ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 08, 2021
എല്‍ഐസിയില്‍ 20 ശതമാനം വിദേശനിക്ഷേപം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ 10,683 കോടി രൂപയുടെ പിഎല്‍ഐ സ്‌കീമിന് ക്യാബിനറ്റ് അംഗീകാരം. യുക്കോ ബാങ്കിന്റെ പിസിഎ നിയന്ത്രണം നീക്കം ചെയ്ത് റിസര്‍വ് ബാങ്ക്. ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ ഓഹരി സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
യുക്കോ ബാങ്കിന്റെ പിസിഎ നിയന്ത്രണം നീക്കം ചെയ്ത് റിസര്‍വ് ബാങ്ക്
2017 മുതല്‍ യൂക്കോബാങ്കിന് മേല്‍ ചുമത്തപ്പെട്ടിരുന്ന പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ ഫ്രെയിം വര്‍ക്ക് അഥവാ പിസിഎ നിയന്ത്രണം റിസര്‍വ് ബാങ്ക് നീക്കം ചെയ്തു. അസറ്റ് റിട്ടേണ്‍, മിനിമം ക്യാപിറ്റല്‍, നോണ്‍-പെര്‍ഫോമിംഗ് അസറ്റ് ക്വാണ്ടം തുടങ്ങിയ ചില നിയന്ത്രണ ആവശ്യകതകള്‍ ലംഘിക്കുമ്പോഴാണ് ബാങ്കുകള്‍ക്ക് പിസിഎ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് യൂക്കോ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ ലംഘനങ്ങളില്‍ നിന്നു വിമുക്തമെന്ന് ബോധ്യപ്പെട്ടതായി സെന്‍ട്രല്‍ ബാങ്കിന്റെ പ്രസ്താവന പറയുന്നു. പിസിഎ നിയന്ത്രണങ്ങള്‍ ബാങ്കിന്റെ വായ്പാ ഇടപാടുകളെ ബാധിച്ചിരുന്നു.
ടെക്‌സ്റ്റൈല്‍ മേഖല ഉണരും; 10,683 കോടി രൂപയുടെ പിഎല്‍ഐ സ്‌കീമിന് ക്യാബിനറ്റ് അംഗീകാരം
10,683 കോടി രൂപയുടെ പിഎല്‍ഐ സ്‌കീമിന് അംഗീകാരമായി. രാജ്യത്ത് നിലവില്‍ അംഗീകാരം നേടിയ പദ്ധതികള്‍ക്കുള്‍പ്പെടെ 13 ആളം പദ്ധതികള്‍ക്കായാണിത്. ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ടെക്‌സ്റ്റൈല്‍ മേഖലയിലെ കയറ്റുമതി വര്‍ധിപ്പിക്കാനും സഹായിക്കും.
എല്‍ഐസി; 20 ശതമാനം വിദേശനിക്ഷേപം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്
ഐപിഓയ്ക്ക് മുന്നോടിയായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (എല്‍ഐസി) 20 ശതമാനം വരെ വിദേശ സ്ഥാപന നിക്ഷേപം (എഫ്‌ഐഐ) അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) ആയി കണക്കാക്കപ്പെടുന്നതാണ് എല്‍ഐസിയുടേത്. ഓഹരി വില്‍പ്പനയില്‍ നിന്ന് 90,000 കോടി (12.24 ബില്യണ്‍ ഡോളര്‍) വരെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആദ്യ ലക്ഷ്വറി ക്രൂയിസ് ആരംഭിക്കാനൊരുങ്ങി ഐആര്‍സിടിസി
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ക്രൂയിസ് ലൈനര്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ 18 മുതല്‍ ആദ്യ ക്രൂയിസ് ആരംഭിക്കുന്നതിനായി കോര്‍ഡേലിയ ക്രൂയിസ് എന്ന സ്വകാര്യ കമ്പനിയുമായാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
കിരാന ഡെലിവറി വര്‍ധിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്
ബിഗ്ബില്യണ്‍ ഡേയ്‌സും ഉത്സവ സീസണും പരിഗണിച്ച് കിരാന ഡെലിവറി വര്‍ധിപ്പിക്കാനൊരുങ്ങി വോള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട്. ഗ്രാമങ്ങളും ഉള്‍പ്രദേശങ്ങളും ചെറിയ ടൗണുകളും കേന്ദ്രീകരിച്ചുള്ള ബിസിനസ് വര്‍ധിപ്പ്ിക്കാനായി ഒരു ലക്ഷത്തോളം ചെറിയ വ്യാപാരികളുമായാണ് ഫ്‌ളിപ്കാര്‍ട്ട് പങ്കാളിത്തത്തിലേര്‍പ്പെടാനൊരുങ്ങുന്നത്.
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ ഓഹരി സൂചികകള്‍
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി ഓഹരി സൂചികകള്‍. സെന്‍സെക്സ് 29 പോയ്ന്റ് താഴ്ന്ന് 58250.26 പോയ്ന്റിലും നിഫ്റ്റി 9 പോയ്ന്റ് ഇടിഞ്ഞ് 17353.50 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വാക്സിനേഷന്‍ വേഗത കൂടിയ റിപ്പോര്‍ട്ടുകള്‍ വിപണിക്ക് ഗുണകരമായി. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പിഎല്‍ഐ സ്‌കീം പ്രഖ്യാപിച്ചത് ടെക്സ്‌റ്റൈല്‍ ഓഹരികള്‍ക്ക് നേട്ടമാകുകയും ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 16 എണ്ണത്തിനും ഇന്ന് നേരിയ തോതിലെങ്കിലും നേട്ടമുണ്ടാക്കാനായി. 2.96 ശതമാനം നേട്ടവുമായി കെഎസ്ഇ ലിമിറ്റഡാണ് ഇതില്‍ മുന്നില്‍. എവിറ്റി (2.32 ശതമാനം), ഇന്‍ഡിട്രേഡ് (2.21 ശതമാനം), ഫെഡറല്‍ ബാങ്ക് (1.84 ശതമാനം), എഫ്എസിടി (1.16 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (0.91 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.72 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു.