അംബാനിയുടെ ദുബായ്; ഇത്തവണ വാങ്ങിയത് 1349 കോടിയുടെ വില്ല

ആനന്ദ് അംബാനിക്കായി വാങ്ങിയ 80 മില്യണ്‍ ഡോളറിന്റെ വില്ലയ്ക്ക് അടുത്ത് തന്നെയാണ് പുതിയ വീടും

Update: 2022-10-20 04:31 GMT

ദുബായിയിലെ (Dubai) ഏറ്റവും മൂല്യമുള്ള വില്ലയുടെ ഉടമയെന്ന റെക്കോര്‍ഡ് തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (Mukesh Ambani). മാസങ്ങളുടെ ഇടവേളയിലാണ് ദുബായിയിലെ പാം ജുമൈറയില്‍ (Palm Jumeirah) അംബാനി വീണ്ടും അഢംബര ഭവനം സ്വന്തമാക്കിയത്. 163 മില്യണ്‍ ഡോളറാണ് (ഏകദേശം 1,349.60 കോടി രൂപ) വില്ലയ്ക്കായി അംബാനി മുടക്കിയത്.

ഈ മാസം ആദ്യം പാം ജുമൈറയില്‍ 82 മില്യണ്‍ ഡോളറിന്റെ വീട് വില്‍പ്പന നടന്നപ്പോള്‍ അംബാനിയുടെ റെക്കോര്‍ഡ് നഷ്ടമായിരുന്നു. കുവൈത്ത് ബിസിനസുകാരനായ മുഹമ്മദ് അല്‍ഷയയില്‍ നിന്നാണ് അംബാനി ഈ വില്ല വാങ്ങിയത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേ സമയം ഇടപാട് നടന്നതായി ദുബായി ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ഇളയമകന്‍ ആനന്ദ് അംബാനിക്കായി വാങ്ങിയ 80 മില്യണ്‍ ഡോളറിന്റെ (ഏകദേശം 639 കോടി രൂപ) വില്ലയ്ക്ക് അടുത്ത് തന്നെയാണ് പുതിയ വീടും. ബോളിവുഡ് സൂപ്പര്‍താരം ഷൂരൂഖ് ഖാനും പാം ജുമൈറയില്‍ വില്ലയുണ്ട്. ദുബായിയില്‍ റിലയന്‍സിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങള്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 79 മില്യണ്‍ ഡോളര്‍ ചെലവാക്കി ലണ്ടനിലെ പ്രശസ്തമായ കണ്‍ട്രി ക്ലബ്ബ് സ്‌റ്റോക്ക് പാര്‍ക്ക് അംബാനി സ്വന്തമാക്കിയിരിന്നു.

ആന്റീലിയ

ലോകത്തിലെ ഏറ്റവും വിലപിടിച്ച 10 വീടുകളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ ആന്റീലിയ എന്ന വീട്. മുംബൈയിലെ വീടിന് ഏകദേശം 1-2 ബില്യണ്‍ ഡോളര്‍ മൂല്യം വരും. വളരെ മുമ്പ് തന്നെ വാങ്ങിയ ഈ വീട്ടില്‍ ലക്ഷക്കണക്കിന് ശമ്പളം നല്‍കി 600 ഓളം ജോലിക്കാരെ അംബാനി കുടുംബം നിയമിച്ചിട്ടുണ്ട്. ഐസിക്രീം പാര്‍ലറും അമ്പലവും 50 പേര്‍ക്കിരിക്കാവുന്ന തിയേറ്ററുമെല്ലാം ഈ വീടിന്റെ ഹൈലൈറ്റ്സാണ്.

Tags:    

Similar News