ഉത്സവ സീസണില്‍ സ്‌പെഷ്യല്‍ വന്ദേഭാരത് എത്തുന്നു, സ്റ്റോപ്പുകള്‍ അറിയാം
തീരുമാനം ദീപാവലി കാലത്തെ പ്രത്യേക ട്രെയിനുകള്‍ വിജയിച്ചതിനു പിന്നാലെ
ശബരിമല സീസണ്‍ ഉള്‍പ്പെടെയുള്ള ഉത്സവ സീസണുകള്‍ മുന്നില്‍ കണ്ട് പ്രത്യേക വന്ദേഭാരത് സര്‍വീസ് ആരംഭിക്കാന്‍ സതേണ്‍ റെയ്ല്‍വേ. ചെന്നൈ, എഗ്മോര്‍ റെയില്‍വേ സ്റ്റേഷനും തിരുനെല്‍വേലിക്കും ഇടയിലാണ് പ്രത്യേക വന്ദേ ഭാരത് സര്‍വീസ് നടത്തുക.
നവംബര്‍ 16, 23, 30 തീയതികളില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് തിരുനെല്‍വേലിയിലേക്കുള സര്‍വീസ് നടക്കും. ഡിസംബറിലും ഇത് തുടരും. ഡിസംബര്‍ 7, 14, 21, 28 ദിവസങ്ങളിലായിരിക്കും സര്‍വീസ്.
എഗ്മോറില്‍ നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.15ന് തിരുനെല്‍വേലിയിലെത്തും. തിരുനെല്‍വേലിയില്‍ നിന്ന് മൂന്ന് മണിക്ക് സര്‍വീസ് ആരംഭിച്ച് വൈകിട്ട് 11.15ന് ചെന്നൈ എഗ്മോറിലെത്തും.
ആറ് സ്റ്റേഷനുകളിലാകും സ്റ്റോപ്പ് ഉണ്ടായിരിക്കുക. താംബരം, വില്ലുപുരം ജംഗ്ഷന്‍, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദുനഗര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇവയാണ്.
എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ദീപാവലി പ്രമാണിച്ച് സതേൺ റെയില്‍വേ ചെന്നൈ എഗ്മോറിനും തൂത്തുക്കുടിക്കുമിടയില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഈ സര്‍വീസ് വിജയമായതിനെത്തുടര്‍ന്നാണ് പുതിയ സര്‍വീസും നടത്തുന്നത്.