ബൈജൂസിനെതിരായ പാപ്പരത്ത നടപടി നിര്‍ത്തിവെച്ചു
ബൈജു രവീന്ദ്രന്റെ അപ്പീല്‍ അംഗീകരിച്ചാണ് നടപടി
എഡ്‌ടെക് സ്ഥാപനമായ ബൈജൂസിനെതിരെ പാപ്പരത്ത പരിഹാര നടപടികള്‍ ആരംഭിക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഫയല്‍ ചെയ്ത അപ്പീല്‍ ചെന്നൈയിലെ ദേശീയ കമ്പനി നിയമ അപലേറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി) അംഗീകരിച്ചു. പാപ്പരത്ത നടപടികള്‍ നിര്‍ത്തിവെച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബി.സി.സി.ഐ) ബൈജൂസുമായുള്ള ഒത്തുതീര്‍പ്പ് അംഗീകരിച്ചുകൊണ്ടാണിത്. ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് ബൈജുവിന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍ 158 കോടി രൂപ ബി.സി.സി.ഐക്ക് തിരിച്ചു കൊടുക്കും. ക്രിക്കറ്റ് ജെഴ്‌സി സ്‌പോര്‍സര്‍ഷിപ് ഇടപാടുമായി ബന്ധപ്പെട്ടതാണ് ഈ തുക.
ബി.സി.സി.ഐയുടെ അപേക്ഷ കണക്കിലെടുത്താണ് കഴിഞ്ഞ മാസം ബൈജൂസിനെതിരെ ട്രിബ്യൂണലിന്റെ ബംഗളുരു ബെഞ്ച് പാപ്പരത്ത നടപടി തുടങ്ങിയത്. കോര്‍പറേറ്റ് വായ്പക്കാരില്‍ നിന്നോ ബൈജുവിന്റെ ആല്‍ഫയില്‍ നിന്നോ അല്ല, റിജു രവീന്ദ്രന്‍ സ്വന്തനിലക്കാണ് ഈ പണം നല്‍കുന്നതെന്ന ഉറപ്പ് ട്രിബ്യൂണല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പണത്തിന്റെ ഉറവിടം തര്‍ക്കത്തില്‍ നില്‍ക്കുന്ന കാര്യമല്ലെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.