ഐ ഫോണ്‍ പ്ലാന്റില്‍ അഗ്‌നിബാധ; വലിയ നാശനഷ്ടം, അന്വേഷണം തുടങ്ങി ടാറ്റ ഇലക്ട്രോണിക്‌സ്
തീപിടര്‍ന്നത് പെയിന്റ് ഗോഡൗണില്‍ നിന്നെന്ന് നിഗമനം
സെല്‍ ഫോണ്‍ വിപണിയില്‍ വന്‍കുതിപ്പിനൊരുങ്ങുന്നതിനിടെ ടാറ്റ ഇലക്ട്രോണിക്‌സിന്റെ തമിഴ്നാട് ഹോസുരിലെ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണ പ്ലാന്റില്‍ അഗ്നി ബാധ. ഇന്ത്യയില്‍ ഐ ഫോണ്‍ അസംബ്ലിംഗ് രംഗത്ത് ഏറെ മുന്നേറ്റം നടത്തുന്ന ടാറ്റയുടെ ഫാക്ടറിയിലാണ് ഇന്ന് രാവിലെ അഗ്നിബാധയുണ്ടായത്. ആളപായമില്ല. അപകട സമയത്ത് പ്ലാന്റിൽ ഉണ്ടായിരുന്ന 1.500 ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പ്ലാന്റില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് കണക്കാക്കുന്നത്. അഗ്നിബാധയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയില്‍ ഐ ഫോണ്‍ 16 മോഡലുകള്‍ വിപണിയില്‍ ഇറങ്ങിയതോടെ വിപണി ആധിപത്യത്തിനായി മുന്നിലുള്ള കമ്പനിയാണ് ടാറ്റ ഇലക്ട്രോണിക്‌സ്. ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ സമയം കൊണ്ട് ഐ ഫോണ്‍ 16 നല്‍കുമെന്ന വാഗ്ദാനവുമായാണ് കമ്പനി രംഗത്തെത്തിയിരുന്നത്. ഇതിനിടെയാണ് അഗ്നിബാധ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍കാലിക തിരിച്ചടിയായത്.
തീപടര്‍ന്നത് പെയിന്റ് ഗോഡൗണില്‍ നിന്ന്
ഹോസുര്‍ നാഗമംഗലം ഉദനപ്പള്ളിയിലുള്ള ടാറ്റയുടെ പ്ലാന്റില്‍ ശനിയാഴ്ച രാവിലെ 6 മണിക്ക് മുമ്പായാണ് തീപടര്‍ന്നത്. മൊബൈല്‍ ഫോണ്‍ അസംബ്ലിംഗ് യൂണിറ്റിലെ ആദ്യ ഷിഫ്റ്റിലെ 1,500 ജീവനക്കാര്‍ പ്ലാന്റിനകത്തുണ്ടായിരുന്നു. പുകയും തീയും ഉയരുന്നത് കണ്ടതോടെ ജീവനക്കാരെ പുറത്തേക്ക് മാറ്റി. ഇതിനിടെ പരിസരവാസികളും ഓടിയെത്തി. കമ്പനിയിലെ അഗ്നിശമന സംവിധാനങ്ങള്‍ക്കൊപ്പം ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. 100 ലേറെ പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ഗോഡൗണില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച് കമ്പനിയും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ക്കുള്ള ഗുണനിലവാരം കൂടിയ പെയിന്റിന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മറ്റു സാധ്യതകളും അന്വേഷിക്കുന്നുണ്ട്.
നിക്ഷേപരുടെ താല്‍പര്യം സംരക്ഷിക്കും
ഹോസുര്‍ പ്ലാന്റിലെ നിര്‍ഭാഗ്യകരമായ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ടാറ്റ ഇലക്ട്രോണിക്‌സ് വക്താവ് അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോകോളും കമ്പനി പാലിച്ചിട്ടുണ്ട്. ജിവനക്കാര്‍ സുരക്ഷിതരാണ്. അഗ്നിബാധയുടെ കാരണം അന്വേഷണത്തിലൂടെ കണ്ടെത്തും. കമ്പനിയുടെ ഓഹരി ഉടമകളുടെയും ജീവനക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും വക്താവ് അറിയിച്ചു.