എം. പിമാരുടെ ശമ്പളം 30 % വെട്ടിക്കുറയ്ക്കും

Update: 2020-04-06 14:34 GMT

കൊറോണ വൈറസ് ബാധ മൂലം രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ഉള്‍പ്പെടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഈ ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് വെട്ടിക്കുറയ്ക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ കൊറോണ വൈറസ് പ്രതിസന്ധി ആരംഭിച്ചതു മുതലുള്ള എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുവഴി 7900 കോടി സമാഹരിക്കാനും ലക്ഷ്യമിടുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരുടെ ശമ്പളം വെട്ടിക്കുറച്ച് സ്വരൂപിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനായി ഓര്‍ഡിനന്‍സ് പാസ്സാക്കാനാണു കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.

അതേസമയം, 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു എന്നിവരും എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും സ്വമേധയാ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ എപ്പോള്‍ നീക്കംചെയ്യുമെന്ന ചോദ്യത്തിന് 'ഞങ്ങള്‍ ഓരോ നിമിഷവും ലോകസാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കും. ഇക്കാര്യത്തില്‍ ശരിയായ തീരുമാനം കൃത്യ സമയത്ത് പ്രഖ്യാപിക്കും. അതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നു' എന്നായിരുന്നു ജാവദേക്കറുടെ മറുപടി.

ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി എടുത്തുകളയുന്നതിനെ കുറിച്ച് സര്‍ക്കാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധി, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്ഡി ദേവഗൗഡ തുടങ്ങിയവരുമായി ഇതേപ്പറ്റി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News