ബംഗളൂരുവിന് തൊട്ടടുത്ത് പുതിയ വിമാനത്താവളവുമായി സ്റ്റാലിന്‍; തമിഴ്‌നാടും കര്‍ണാടകവും ഏറ്റുമുട്ടലിലേക്ക്?
ബംഗളുരു വിമാന താവളത്തില്‍ നിന്ന് 74 കിലോ മീറ്റര്‍ മാത്രം അകലെയാണ് ഹോസൂര്‍
തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ വ്യവസായ നഗരമായ ഹോസൂരില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ആണ് പുതിയ വിമാനത്താവളം പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിബന്ധന വെല്ലുവിളി ആകും.
മലയാളികള്‍ ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ ബിസിനസ് ആവശ്യാര്‍ത്ഥം എത്തുന്ന നഗരമാണ് ഹോസൂര്‍. വിമാനത്താവളം വരുന്നത് ആഭ്യന്തര വ്യോമയാന വളര്‍ച്ചയ്ക്കും സഹായമാകും.
74 കിലോമീറ്ററിനിടയില്‍ രണ്ടാം വിമാനത്താവളം
കര്‍ണാടകയില്‍ പുതിയൊരു വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഹോസൂര്‍ വിമാനത്താവളം പ്രഖ്യാപിച്ചത്. അതേസമയം കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിബന്ധന ഹോസൂരില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് വെല്ലുവിളി ആകും.
150 കിലോമീറ്ററിനുള്ളില്‍ പുതിയ വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിക്കില്ല. ബംഗളുരു വിമാനത്താവളത്തില്‍ നിന്ന് 74 കിലോ മീറ്റര്‍ മാത്രം അകലെയാണ് ഹോസൂര്‍. ഈ തടസം എങ്ങിനെ മറികടക്കുമെന്ന് വ്യക്തമല്ല. കേന്ദ്രം അനുമതി നിഷേധിച്ചാല്‍ അത് പുതിയ രാഷ്ട്രീയ തര്‍ക്കത്തിനും വഴി തുറക്കും.
തമിഴ്‌നാടിന്റെ വരുമാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഹോസൂരിലെ വ്യവസായങ്ങള്‍ ആണ്. ഇലക്ട്രോണിക്, ഇലക്ട്രിക് വാഹനങ്ങള്‍, ടെക്‌സ്‌റ്റൈല്‍ വ്യവസായം ഇവിടെ ശക്തമാണ്.അശോക് ലേയ്ലന്‍ഡ്,ടി. വി. എസ് മോട്ടോര്‍സ്, ടൈറ്റാന്‍ തുടങ്ങി പല പ്രമുഖ കമ്പനികള്‍ക്കും ഇവിടെ നിര്‍മാണ യൂണിറ്റുകള്‍ ഉണ്ട്.
2,000 ഏക്കര്‍ സ്ഥലത്താണ് പുതിയ എയര്‍പോര്‍ട്ട് നിര്‍മിക്കുക. പ്രതിവര്‍ഷം മൂന്ന് കോടി യാത്രക്കാര്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഉണ്ടാകുക. തമിഴ്‌നാട്ടില്‍ തന്നെ കാഞ്ചിപുരം ജില്ലയിലെ പരന്തുരില്‍ 20,000 കോടി രൂപ ചെലവില്‍ ഒരു വിമാനത്താവളം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സ്ഥലമെടുപ്പ് ജോലികള്‍ തകൃതിയായി നടന്നു വരുന്നുണ്ട്.