങ്ങിയപ്പോള്‍ ചെറിയ വേഷത്തില്‍ വന്ന സുകുമാരന് പ്രതിഫലവും ചെറുതായി.
മോസ്റ്റ് വാണ്ടഡ് ആര്‍ട്ടിസ്റ്റുകള്‍ വന്‍തുക വാങ്ങുമ്പോള്‍ അതിലും കഴിവും സീനിയോരിറ്റിയുമുളള ഒരു കാലത്ത് തിളങ്ങി നിന്നവര്‍ കൊടുക്കുന്ന തുക വാങ്ങേണ്ടി വരാം. എന്തെന്നാല്‍ അവര്‍ക്ക് പകരക്കാരുണ്ട്. അതേസമയം നിവിന്‍ പോളിക്ക് പകരം ഏതെങ്കിലുമൊരു പോളിയെ കാസ്റ്റ് ചെയ്താല്‍ പടം ബിസിനസാവില്ല. ഈ യാഥാര്‍ത്ഥ്യം സിനിമയെ സംബന്ധിച്ച് എക്കാലവും പ്രസക്തം.
മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും അഭിനയിക്കുന്ന സിനിമകള്‍ വന്‍തുക അഡ്വാന്‍സ് നല്‍കി വാങ്ങാന്‍ തീയറ്ററുകള്‍ മത്സരിക്കുമ്പോള്‍ ഇനീഷ്യല്‍ കളക്ഷനില്ലാത്ത താരങ്ങളുടെ പടം റിലീസ് ചെയ്യാന്‍ പോലും അവര്‍ വിമുഖത കാട്ടുന്നു.
കേരളാ തീയറ്റര്‍ ഷെയര്‍, ഔട്ട്സൈഡ് കേരള (ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍) ഓവര്‍സീസ് കളക്ഷന്‍ എന്നിവയിലെല്ലാം ഈ അന്തരം പ്രതിഫലിക്കും. ഈ തരത്തില്‍ വിപണനമുല്യമുളള ഒരു നടന്‍ മികച്ച നടനാവണമെന്നോ മഹാനായ അഭിനേതാവാകണമെന്നോ നിര്‍ബന്ധമില്ല. മഹാനടനായ കമലഹാസന്റെ സിനിമകള്‍ക്ക് ലഭിക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് ഒരു രജനീകാന്ത് സിനിമയുടെ കളക്ഷന്‍. പ്രതിഫലത്തിലും ഈ അന്തരം സംഭവിക്കും.
മലയാളത്തിലെ മികച്ച നടന്‍മാരായ പലരും നായകനായി ഒരു സിനിമ വന്നാല്‍ അത് ബിസിനസാവണമെന്നില്ല. അതേ സമയം അഭിനയശേഷിയില്‍ ഔട്ട് സ്റ്റാന്‍ഡിംഗ് എന്ന് വിശേഷിപ്പിക്കാനാവാത്ത കുഞ്ചാക്കോ ബോബന്റെ സിനിമകള്‍ക്ക് മികച്ച ഇനീഷ്യലും സിനിമ നല്ലതെങ്കില്‍ മികച്ച ഫര്‍ദര്‍ കളക്ഷനും ലഭിക്കുന്നു എന്ന് മാത്രമല്ല ടെലിവിഷന്‍-ഒ.ടി.ടി അവകാശങ്ങള്‍ ഉയര്‍ന്ന തുകയ്ക്ക് വിറ്റു പോവുകയും ചെയ്യുന്നു. സ്വാഭാവികമായും ഈ നടന് കോടികള്‍ പ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നു. ഇവരുടെ ഡേറ്റിനായി ആളുകള്‍ ക്യൂ നില്‍ക്കുന്നു.

എന്തുകൊണ്ട് ഹീറോയ്ക്ക് വലിയ തുക?

