പേടിഎമ്മിന് പകരക്കാരന്‍; ബിസിസിഐ ടൈറ്റില്‍ സ്‌പോണ്‍സറായി മാസ്റ്റര്‍കാര്‍ഡ്
പേടിഎം നല്‍കിയിരുന്ന തുക തന്നെയാവും മാസ്റ്റര്‍കാര്‍ഡില്‍ നിന്നും ലഭിക്കുക
ബിസിസിഐയുമായി (Board of Control for Cricket in India) സഹകരണം പ്രഖ്യാപിച്ച് മാസ്റ്റര്‍കാര്‍ഡ് (Mastercard). ബിസിസിഐയ്ക്ക് കീഴിലുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും ടൈറ്റില്‍ സ്‌പോണ്‍സറായി മാസ്റ്റര്‍കാര്‍ഡിനെ തിരഞ്ഞെടുത്തു. അന്താരാഷ്ട്ര തലം മുതല്‍ ജൂനിയര്‍ ടീമിന്റെ മത്സരങ്ങളില്‍വരെ മാസ്റ്റര്‍കാര്‍ഡ് ആയിരിക്കും ടൈറ്റില്‍ സ്‌പോണ്‍സര്‍.
2022-23 കാലയളവിലേക്കാണ് സ്‌പോണ്‍സര്‍ഷിപ്പ്. പേടിഎം (Paytm) പിന്മാറിയ സാഹചര്യത്തിലാണ് പുതിയ ടൈറ്റില്‍ സ്‌പോണ്‍സറായി മാസ്റ്റര്‍കാര്‍ഡ് എത്തുന്നത്. പേടിഎം നല്‍കിയിരുന്ന തുക തന്നെയാവും മാസ്റ്റര്‍കാര്‍ഡില്‍ നിന്നും ലഭിക്കുകയെന്ന് ബിസിസിഐ (BCCI) വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ ഇന്ത്യന്‍ ടീം നായകന്‍ എംഎസ് ധോണിയാണ് (MS Dhoni) മാസ്റ്റര്‍കാര്‍ഡിന്റെ ബ്രാന്‍ഡ് ആംബാസഡര്‍.
ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം ബൈജ്യൂസ് (Byjus) ആണ് ബിസിസിഐയുടെ (BCCI) ടീം സ്‌പോണ്‍സര്‍. കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോം എംപിഎല്‍ ആണ്. ഓഫീഷ്യല്‍ പാര്‍ട്ട്‌ണേഴ്‌സ് ആയി ഡ്രീം11, ഹ്യൂണ്ടായി, അംബുജാ സിമന്റ് എന്നീ ബ്രാന്‍ഡുകളും ഉണ്ട്. UEFA ചാമ്പ്യന്‍സ് ലീഗ്, ഗ്രാമീസ്, കാന്‍സ് ഫിലിം ഫെസ്റ്റിവെല്‍, ഓസ്‌ട്രേലിയന്‍-ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റുകള്‍ ഉള്‍പ്പടെയുള്ളവയിലും സ്‌പോണ്‍സറായി മാസ്റ്റര്‍കാര്‍ഡിന്റെ സാന്നിധ്യമുണ്ട്.