ലിറ്ററിന് 10 രൂപ അധികം നല്‍കാന്‍ മില്‍മ; 50 ദിവസം കര്‍ഷകര്‍ക്കായി 12 കോടി രൂപ
പത്തു രൂപയുടെ വര്‍ധന പ്രഖ്യാപിച്ചെങ്കിലും അതില്‍ പകുതി മാത്രമാകും കര്‍ഷകര്‍ക്കായി നല്‍കുക
കര്‍ഷകര്‍ക്കായി പുതിയ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് മില്‍മ എറണാകുളം മേഖല യൂണിയന്‍. അളക്കുന്ന ഓരോ ലിറ്റര്‍ പാലിനും 10 രൂപ അധികം നല്‍കാനാണ് തീരുമാനം. ഈ മാസം 11 മുതല്‍ സെപ്റ്റംബര്‍ 30 വരെ പദ്ധതി നിലവിലുണ്ടാകും. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പതിനായിരത്തിലധികം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
കര്‍ഷകര്‍ക്ക് ലഭിക്കുക 5 രൂപ
പത്തു രൂപയുടെ വര്‍ധന പ്രഖ്യാപിച്ചെങ്കിലും അതില്‍ പകുതി മാത്രമാകും കര്‍ഷകര്‍ക്കായി നല്‍കുക. അഞ്ച് രൂപ കര്‍ഷകര്‍ക്കും നാലു രൂപ ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ചെലവുകള്‍ക്കുമായിട്ടാണ് കൈമാറുക. ഒരു രൂപ മേഖല യൂണിയന്റെ ഓഹരിയായി അംഗസംഘങ്ങള്‍ക്കു വകയിരുത്തും. 50 ദിവസം കൊണ്ട് 12 കോടി രൂപയാകും മധ്യമേഖല യൂണിയന്‍ വിതരണം ചെയ്യുക.
വെറും 50 ദിവസത്തേക്ക് മാത്രമായി പദ്ധതി നിജപ്പെടുത്തുന്നത് ദീര്‍ഘകാലടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാലിത്തീറ്റ അടക്കം അനുബന്ധ ചെലവുകള്‍ ഒരു വര്‍ഷത്തിനിടെ വലിയതോതില്‍ വര്‍ധിച്ചു. കാലിവളര്‍ത്തല്‍ നഷ്ടക്കച്ചവടമായി മാറുമ്പോള്‍ കൂടുതല്‍ ആനുകൂല്യം വേണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.