കേരളത്തില്‍ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി. നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണില്‍ മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളില്‍ ഒഴിവാക്കി. മെയ് 23 മുതലാണ് ഒഴിവാക്കുന്നത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണാണ് ശനിയാഴ്ച മുതല്‍ ഒഴിവാക്കുന്നത്. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. രോഗവ്യാപനം അതീവഗുരുതരമാകുന്നതിനാലാണ് മലപ്പുറം ജില്ലയില്‍ മാത്രം ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്നത്.
പുതിയ മന്ത്രിസഭയുടെ ബജറ്റ് ജൂണ്‍ നാലിന് നിയുക്ത ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ നാലിന് രാവിലെ 9നാകും ബജറ്റവതരണം. 7, 8, 9 തീയതികളില്‍ ബജറ്റ് സംബന്ധിച്ച പൊതു ചര്‍ച്ച. 10നു നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും.14നു ധനവിനിയോഗ ബില്‍ പരിഗണനയ്ക്ക് എടുക്കും. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 മുതല്‍ ജൂണ്‍ 14 വരെ ചേരും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 24നു നടക്കും.
ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് 99,122 കോടി രൂപ നല്‍കാനൊരുങ്ങി ആര്‍ബിഐ കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 99,122 കോടി രൂപ വിഹിതമായി നല്‍കും. പണം കൈമാറാന്‍ ആര്‍ബിഐ കേന്ദ്ര ബോര്‍ഡ് അംഗീകാരം നല്‍കി. 2021 സാമ്പത്തികവര്‍ഷത്തില്‍ റിസര്‍വ് ബാങ്കും മറ്റും പൊതുമേഖലാ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചേര്‍ന്ന് 61,826 കോടി രൂപ നല്‍കുമെന്നതാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. 2020 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ വിഹിതമായി 57,128 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ആര്‍ബിഐ കേന്ദ്രത്തിനു നല്‍കിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അറ്റാദായത്തില്‍ 80 ശതമാനം വര്‍ധന
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 6,450.75 കോടി രൂപ അറ്റാദായം നേടി. കിട്ടാക്കടങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള നീക്കിയിരിപ്പ് വന്‍തോതില്‍ കുറച്ചത് ബാങ്കിന്റെ അറ്റാദായം കൂടാന്‍ സഹായിച്ചിട്ടുണ്ട്. മാര്‍ച്ച് 31 ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഒരു ഓഹരിക്ക് നാലു രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് നാലാംപാദത്തില്‍ ലാഭം
2020-21 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 6.79 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ ബാങ്ക് 143.69 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലും 91.62 കോടി രൂപ നഷ്ടമാണ് ബാങ്കിനുണ്ടായിരുന്നത്.
വില്‍പ്പന കുറഞ്ഞു, എന്നിട്ടും ലാഭം 300 മടങ്ങ് വര്‍ധിപ്പിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയം
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) 2020-21 സാമ്പത്തിക വര്‍ഷം നേടിയത് റെക്കോര്‍ഡ് ലാഭം. 10664 കോടി രൂപയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ കമ്പനി നേടിയിരിക്കുന്നത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 2637 രൂപയായിരുന്നു.
കോവിഡ് തകര്‍ച്ചയില്‍ ഇലക്ട്രോണിക്‌സ് കമ്പനികള്‍
കോവിഡ് തകര്‍ച്ചയില്‍ വന്‍ നഷ്ടവുമായി ഇലക്ട്രോണിക്‌സ് കമ്പനികള്‍. മുന്‍നിര ഇലക്ട്രോണിക് കമ്പനികളായ എല്‍ജി, പാനസോണിക്, വിവോ, ഓപ്പോ, ഹെയര്‍, ഗോദ്‌റെജ് എന്നീ കമ്പനികളെയാണ് വില്‍പ്പന ഇടിവ് കാര്യമായി ബാധിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് ബാധിച്ചതോടെ ഈ കമ്പനികളുടെ പ്ലാന്റുകള്‍ പൂട്ടുകയും ഉത്പാദനം ക്രമാധീതമായി കുറയുകയും ചെയ്തിട്ടുണ്ട്. ആഗോള തലത്തില്‍ ആപ്പിളിനുള്‍പ്പെടെ വില്‍പ്പന ഇടിവുണ്ട്. ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളില്‍ പലതും തങ്ങളുടെ ഇലക്ട്രോണിക് ഭാഗങ്ങളും ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളുമാണ് വില്‍പ്പന തകര്‍ച്ചയിലേക്കുള്ള പ്രധാന കാരണം.
ഇന്ധനവില വീണ്ടും കൂടി
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില 95 കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 95 രൂപ രണ്ട് പൈസയായി. ഡീസലിന് 90 രൂപ എട്ട് പൈസയായി. കൊച്ചിയില്‍ പെട്രോളിന് 93 രൂപ 14 പൈസയും ഡീസലിന് 88 രൂപ 32 പൈസയുമാണ് വില.
ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 975.62 പോയ്ന്റ് ഉയര്‍ന്ന് 50540.48 പോയ്ന്റിലും നിഫ്റ്റി 269.30 പോയ്ന്റ് ഉയര്‍ന്ന് 15175.30 പോയ്ന്റിലും ക്ലോസ് ചെയ്തു. 1909 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1140 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 157 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ, ആക്സിസ് ബാങ്ക് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഡോ റെഡ്ഡീസ് ലാബ്സ്, ഐഒസി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളിൽ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍ 13.69 ശതമാനം നേട്ടവുമായി മുന്നില്‍ നില്‍ക്കുന്നു. കെഎസ്ഇ ലിമിറ്റഡ് (5 ശതമാനം), ഹാരിസണ്‍സ് മലയാളം (4.76 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (3.26 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.02 ശതമാനം), എവിറ്റി (2.99 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (2.91 ശതമാനം), സിഎസ്ബി ബാങ്ക് (2.55 ശതമാനം) തുടങ്ങി 20 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
Gold & Silver Price Today
സ്വര്‍ണം :4560 , ഇന്നലെ :4560
വെള്ളി :71.20 , ഇന്നലെ :72.30
കോവിഡ് അപ്‌ഡേറ്റ്‌സ് - May 21, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍: 29673
മരണം: 142
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :26,031,991
മരണം:291,331
ലോകത്തില്‍ ഇതുവരെ
രോഗികള്‍:165,530,873
മരണം:3,430,323