ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 09, 2021

സെബിയുടെ 25 കോടി പിഴയ്‌ക്കെതിരെ മുകേഷ് അംബാനി അപ്പീലിന്. ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ 60 ശതമാനം വളര്‍ച്ച കൈവരിച്ച് കല്യാണ്‍ ജ്വല്ലേഴ്‌സ്. ആഭ്യന്തര വാഹന വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്സ്. നെറ്റ്ഫ്‌ളിക്‌സ് സോണിയുമായി എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് അവകാശ ഉടമ്പടി ഒപ്പിട്ടു. തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ജാര്‍ഖണ്ഡ്. കോവിഡ് വ്യാപനം തിരിച്ചടിയായി, സൂചികകളില്‍ ഇടിവ്. കൂടുതല്‍ ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-04-09 19:17 IST

സെബിയുടെ 25 കോടി പിഴയ്‌ക്കെതിരെ മുകേഷ് അംബാനി അപ്പീലിന്

രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഓഹരി ഇടപാടില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ചുമത്തിയ പിഴയ്ക്കെതിരെ മുകേഷ് അംബാനി അപ്പീല്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. 1999-2000 മാര്‍ച്ചിലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബി നടപടിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നായിരുന്നു നോട്ടീസ്. ഇതിനെതിരെയാണ് കമ്പനിയുടെ അപ്പീല്‍.

ആഭ്യന്തര വാഹന വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്സ്

ആഭ്യന്തര വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ടാറ്റ മോട്ടോഴ്സ്. 2021 മാര്‍ച്ച് മാസത്തെ ആഭ്യന്തര വാഹന വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 505 ശതമാനം അധിക വളര്‍ച്ചയാണ് വില്‍പ്പനയില്‍ ടാറ്റാ മോട്ടോഴ്സ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പന വളര്‍ച്ചയാണു മാര്‍ച്ചിലും ജനുവരി- മാര്‍ച്ച് പാദത്തിലും കമ്പനി നേടിയിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പറഞ്ഞു. കഴിഞ്ഞ മാസം ആകെ 66,609 യൂണിറ്റ് വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ ടാറ്റ വില്‍പ്പന നടത്തിയത്. 

ജി എസ് ടി: ജപ്തി നടപടിക്കെതിരെ സുപ്രീം കോടതി

ചരക്കു-സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനത്തിന്റെ വസ്തുവഹകള്‍ ജപ്തി ചെയ്യുന്ന നികുതി വകുപ്പിന്റെ നടപടി സുപ്രീം കോടതി വിമര്‍ശിച്ചു. കേസ്സില്‍ അന്തിമവിധി പുറപ്പെടുവിച്ചില്ലെങ്കിലും ജപ്തി നടപടികള്‍ സ്വീകരിച്ചതിന് എതിരെ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ബിസിനസ്സ് വൃത്തങ്ങള്‍ സ്വാഗതം ചെയ്തു. ഹിമാചല്‍ പ്രദേശ് സര്‍ക്കാരും, രാധാകൃഷ്ണ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനവും തമ്മിലുള്ള കേസ്സിലാണ് പരമോന്നത കോടതി ജപ്തിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

നെറ്റ്ഫ്‌ളിക്‌സ് സോണിയുമായി എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗിന് ഉടമ്പടി ഒപ്പിട്ടു

സോണിയും നെറ്റ്ഫ്‌ളിക്‌സുമായി എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗിന് കരാറില്‍ ഒപ്പിട്ടു. സോണിയുടെ സിനിമകള്‍ തിയേറ്ററുകള്‍ വിട്ടാല്‍ പ്രീമിയം വീഡിയോ-ഓണ്‍-ഡിമാന്‍ഡ് സേവനങ്ങളിലൂടെയും നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിംഗിലൂടെയും പ്രദര്‍ശിപ്പിക്കാനുള്ള അവകാശമാണ് ലഭിക്കുക. യുഎസിലെ അവകാശങ്ങളാണ് ഒരു വര്‍ഷത്തേക്ക് ഒപ്പിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ 60 ശതമാനം വളര്‍ച്ച കൈവരിച്ച് കല്യാണ്‍ ജ്വല്ലേഴ്‌സ്

കല്യാണ്‍ ജ്വല്ലേഴ്‌സ് 2021 മാര്‍ച്ചില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ ഏതാണ്ട് 60 ശതമാനം വളര്‍ച്ച കൈവരിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 35 ശതമാനമായിരുന്ന വരുമാന വളര്‍ച്ച മാര്‍ച്ചില്‍ വന്‍തോതില്‍ ഉയരുകയായിരുന്നു. 2020 മാര്‍ച്ചില്‍ കോവിഡ് ലോക്ഡൗണ്‍ മൂലം വരുമാനം വന്‍തോതില്‍ കുറഞ്ഞിരുന്നു.

