മാധബി ബുച്ച് ശ്വാസം മുട്ടിക്കുന്നു; ധനമന്ത്രാലയത്തിന് സെബി ഓഫീസര്‍മാരുടെ കൂട്ട പരാതി

യോഗങ്ങളില്‍ ഭീഷണി, കടുത്ത നിരീക്ഷണം; പരാതിയില്‍ ഒപ്പിട്ടത് 500ഓളം പേര്‍

Update:2024-09-04 12:46 IST

Image credit : x

ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയില്‍ ശ്വാസം മുട്ടിക്കുന്ന ജോലി സാഹചര്യമെന്ന് ഒരു വിഭാഗം ജീവനക്കാര്‍. സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന്റെ നേതൃത്വത്തിനു കീഴില്‍ വല്ലാത്ത വിമ്മിഷ്ടമാണ് സ്ഥാപനത്തില്‍ അനുഭവപ്പെടുന്നതെന്ന് കാണിച്ച് ധനമന്ത്രാലയത്തിന് ജീവനക്കാരുടെ കത്ത്. ജീവനക്കാരുടെ യോഗങ്ങളില്‍ ഉച്ചത്തില്‍ വഴക്കു പറയലും പരസ്യമായി അപഹസിക്കുന്നതും പതിവായെന്ന് കത്തില്‍ പരാതിപ്പെട്ടു.
മാധബി പുരി ബുച്ച് നിരവധി ആരോപണങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴാണ് ജീവനക്കാരില്‍ നിന്നുള്ള പരാതി കൂടി ഉയരുന്നത്. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ പക്ഷപാതം, ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് വഴിവിട്ട് ആനുകൂല്യം സ്വീകരിച്ചു എന്നീ വിഷയങ്ങള്‍ക്കൊപ്പം സീ ഗ്രൂപ്പ് സ്ഥാപകന്‍ സുഭാഷ് ചന്ദ്ര കഴിഞ്ഞ ദിവസം മാധബിക്കെതിരെ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു. വല്ലാത്തൊരു തൊഴില്‍ സംസ്‌കാരമാണ് മാധബി വന്ന ശേഷം സെബിയില്‍ നി്‌ലനില്‍ക്കുന്നതെന്നാണ് ജീവനക്കാ
രുടെ 
പരാതിയുടെ കാമ്പ്. ജീവനക്കാര്‍ ഉന്നയിച്ച പരാതികള്‍ ഇതിനകം പരിഹരിച്ചതാണ് എന്നാണ് സെബിയില്‍ നിന്ന് വരുന്ന വിശദീകരണം.

യോഗങ്ങളില്‍ ഷൗട്ടിംഗ്, പരസ്യമായ അപമാനിക്കല്‍

കടുത്ത ഭാഷ ഉപയോഗിക്കുന്നു. പരസ്യമായി അപമാനിക്കുന്നു, ജീവനക്കാരുടെ ചലനങ്ങള്‍ ഓരോ മിനിട്ടിലും നിരീക്ഷിക്കുന്നു, മാനസികാരോഗ്യം തകര്‍ക്കുന്നു, ജീവനക്കാരില്‍ പരസ്പര അവിശ്വാസം വളര്‍ത്തുന്നു തുടങ്ങിയ വിവിധ കാര്യങ്ങളാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടു മൂന്നു വര്‍ഷമായി സ്ഥാപനത്തിനുള്ളില്‍ ഭയപ്പാടിന്റെ അന്തരീക്ഷം വളര്‍ന്നു നില്‍ക്കുന്നു. മാനേജ്‌മെന്റിന് നല്‍കിയ പരാതിയില്‍ ഒരു പ്രതികരണവും ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് ധനമന്ത്രാലയത്തിന് എഴുതിയതെന്നും ജീവനക്കാര്‍ വിശദീകരിച്ചു.
അസിസ്റ്റന്റ് മാനേജര്‍ മുതല്‍ മേലോട്ട് എ-ഗ്രേഡ് തസ്തികയില്‍ 1,000ഓളം ഓഫീസര്‍മാരാണ് സെബിയില്‍ ഉള്ളത്. ഇതില്‍ പകുതിയോളം പേരാണ് ഒപ്പുവെച്ച പരാതിക്കത്ത് അയച്ചത്. ഓഗസ്റ്റ് ആറിന് അയച്ച കത്തില്‍ ധനമന്ത്രാലയത്തിന് മൗനം. ജീവനക്കാരോട് മോശമായി പെരുമാറുന്നുവെന്ന് ചെയര്‍പേഴ്‌സണെതിരെ കൂട്ടപ്പരാതി പോകുന്നത് സെബിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. മികച്ച തൊഴില്‍ സാഹചര്യം നിലനിന്ന സ്ഥാപനമാണ് സെബിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
Tags:    

Similar News