കൂടുതല്‍ ജനറല്‍ കോച്ചുകള്‍ തരാമെന്ന് മന്ത്രി, കേരളത്തിന്റെ റെയില്‍വേ സ്വപ്‌നങ്ങള്‍ ഇനിയും വൈകും

കേരളം സഹകരിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രി

Update:2024-07-25 14:14 IST

image credit : canva

കേരളത്തിലെ റെയില്‍വേ വികസനത്തിന് എന്തെങ്കിലും പദ്ധതിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം ബജറ്റ് പ്രഖ്യാപനം വന്നപ്പോള്‍ ഞെട്ടി. കേരളമെന്ന പേര് പോലുമില്ലാതെ ബജറ്റ് പ്രഖ്യാപനം അവസാനിച്ചപ്പോള്‍ ബാക്കിയായത് സംസ്ഥാനത്തിന്റെ റെയില്‍വേ വികസന സ്വപ്‌നങ്ങളാണ്. സംസ്ഥാനത്തെ ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാന്‍ അധിക ജനറല്‍ കോച്ചുകള്‍ അനുവദിക്കാമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചത് മാത്രമാണ് ആശ്വാസം.
കൂടുതല്‍ ജനറല്‍ കോച്ചുകള്‍
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ അധിക ജനറല്‍ കോച്ചുകള്‍ വരുന്നത് യാത്രാദുരിതം ഒരു പരിധി വരെ കുറയ്ക്കും. എന്നാല്‍ പല ട്രെയിനുകളും വൈകിയോടുന്നത് മൂലമുള്ള ദുരിതം കുറയ്ക്കാന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും ശ്രമങ്ങളൊന്നുമില്ല. ഒരു ട്രെയിന് വേണ്ടി മറ്റൊന്ന് വൈകില്ലെന്നാണ് റെയില്‍വേ മന്ത്രിയുടെ വിശദീകരണം. കേരളത്തില്‍ വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു. പാലക്കാട് ഡിവിഷനെ വിഭജിക്കുമെന്ന തരത്തിലെ വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വപ്‌നപദ്ധതികള്‍ക്ക് അനുമതിയില്ല
കേരളത്തിന്റെ ആവശ്യങ്ങളായി മുന്നില്‍ വച്ച പദ്ധതികളൊന്നും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. 24,000 കോടിയുടെ പാക്കേജിനൊപ്പം സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികളായ സില്‍വര്‍ ലൈന്‍, ശബരി റെയില്‍പാത, നേമം ടെര്‍മിനല്‍, ഷൊര്‍ണൂര്‍-എറണാകുളം മൂന്നാം പാത, വിഴിഞ്ഞം തുറമുഖത്തെ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളും കേന്ദ്രത്തിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഇവയിലൊന്നും കാര്യമായ പ്രഖ്യാപനങ്ങളില്ലാത്തത് പദ്ധതികള്‍ ഇനിയും വൈകിപ്പിക്കാന്‍ ഇടയാക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കേരളം സഹകരിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രി
റെയില്‍വേ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളോട് കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് മന്ത്രി അശ്വനി വൈഷ്ണവ് ആരോപിച്ചു. അങ്കമാലി-ശബരിമല പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമില്ലാതെ പൂര്‍ത്തിയാക്കാന്‍ പറ്റില്ല. പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ പഴയ അലൈന്‍മെന്റിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്ക് പാത പണിയണമെന്നാണ് ജനങ്ങളുടെ ആവശ്യം. പുതിയ അലൈന്‍മെന്റ് ശബരിമലയില്‍ നിന്നും നാല് കിലോമീറ്റര്‍ അടുത്തായാണ് അവസാനിക്കുന്നത്. ഇക്കാര്യത്തില്‍ എം.പിമാരും സംസ്ഥാന സര്‍ക്കാരും തീരുമാനത്തിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

Similar News