ജീവനക്കാര്‍ക്കും ഡീലര്‍മാര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്

സ്ഥിര ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ വാക്‌സിനേഷന്‍ ചെലവ് ഹീറോ മോട്ടോകോര്‍പ്പ് വഹിക്കുമെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു. ഈ സംരംഭത്തില്‍ 80,000 പേരെ ഉള്‍പ്പെടുത്താനാണ് ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ നീക്കം. മറ്റ് വാഹന നിര്‍മാണ കമ്പനികളിലും അവരുടെ വിതരണക്കാരായ ടൊയോട്ട കിര്‍ലോസ്‌കര്‍, ടിവിഎസ് മോട്ടോര്‍ കോ, സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യന്‍ ലിമിറ്റഡ് എന്നിവയിലെ ജീവനക്കാരുടെ വാക്‌സിനേഷന്റെ ചെലവ് വഹിക്കാനും ഹീറോ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ ഹീറോ ഫിന്‍കോര്‍പ്പ്, ഹീറോ ഫ്യൂച്ചര്‍ എനര്‍ജീസ്, റോക്ക്മാന്‍ ഇന്‍ഡസ്ട്രീസ്, ഹീറോ ഇലക്ട്രോണിക്‌സ്, എജി ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഗ്രൂപ്പ് സ്ഥാപനങ്ങളിലുടനീളം സമാനമായ വാക്‌സിനേഷന്‍ സംരംഭത്തിന് ദില്ലി ആസ്ഥാനമായുള്ള ഹീറോ മോട്ടോര്‍ കോര്‍പ്പ് സൗകര്യമൊരുക്കും.

കൊച്ചി മെട്രോ എംഡിയുടെ ചുമതല കെ.ആര്‍.ജ്യോതിലാലിന്

കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറുടെ ചുമതല ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിന്. എംഡിയായിരുന്ന അല്‍കേഷ് കുമാര്‍ ശര്‍മ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ അഡീഷനല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെയാണ് ജ്യോതിലാലിന് അധികച്ചുമതല നല്‍കിയത്.

തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ജാര്‍ഖണ്ഡ്

സ്വകാര്യ മേഖലയിലേര്‍പ്പെടുത്തിയ 75% തൊഴില്‍ സംവരണം മേയ് 1 മുതല്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണു ഹരിയാന സര്‍ക്കാര്‍. ജാര്‍ഖണ്ഡ്‌സമാനമായ നിയമം പാസാക്കാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ ഇരു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന ഒട്ടേറെപ്പേരെ ഈ നിയമങ്ങള്‍ ബാധിക്കും. ഹരിയാന സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമം മേയ് 1 മുതല്‍ പ്രാബല്യത്തിലാക്കുമെന്നാണു ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല കഴിഞ്ഞ ദിവസം പറഞ്ഞത്. ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ എന്‍സിആര്‍ മേഖലയിലെ സ്ഥലങ്ങളിലായി ലക്ഷക്കണക്കിനു മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് ജാര്‍ഖണ്ഡും പുതിയ തൊഴില്‍ നിയമം തയ്യാറാക്കുന്നത്.

ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്) ഫിലിപ് രാജകുമാരന്‍ (99) അന്തരിച്ചു. 1921 ജൂണ്‍ 10ന് ഗ്രീക്ക്ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയില്‍ പ്രവര്‍ത്തിച്ചു. 1947 നവംബര്‍ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്.


വെള്ളിയാഴ്ച പവന് 400 രൂപ വര്‍ധിച്ച് 34,800 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കുറവില്‍ നിന്നും വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നും സ്വര്‍ണവില വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 34,800 രൂപയായി. 400 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി.

കോവിഡ് വ്യാപനം തിരിച്ചടിയായി; സൂചികകളില്‍ ഇടിവ്

ഇന്നലെ തിളങ്ങി നിന്ന മെറ്റല്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കലിന് വിധേയമായതോടെ സൂചികകളില്‍ ഇടിവ്. അതോടൊപ്പം ഇന്‍ഫ്രാ, ഓട്ടോ മേഖലകളിലും വിറ്റഴിക്കല്‍ കണ്ടു. കോവിഡ് വ്യാപനം കൂടിയതും വിപണിയെ ദുര്‍ബലമാക്കി. സെന്‍സെക്സ് 154.89 പോയ്ന്റ് ഇടിഞ്ഞ് 49591.32 പോയ്ന്റിലും 38.90 പോയ്ന്റ് ഇടിഞ്ഞ് 14834.90 പോയ്ന്റിലും ക്ലോസ് ചെയ്തു. 1647 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1212 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 163 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികളില്‍ പത്തെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 8.90 ശതമാനം നേട്ടവുമായി മുന്നിലുണ്ട്. ഇന്‍ഡിട്രേഡ് (4.68 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.15 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (3.57 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.04 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.00 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ കേരള ഓഹരികള്‍.






 


 


Tags:    

Similar News