വയസ് വെറും പതിനഞ്ച്, ആപ്പില്‍ പേറ്റന്റുമായി ഉദയ്ശങ്കര്‍; എ.ഐ കോണ്‍ക്ലേവിലെ താരം ഈ തമ്മനംകാരന്‍

വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭാഷിണി എന്ന ആപിനാണ് ഉദയിന് ഇന്ത്യാ പേറ്റന്റ് ലഭിച്ചത്

Update:2024-07-11 17:06 IST
കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എ.ഐ കോണ്‍ക്ലേവിലെ താരം ഒരു പതിനഞ്ചുകാരനാണ്. മുതിര്‍ന്നവര്‍ പോലും എ.ഐയില്‍ പിച്ചവെച്ച് തുടങ്ങുന്ന കാലത്ത് നിര്‍മിത ബുദ്ധിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ഉദയ്ശങ്കര്‍ എന്ന കൗമാരക്കാരന്‍. എറണാകുളം തമ്മനം സ്വദേശിയായ ഉദയ്ശങ്കര്‍ തയാറാക്കിയ ഭാഷിണി എന്ന ആപ്പിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്.
വഴിതിരിച്ചത് മുത്തശിക്ക് ചെയ്ത ഫോണ്‍കോള്‍
മുത്തശിക്ക് ചെയ്ത ഒരു ഫോണ്‍കോളാണ് ഉദയ്ശങ്കറിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഉദയ് ഫോണ്‍ ചെയ്തപ്പോള്‍ എന്തോ തിരക്കിലായിരുന്നു മുത്തശി. പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ നിര്‍മ്മിതബുദ്ധി കൊണ്ട് മുത്തശിയെ സൃഷ്ടിച്ച് സംസാരിക്കാന്‍ ഉദയ്ശങ്കര്‍ തീരുമാനിച്ചു. ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ് സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പ് ഈ കുട്ടി തുടങ്ങുന്നത് ഇങ്ങനെയാണ്.
വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭാഷിണി എന്ന ആപിനാണ് ഉദയിന് ഇന്ത്യാ പേറ്റന്റ് ലഭിച്ചത്. കുട്ടിയായിരിക്കുമ്പോഴേ ഉദയ് ശങ്കറിന് ടെക്നോളജിയിലാണ് താത്പര്യം. അതിനാല്‍ തന്നെ എട്ടാം ക്ലാസില്‍ പരമ്പരാഗത സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കെത്തി.
വീട്ടിലെ ഓഫീസിലിരുന്ന് ഈ കുട്ടി സൃഷ്ടിക്കുന്നത് അത്ഭുതങ്ങളാണ്. മള്‍ട്ടിടോക്ക് അവതാര്‍ എഐ സ്യൂട്ട് ഉപയോഗിച്ചുള്ള ക്ലിന്‍അല്‍ക്ക കൊണ്ട് ഏതു ഭാഷക്കാര്‍ക്കും മറ്റ് ഭാഷക്കാരുമായി സംസാരിക്കാം. വിമാനത്താവളങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങളിലാണ് ഇത് ഏറ്റവും ഗുണകരമാകുന്നതെന്ന് ഉദയ് പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ മുന്‍കുട്ടി അറിയാം
പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് കണ്ടെത്താനും അതിന് പരിഹാരം ഉടനെ തന്നെ താഴെത്തട്ടിലേക്കെത്തിക്കാനും ഇതിലൂടെ കഴിയും. ഇതിനു പുറമെ അന്ധര്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നതിന് പറ്റുന്ന ആപ്പും ഉദയ് നിര്‍മ്മിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് ഈ ആപ്പിന്റെ സേവനം.
ഡോ. രവികുമാറിന്റെയും ശ്രീകുമാരി വിദ്യാധരന്റെയും മകനാണ് ഉദയ് ശങ്കര്‍. വീട്ടില്‍ പണിക്കെത്തുന്ന ബംഗാളികളുമായി സംസാരിക്കാന്‍ അച്ഛനും ഉദയ് ഒരു ആപ് ഉണ്ടാക്കി നല്‍കിയിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഉദയിന്റെ സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരമ്പരാഗത വിദ്യാഭ്യാസരീതികളില്‍ നിന്ന് മകന്‍ മാറിചിന്തിച്ചപ്പോള്‍ പൂര്‍ണപിന്തുണ നല്‍കിയതാണ് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് ഡോ. രവികുമാര്‍ പറഞ്ഞു. കൂടുതല്‍ പേറ്റന്റിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 4500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന കോണ്‍ക്ലേവ് വെള്ളിയാഴ്ച സമാപിക്കും.
Tags:    

Similar News