നായകന്‍മാര്‍ മാത്രം ഭീമമായ പ്രതിഫലം വാങ്ങൂന്നതിന്റെ അടിസ്ഥാന കാരണം ഇങ്ങനെ സംഗ്രഹിക്കാം: മാര്‍ക്കറ്റ് വാല്യൂ ഉളള ഒരു ഹീറോ അഭിനയിച്ച പടം ഹിറ്റായില്ലെങ്കില്‍ പോലും തീയറ്റര്‍ ഷെയറായി സാമാന്യം നല്ല തുക നിര്‍മ്മാതാവിന്റെ പോക്കറ്റില്‍ വരും. കാരണം പഴയതു പോലെ എ,ബി.സി തീയറ്ററുകള്‍ ഇന്നില്ല. പകരം വൈഡ് റിലീസ് സമ്പ്രദായമാണ്. സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും അഭിപ്രായങ്ങളും പുറത്ത് വരും മൂന്‍പ് തന്നെ 300 ഓളം തീയറ്ററുകളിലായി ജനം സിനിമ കണ്ടുകഴിയും. ഒരാഴ്ച പടം നന്നായി ഓടിയാല്‍ പോലും നിര്‍മ്മാതാവിന്റെ കീശയില്‍ കാശ് വീഴും. ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജും ഒരു ഘടകമാണ്. പടം 25 ദിവസം തികച്ചാല്‍ ലാഭത്തിലുമെത്തും.
വലിയ താര സാന്നിദ്ധ്യമില്ലാത്ത സാധാരണ സിനിമകള്‍ തീയറ്ററില്‍ വിജയിച്ചാല്‍ മാത്രമേ സാറ്റലൈറ്റ്-ഒ.ടി.ടി അവകാശം നല്ല തുകയ്ക്ക് വിറ്റു പോകൂ. സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ പരാജയപ്പെട്ടാലും മാന്യമായ തുക നല്‍കിയെടുക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകും. തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങൂന്ന ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ് ഏറ്റവും മുന്തിയ തുകയ്ക്ക് വിറ്റു പോകുന്നതെന്ന് പറയപ്പെടുന്നു. ഇതിന് കാരണമായി ചില ചാനലുകള്‍ പറയുന്നത് ഇതാണ്. പടം തീയറ്ററില്‍ ഏറ്റില്ലെങ്കിലൂം മോസ്റ്റ് പോപ്പുലറായ നായകന്റെ സിനിമ കാണാന്‍ കൂട്ടത്തോടെ പ്രേക്ഷകര്‍ ടിവിക്ക് മുന്നിലെത്തുന്നു. ഒ.ടി.ടിയിലും ഇതു തന്നെയാണ് സ്ഥിതി. റിപ്പീറ്റ് വാല്യുവും സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ക്കുണ്ട്. ഇത്തരം നായകന്‍മാരുടെ സിനിമകള്‍ അന്യസംസ്ഥാനങ്ങളിലും നല്ല തുകയ്ക്ക് വിറ്റു പോകുന്നു. കാരണം ഇവരില്‍ പലരും അന്യഭാഷകളിലും പ്രശസ്തരാണ്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ഉദാഹരണം. ഓവര്‍സീസ് റൈറ്റാണ് മറ്റൊരു വരുമാന മാര്‍ഗം. പഴയ കാലത്ത് വിദേശത്ത് അപൂര്‍വം തീയറ്ററുകളില്‍ മാത്രമാണ് മലയാള പടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇന്ന് വിദേശ മലയാളികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും മള്‍ട്ടിപ്ലക്സ് പോലുളള സംവിധാനങ്ങള്‍ വരികയും ചെയ്തതോടെ നിരവധി രാജ്യങ്ങളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ തുടങ്ങി. ഒ.ടി.ടിയിലുടെ ലോകമെമ്പാടുമുളള പ്രേക്ഷകര്‍ക്ക് പരിചിതരായ നടന്‍മാരുടെ സിനിമകള്‍ കാണാന്‍ മലയാളികള്‍ക്ക് പുറമെ വിദേശികളായ പ്രേക്ഷകരും എത്തുന്നതായി പറയപ്പെടുന്നു. പുലിമുരുകന്‍, ദൃശ്യം, ലൂസിഫര്‍ എന്നിവയിലുടെ മോഹന്‍ലാലിനും മിന്നല്‍ മുരളിയിലുടെ ടൊവിനോയ്ക്കും ഈ തരത്തില്‍ ആഗോള പ്രേക്ഷകര്‍ ഉണ്ടായിട്ടുണ്ട്.
ലൂസിഫര്‍ വേള്‍ഡ് വൈഡ് കളക്ഷനിലുടെ ഏകദേശം 200 കോടിയില്‍ പരം ഷെയര്‍ നേടിയതായി പറയുന്നു. മോഹന്‍ലാലിന്റെ കമിംഗ് പ്രൊജക്ടുകളായ എമ്പുരാനും ബറോസും ആഗോളവിപണിയില്‍ ഇംഗ്‌ളീഷ് പതിപ്പുകളായി എത്തുമെന്നും ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായ കളക്ഷനും പ്രതികരണങ്ങളും സൃഷ്ടിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

സ്വന്തം നിര്‍മാണ കമ്പനികളുമായി നായക നടന്മാര്‍

മലയാള സിനിമ കോടികള്‍ വിറ്റുവരവുളള തലത്തിലേക്ക് വഴിമാറുകയും സാറ്റലൈറ്റ്-ഒ.ടി.ടി ബിസിനസ് പുഷ്ടിപ്പെടുകയും ചെയ്തതോടെ മമ്മൂട്ടിയും മോഹന്‍ലാലും ഹഫദ് ഫാസിലും പൃഥ്വിരാജും ജോജു ജോര്‍ജും നിവിന്‍പോളിയും സൗബീനും ഉള്‍പ്പെടെ മിക്കവാറും എല്ലാ താരങ്ങളും സ്വന്തം നിര്‍മ്മാണക്കമ്പനികള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവിടെ ലാഭം രണ്ടാണ്. സിനിമയുടെ ലാഭം മുഴുവനായി തങ്ങളുടെ പെട്ടിയിലേക്ക് പോരും. മറ്റൊരു നിര്‍മ്മാതാവിനെ പോലെ നായകനടന് ഭീമമായ പ്രതിഫലം കൊടുക്കേണ്ടതുമില്ല. ചില താരങ്ങള്‍ ഒരു പടി കൂടി കടന്ന് എന്‍.ആര്‍.ഐ നിക്ഷേപകരുടെ പണം കൊണ്ട് തങ്ങളുടെ പേരില്‍ പടങ്ങള്‍ നിര്‍മ്മിക്കുകയും ലാഭവിഹിതം പങ്കിടുകയും ചെയ്യുന്നു. ഇത്തരം സിനിമകളില്‍ താരങ്ങള്‍ കേവലം വര്‍ക്കിംഗ്  പാര്‍ട്‌നര്‍മാര്‍ മാത്രമാണ്. സംവിധായകര്‍ക്കുമുണ്ട് നിര്‍മ്മാണ സംരംഭങ്ങള്‍. ആഷിക്ക് അബു, മാര്‍ട്ടിന്‍ പ്രക്കാട്ട്, രഞ്ജിത്ത് തുടങ്ങിയവരെല്ലാം സിനിമകള്‍ നിര്‍മ്മിക്കുന്നു.

നാളെ: സിനിമയില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് തുല്യവേതനം ലഭിക്കുന്നില്ല?
Tags:    

Similar News