ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 07, 2020

Update: 2020-11-07 13:05 GMT

അടുത്ത സാമ്പത്തിക വര്‍ഷം സമ്പദ് വ്യവസ്ഥ പച്ചപിടിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍

സമ്പദ് വ്യവസ്ഥയില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഉണര്‍വ് പ്രതീക്ഷിക്കാമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ്് കുമാര്‍ ഖാര. ഒരു മെച്ചപ്പെട്ട സാമ്പത്തിക വ്യവസ്ഥിതിയിലേക്ക് പൂര്‍ണമായ മാറ്റം തന്നെ ഈ കോവിഡ് പ്രതിസന്ധി വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടന്ന ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ജനറല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ഖാര. കമ്പനികളുടെ ശരാശരി ഉല്‍പ്പാദനക്ഷമതാ വിനിയോഗം ഇപ്പോള്‍ 69 ശതമാനം മാത്രമാണെന്നും ഇത് ഏപ്രില്‍ 2021 ഓടെ മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റീല്‍, സിമന്റ് വ്യവസായ മേഖലകള്‍ ഏപ്രില്‍ മുതല്‍ തങ്ങളുടെ കയറ്റുമതിയില്‍ പിടിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഹോസ്പിറ്റാലിറ്റി & ടൂറിസം മേഖല ഇനിയും തിരിച്ചുവരേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കാര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ബൈജൂസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റില്‍ സ്പോണ്‍സറായി ബൈജൂസ്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ടൈറ്റില്‍ സ്പോണ്‍സറാണ് ബൈജൂസ്. കമ്പനിയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടതോടെ പുതിയ സീസണിലെ എല്ലാ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ധരിക്കുന്ന ഔദ്യോഗിക കെബിഎഫ്സി ജേഴ്സിയില്‍ ബൈജൂസ് ലോഗോ മുദ്രണം ചെയ്യും.

മലയാളിയെന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റില്‍ സ്പോണ്‍സറാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു. 'എഎസ്എലില്‍ മാത്രമല്ല, ലോകമെമ്പാടുമായി ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ട്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ചേരുന്നതില്‍ ഏറെ സന്തോഷം' ബൈജു രവീന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണവില ഉയര്‍ന്നപ്പോള്‍ മലയാളികള്‍ വിറ്റഴിച്ചത് 10.79 ടണ്‍ പഴയ സ്വര്‍ണം

സെപ്റ്റംബര്‍ അവസാനിച്ച ത്രൈമാസത്തില്‍മ മാത്രം കേരളത്തിലുള്ളവര്‍ 10.79 ടണ്‍ പഴയ സ്വര്‍ണം വിറ്റഴിച്ചതായി കണക്കുകള്‍. 2012 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതാണിതെന്നു വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു. സ്വര്‍ണവില ഉയര്‍ന്നപ്പോള്‍ പഴയ സ്വര്‍ണം വിറ്റു പണമാക്കിയതും പുതിയ സ്വര്‍ണം മാറ്റിയെടുത്തുമുള്‍പ്പെടെയുള്ള കണക്കാണിത്. സ്വര്‍ണവില പവന് റെക്കോര്‍ഡ് നിലവാരമായ 42,000 രൂപയിലെത്തിയ ഓഗസ്റ്റില്‍ പഴയസ്വര്‍ണ വില്‍പന കുത്തനെ ഉയര്‍ന്നിരുന്നു. തുടര്‍ന്നു വില ചെറിയ തോതില്‍ കുറഞ്ഞപ്പോള്‍ വിറ്റഴിക്കലിലും ഇടിവുണ്ടായി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസത്തില്‍ രാജ്യത്താകെ 41.5 ടണ്‍ പഴയ സ്വര്‍ണമാണ് പുതിയ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചത്.

പ്രധാന തൊഴില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി സൗദി അറേബ്യ

തൊഴില്‍ മേഖലയില്‍ ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയുടെ പുതിയ ഇളവുകള്‍. കുറഞ്ഞ ശമ്പളം ലഭിക്കുന്ന കുടിയേറ്റ തൊഴിലാളികളെ അവരുടെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന ചില പ്രധാന നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു.

