ഓരോ 20 കിലോമീറ്ററിലും ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍; വിപ്ലവ നീക്കവുമായി കേന്ദ്രം

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സാര്‍വത്രികമാകുന്നതോടെ ഇ.വിയിലേക്കുള്ള കുത്തൊഴുക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്

Update:2024-09-21 10:30 IST

Image Courtsey: x.com/PMOIndia, canva

വൈദ്യുത വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനായി സബ്‌സിഡി നല്‍കി മുന്നോട്ടു പോകുന്ന കേന്ദ്രത്തിന്റെ അടുത്ത ഊന്നല്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍. 2030ഓടെ രാജ്യത്തെ പ്രധാന റോഡുകളില്‍ 20 കിലോമീറ്റര്‍ ഇടവിട്ട് ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തുറക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പ്രശ്‌നം ആവശ്യത്തിന് ചാര്‍ജിംഗ് പോയിന്റുകള്‍ ഇല്ലെന്നതായിരുന്നു. ഈ പ്രതിസന്ധി മറികടന്നാല്‍ മാത്രമേ ഇ.വിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കൂവെന്ന തിരിച്ചറിവിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയില്‍ ഇ.വി സ്റ്റേഷനുകള്‍ സ്ഥാപിക്കാനായി റോഡുകളുടെ പ്രധാന്യമനുസരിച്ച് മേഖലകളെ തിരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമിയിലും ഇ.വി സ്റ്റേഷനുകള്‍

ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള സ്ഥലങ്ങള്‍ പാട്ടത്തിന് നല്‍കും. സംരംഭകരുമായി വരുമാനം പങ്കിടുന്ന രീതിയിലാകും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുക. ലേലം നടത്തി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്ഥലം വിട്ടുനല്‍കാം. ഒരു യൂണിറ്റ് വൈദ്യുതിക്ക് ഒരു രൂപ തറവില അടിസ്ഥാനമാക്കിയാകും ലേലം.
സ്വകാര്യ ഏജന്‍സികളുമായി വരുമാനം പങ്കിടുന്നതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖ പ്രോത്സാഹിപ്പിക്കുന്നു.

മാളുകളിലും ആശുപത്രികളിലും

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങാനെത്തുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള തടസങ്ങളും ഉണ്ടാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. മെട്രോ നഗരങ്ങളില്‍ 3 ദിവസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കണം. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഏഴു ദിവസവും ഗ്രാമീണ മേഖലയില്‍ ഇത് 15 ദിവസവുമാണ്. ഓഫീസ് സമുച്ചയങ്ങള്‍, തീയറ്റര്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങാം. ഇതിനായി സര്‍ക്കാര്‍ പിന്തുണ നല്‍കും.
2030ഓടെ ദേശീയ പാതകളില്‍ വലിയ വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് പോയിന്റുകള്‍ ഓരോ 100 കിലോമീറ്ററിലും സ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സാര്‍വത്രികമാകുന്നതോടെ ഇ.വിയിലേക്കുള്ള കുത്തൊഴുക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. രാജ്യത്ത് 25,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി കഴിഞ്ഞ ദിവസം മാരുതി സുസൂക്കി പ്രഖ്യാപിച്ചിരുന്നു.
Tags:    

Similar News