പോലീസാണെന്ന് പറഞ്ഞ് വിളിച്ചാല്‍ വിശ്വസിക്കരുത്; പണി പിന്നാലെയുണ്ട്

നിര്‍മ്മിത ബുദ്ധിയും തട്ടിപ്പുകാര്‍ക്ക് ആയുധം

Update:2024-07-19 15:15 IST

CYBER CRIMES

പോലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ കാള്‍ വന്നാല്‍ പൂര്‍ണ്ണമായും വിശ്വസിക്കരുത്. ഒരു തട്ടിപ്പിന്റെ തുടക്കമാകാം ആ ഫോണ്‍ കാള്‍. സൈബര്‍ തട്ടിപ്പുകള്‍ക്ക് പുതിയ വേര്‍ഷനുകള്‍ ഇറങ്ങുകയാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയും വ്യജ നിക്ഷേപ വാഗ്ദാനങ്ങൾ  നല്‍കിയും കോടികള്‍ തട്ടുന്ന സംഘങ്ങള്‍ പല രൂപത്തിലാണ് ഇരകളെ തേടുന്നത്. പോലീസില്‍ നിന്നാണെന്നും നിങ്ങളുടെ പേരില്‍ മയക്കുമരുന്ന് പാര്‍സല്‍ വന്നിട്ടുണ്ടെന്നും പറഞ്ഞ് വരുന്ന ഫോണ്‍ കാളുകളില്‍ തട്ടിപ്പ് പതിയിരിക്കുന്നു. കേസെടുക്കാതിരിക്കാനും അറസ്റ്റ് ഒഴിവാക്കാനും പണം ഓണ്‍ലൈനില്‍ വേണമെന്ന് സമ്മര്‍ദ്ദം ചെലുത്തും. പരിഭ്രാന്തരായി മറ്റൊന്നും ചിന്തിക്കാതെ പണം നല്‍കിയ നിരവധി പേര്‍ കേരളത്തിലുണ്ട്. നാണക്കേട് കൊണ്ട് പുറത്തു പറയാത്തവര്‍ നിരവധി. ഓഹരി വിപണിയെ കേന്ദ്രീകരിച്ചും സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരികയാണ്.

തട്ടിപ്പിന്റെ മൊബൈല്‍ ആപ്പുകള്‍

ഫോണ്‍ കാള്‍ മുതല്‍ മൊബൈല്‍ ആപ്പുകള്‍ വരെ തട്ടിപ്പുകാര്‍ക്ക് ആയുധമാണ്. നിങ്ങള്‍ക്ക് വരുന്ന വീഡിയോ കാളില്‍ മറുവശത്ത് ഒരു പോലീസ് ഉദ്യോഗസ്ഥനെ കാണുമ്പോള്‍ അത് ഒറിജിനല്‍ ആണെന്ന് പൂര്‍ണ്ണമായും വിശ്വസിക്കരുത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ രൂപപ്പെടുത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ രൂപവും ശബ്ദവുമാകാം  അതിന് പിന്നിലുള്ളത്. നിങ്ങള്‍ക്കെതിരെ മയക്കുമരുന്നിന്റെയോ നിയമലംഘനത്തിന്റെയോ പേരില്‍ കേസെടുക്കേണ്ടി വരുമെന്നും പിഴയടച്ചാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നുമായിരിക്കും സന്ദേശം. പരിഭ്രാന്തരായി ഈ ചതിയില്‍ വീഴുന്നവര്‍ ഏറെയുണ്ടെന്നാണ് കേരളത്തില്‍ സൈബര്‍ സെല്ലിന് ലഭിക്കുന്ന പരാതികളില്‍ നിന്ന് വെളിപ്പെടുന്നത്. ഓഹരി വിപണിയില്‍ നിന്ന് പണം വാരാനുള്ള എളുപ്പ മാര്‍ഗമെന്ന നിലയില്‍ അവതരിക്കുന്ന മൊബൈല്‍ ആപ്പുകളും തട്ടിപ്പുകളുടെ കേന്ദ്രമാണ്. ആപ്പ് വഴി നിക്ഷേപം നടത്തുമ്പോള്‍ ഓഹരികളില്‍ നിന്ന് നിശ്ചയമായും ലാഭമുണ്ടാക്കാം എന്നാണ് വാഗ്ദാനം. നിക്ഷേപകര്‍ക്ക് വേണ്ടി തങ്ങള്‍ വിവിധ കമ്പനികളില്‍ നിക്ഷേപിക്കുമെന്നാണ് ഈ തട്ടിപ്പിന് പിന്നുള്ളവര്‍ പറയുന്നത്. ആദ്യഘട്ടങ്ങളിലെല്ലാം ലാഭം കിട്ടിയതായി കാണിക്കും. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍ കഴിയില്ല. അതിനായി പുതിയ നിബന്ധനകള്‍ കൊണ്ടു വരും. അതോടെ നിക്ഷേപിച്ച പണം പോലും തിരിച്ചു കിട്ടാതെ നിക്ഷേപകര്‍ കുടങ്ങും. ഫേസ്ബുക്ക് വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി പണം തട്ടുന്ന സംഭവങ്ങളും അടുത്ത കാലത്ത് വര്‍ധിച്ചിട്ടുണ്ട്.

സൈബര്‍ സെല്ലിനും തടയാനാകുന്നില്ല

സൈബര്‍ തട്ടിപ്പ് തടയാന്‍ കേരള പോലീസിന് ശക്തമായ സെല്ലുണ്ടെങ്കിലും തട്ടിപ്പുകള്‍ അനുദിനം വര്‍ധിക്കുകയാണ്. പോലീസ് ഓരോ വഴികള്‍ അടക്കുമ്പോഴും തട്ടിപ്പുകാര്‍ പുതിയ രൂപത്തില്‍ രംഗത്ത് വരുന്നു. നിര്‍മ്മിത ബുദ്ധി പോലുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ സൈബര്‍ സെല്ലിന്റെ നിരീക്ഷണം. തട്ടിപ്പിന് ഇരയായവര്‍ പോലീസില്‍ പരാതി നല്‍കാന്‍ മടിക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാല്‍ ഒരു മണിക്കൂറിനകം സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ പണം തിരിച്ചു കിട്ടുന്നതിനോ തട്ടിപ്പുകാരെ കണ്ടെത്തുന്നതിനോ സംവിധാനങ്ങളുണ്ടെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും വര്‍ധിക്കുന്ന തട്ടിപ്പുകളില്‍ ജനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന പരാതിയും പോലീസിനുണ്ട്. വ്യാജ കേസുകളെ കുറിച്ച് സന്ദേശങ്ങള്‍ വന്നാല്‍ സൈബര്‍ സെല്ലിലാണ് ആദ്യം അന്വേഷിക്കേണ്ടത്. കേസ് എടുത്തിട്ടുണ്ടെങ്കില്‍ രേഖകള്‍ ഉണ്ടാകും. ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നവര്‍ സെബിയുടെ അംഗീകാരമുള്ള കമ്പനികളെയും ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവര്‍ അംഗീകൃത ഇ കോമേഴ്‌സ്  പ്ലാറ്റ്‌ഫോമുകളെയും മാത്രം ഉപയോഗപ്പെടുത്തണമെന്നാണ് സൈബര്‍ സെല്ലിന്റെ നിര്‍ദേശം.

Tags:    

Similar News