വിദേശ തൊഴിലാളികള്‍ക്ക് അതാത് തൊഴിലുടമയില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനും നിലവിലെ ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേയ്ക്ക് മാറാനുമുള്ള അവകാശം അനുവദിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിലവില്‍ നിശ്ചിത തൊഴിലിനായി കേരളത്തില്‍ നിന്നും എത്തി, പുതിയ തൊഴിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ തടസ്സം നേരിടുന്ന നിരവധി മലയാളികള്‍ക്ക് ഈ തീരുമാനം ആശ്വാസകരമാണ്.

മണപ്പുറം ഫിനാന്‍സിന് 405 കോടി രൂപയുടെ അറ്റാദായം

നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 405.44 കോടി രൂപയുടെ അറ്റാദായം നേടി. ഒന്നാം പാദത്തിലെ 367.97 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തിലെ ലാഭം 10.2 ശതമാനം വര്‍ധിച്ചു. ഉപസ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയുള്ള കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 336.17 കോടിയുമായുള്ള താരതമ്യത്തില്‍ 20.6 ശതമാനം വര്‍ധിച്ച് 405.56 കോടി രൂപയിലെത്തി. ഒന്നാം പാദത്തെ അപേക്ഷിച്ച് 9.9 ശതമാനം വര്‍ധന. കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 16.6 ശതമാനം വര്‍ധിച്ച് 1,565.58 കോടി രൂപയായി. മുന്‍ വര്‍ഷം 1,343.03 കോടി രൂപയായിരുന്നു. കമ്പനിയുടെ സംയോജിത ആസ്തി മുന്‍ വര്‍ഷത്തെ 22,676.93 കോടിയില്‍ നിന്ന് 18.6 ശതമാനം വര്‍ധിച്ച് ഇത്തവണ 26,902.73 കോടി രൂപയിലെത്തി.

മുത്തൂറ്റ് കാപ്പിറ്റലിന് 15.7 കോടി ലാഭം

മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് (എംസിഎസ്എല്‍) സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 15.7 കോടി രൂപ അറ്റ ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റ ലാഭം 14 കോടിയായിരുന്നു. ഈ പാദത്തിലെ വരുമാനം 143.7 കോടി രൂപയാണ്. വായ്പയായി 116.1 കോടി രൂപ വിതരണം ചെയ്തു. എംസിഎസ്എല്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2269 കോടി ആണ്. മാറിയ സാഹചര്യങ്ങളില്‍, ആളുകള്‍ കൂടുതലായി വ്യക്തിഗത വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് കമ്പനിക്ക് അനുകൂലഘടകമാകുന്നുണ്ടെന്ന് മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

കേരളത്തിലെ ബസുകളുടെ വാഹന നികുതി കുറച്ചു

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെയും ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച പാദത്തിലെ വാഹനനികുതി 50% ഒഴിവാക്കാന്‍ തീരുമാനമായെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ബാക്കി വരുന്ന 50% നികുതി അടയ്ക്കാനുള്ള സമയപരിധി സ്റ്റേജ് കാര്യേജുകള്‍ക്ക് ഡിസംബര്‍ 31 വരെയും കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് 2020 നവംബര്‍ 30 വരെയും ദീര്‍ഘിപ്പിച്ചു.

കോവിഡ് അപ്‌ഡേറ്റ്‌സ് (07-11-2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 7201 , ഇന്നലെ : 7002

മരണം : 28 , ഇന്നലെ : 27

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 8,462,080 , ഇന്നലെ വരെ : 8,411,724

മരണം :  125,562 ,  ഇന്നലെ വരെ : 124,985

ലോകത്ത് ഇതുവരെ:

രോഗികള്‍: 49,322,827 ,  ഇന്നലെ വരെ :48,680,103

മരണം : 1,242,868 , ഇന്നലെ വരെ :1,233,313

Similar News