ഫ്രാന്‍സില്‍ നിന്നും 90,000 കോടിയ്ക്ക് ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

ഐ.എന്‍.എസ് വിക്രാന്ത്, വിക്രമാദിത്യ എന്നീ വിമാനവാഹിനികളിലേയ്ക്കാണ് പുതിയ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്

Update:2023-07-11 09:47 IST

ഫ്രാന്‍സില്‍ നിന്ന് 26 റഫാല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും നാവിക സേനയ്ക്കുവേണ്ടി വാങ്ങാനൊരുങ്ങി ഇന്ത്യ. ജൂലൈ 13, 14 തീയതികളിലായി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒറ്റ സീറ്റുള്ള 22 റഫാല്‍ മറീന്‍ എയര്‍ക്രാഫ്റ്റുകളും നാല് പരിശീലന വിമാനങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലടക്കം നാവിക സേന നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് അടിയന്തരമായി യുദ്ധവിമാനങ്ങള്‍ വാങ്ങണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവച്ചിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

90,000 കോടി രൂപ ചെലവ്

ഐ.എന്‍.എസ് വിക്രാന്ത്, വിക്രമാദിത്യ എന്നീ വിമാനവാഹിനികളിലേയ്ക്കാണ് പുതിയ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. 90,000 കോടി രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ വ്യവസ്ഥകള്‍ക്ക് അന്തിമരൂപമാകുന്നതോടെ മാത്രമെ ചെലവിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തില്‍ കരാര്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയശേഷം വിഷയം ദിവസങ്ങള്‍ക്കകം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് മുന്നില്‍വെക്കും.

Tags:    

Similar News