വ്യവസായത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ റിവേഴ്‌സ് മൈഗ്രേഷന്‍; തൊഴില്‍ സമരങ്ങളില്‍ കേരളം പിന്നിലെന്നും മന്ത്രി പി. രാജീവ്

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്കു മുന്നോടിയായി ഡല്‍ഹിയില്‍ റോഡ് ഷോ

Update:2024-12-06 17:23 IST

Image : Canva and P Rajeev FB

ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ മുന്നോടിയായി നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ തൊഴില്‍ നൈപുണ്യവും വ്യവസായ സൗഹൃദ അന്തരീക്ഷവും പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരോട് മന്ത്രി ആവശ്യപ്പെട്ടു. കേരളത്തെ വ്യവസായ സൗഹൃദമാക്കാനായി കൈക്കൊണ്ട നിയമഭേദഗതികളെയും നയരൂപീകരണത്തെയും കുറിച്ച് മന്ത്രി വിശദീകരിച്ചു.

കേരളത്തില്‍ റിവേഴ്‌സ് മൈഗ്രേഷന്‍

നൈപുണ്യശേഷിയുള്ള തൊഴിലാളികള്‍, വൈജ്ഞാനിക സമൂഹം എന്നിവ കേരളത്തിന്റെ കരുത്താണെന്നും വൈജ്ഞാനിക മൂലധനമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഐടി, ഇതര നൂതന സാങ്കേതിക വിദ്യാ മേഖലയില്‍ കേരളമാണ് രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഈ മേഖലകളില്‍ നിരവധി വിദേശ കമ്പനികള്‍ കേരളത്തില്‍ ഓഫീസുകള്‍ തുറക്കുകയും നിക്ഷേപത്തിന് തയ്യാറാകുകയും ചെയ്യുന്നു. ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകോത്തര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. പ്രതിരോധ-ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക നിര്‍മ്മാണ കമ്പനികള്‍ക്കും കേരളത്തില്‍ വലിയ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. കേരളത്തിലേക്ക് തിരിച്ചെത്തി നിക്ഷേപ സംരംഭങ്ങള്‍ തുടങ്ങുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുള്ളത്. ഒരു 'റിവേഴ്സ് മൈഗ്രേഷന്‍' കേരളത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

കേരളം വ്യവസായ സൗഹൃദമല്ലെന്ന് കാഴ്ചപ്പാട് മാറി

കേരളത്തില്‍ വ്യവസായത്തിനുള്ള ലൈസന്‍സ് ഒരു മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനമായ കെ-സ്വിഫ്റ്റ് വഴി ലഭ്യമാകും. വ്യവസായം തുടങ്ങാനുള്ള വിവിധ അനുമതികള്‍ക്കായി ഓണ്‍ലൈനില്‍ ലഭിക്കുന്ന രേഖ ഹാജരാക്കാവുന്നതാണ്. ഇത്തരം പരിഷ്‌കരണങ്ങള്‍ കൊണ്ടാണ് വ്യവസായ സൗഹൃദ നടപടികളില്‍ കേരളത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. വ്യവസായ സംരംഭകരില്‍ നിന്നുള്ള മികച്ച അഭിപ്രായമാണ് കേരളത്തെ റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. ഇത് ആഗോള നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കേരളം വ്യവസായസൗഹൃദമല്ലെന്ന കാഴ്ചപ്പാട് മാറി. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടത്തെ കണക്കില്‍ തൊഴിലാളി സമരങ്ങളുടെയും പണിമുടക്കിന്റെയും എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പിറകിലാണ് കേരളം.
രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വലുപ്പമുള്ള കേരളം ജിഡിപിയിലേക്ക് 4 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. കേരളത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള വ്യവസായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിക്ഷേപം ആകര്‍ഷിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2023 ലെ സംസ്ഥാന വ്യവസായ നയത്തില്‍ 22 മുന്‍ഗണനാ മേഖലകള്‍ സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ രാജ്യത്ത് ഒന്നാമതാണ് കേരളം. ഈ സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിന് നിക്ഷേപക സമൂഹത്തിന്റെയും വ്യവസായ പ്രമുഖരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു മുന്നോടിയായി സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പരിചയപ്പെടുത്താനും വിവിധ മേഖലകളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി 41 പരിപാടികളാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്. ഇതില്‍ റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍, ഇന്‍വെസ്റ്റേഴ്സ് കോണ്‍ക്ലേവുകള്‍, സെക്ടറല്‍ യോഗങ്ങള്‍, റോഡ് ഷോകള്‍ എന്നിവ ഉള്‍പ്പെടുന്നു. ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച ശേഷമാണ് ഡല്‍ഹിയില്‍ റോഡ് ഷോ നടത്തിയത്. ഇന്ത്യക്കു പുറത്തും റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി.ബാലഗോപാല്‍, എം.ഡി എസ്.ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍.ആര്‍, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഫിക്കി റീജണല്‍ ആന്‍ഡ് സ്റ്റേറ്റ് കൗണ്‍സില്‍സ് ഡയറക്ടര്‍ തരുണ്‍ ജെയിന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Tags:    

Similar News