ഫാസ്ടാഗ് റീചാര്‍ജിംഗിന്റെ മറവില്‍ ബാങ്ക് തട്ടിപ്പ്; ജാഗ്രത വേണം:എന്‍എഎഐഐ

Update: 2020-01-22 07:29 GMT

ഫാസ്ടാഗ് സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പണം കവര്‍ന്നെടുക്കുന്ന
തട്ടിപ്പുകാരുള്ളതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് പരാതി ലഭിച്ചു. ബെംഗളൂരു സ്വദേശിക്ക് ഇപ്രകാരം 50,000 രൂപ നഷ്ടപ്പെട്ടതു സംബന്ധിച്ച പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ആക്‌സിസ് ബാങ്കിന്റെ 'കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് ' എന്നു പരിചയപ്പെടുത്തിയ ആള്‍ ആണ് ബെംഗളൂരുവില്‍ തട്ടിപ്പു നടത്തിയത്.ഇതേത്തുടര്‍ന്ന് ഫാസ്ടാഗ് സംവിധാനത്തിന്റെ പേരു പറഞ്ഞ് പാസ്വേഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന  കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും വഴങ്ങരുതെന്ന് എന്‍എഎഐഐ ആവശ്യപ്പെട്ടു.

തന്റെ ഫാസ്ടാഗ്  വാലറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്‌സിസ് ബാങ്കില്‍ പരാതി നല്‍കിയ ആളാണ് ബെംഗളൂരുവില്‍ കബളിപ്പിക്കപ്പെട്ടത്. പരാതി നല്‍കി അധികം വൈകാതെ വ്യാജ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവില്‍ നിന്ന് കോള്‍ ലഭിച്ചു.' വാലറ്റ് പ്രവര്‍ത്തിപ്പിക്കാന്‍'  ഒരു ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചു നല്‍കണമെന്ന നിര്‍ദ്ദേശവും കിട്ടി.പൂരിപ്പിച്ച ഫോമിലൂടെ ഇരയില്‍ നിന്ന് യുപിഐ പിന്‍ നേടിയെടുക്കാന്‍ തട്ടിപ്പുകാരന് കഴിഞ്ഞു.

മുഴുവന്‍ പേര്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പിന്‍ പോലുള്ള വിശദാംശങ്ങള്‍ ഞാന്‍ നല്‍കി. പിന്‍ ടൈപ്പു ചെയ്ത് സമര്‍പ്പിച്ചു. തുടര്‍ന്ന്, ഹെല്‍പ്പ്‌ഡെസ്‌ക് എന്റെ ഫോണിലേക്ക് അയച്ച ഒടിപി സൃഷ്ടിച്ചുവെന്ന് പറഞ്ഞു. മറ്റൊരു നമ്പറിലേക്ക് ഒടിപി അയയ്ക്കാനും വിളിച്ചയാള്‍ എന്നോട് പറഞ്ഞു, ഞാന്‍ അതനുസരിച്ചു.തൊട്ടുപിന്നാലെ 50,000 രൂപ അക്കൗണ്ടില്‍ നിന്ന് ചോരുകയും ചെയ്തു - ഇരയുടെ വിശദീകരണം ഇങ്ങനെ.

മൈഫാസ്ടാഗ് അപ്ലിക്കേഷന്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ അടുത്തുള്ള ബാങ്ക് സന്ദര്‍ശിച്ചോ മാത്രമേ ഫാസ്ടാഗ് സജീവമാക്കാനാകൂ. ഒരു ഫോണ്‍ കോളിലൂടെ ഫാസ്ടാഗ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. പാസ്വേഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വിശദാംശങ്ങള്‍ തട്ടിപ്പുകാര്‍ക്കു നല്‍കി വഞ്ചിതരാകരുത്-എന്‍എഎഐഐ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News