ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 23, 2021

ലോക്ക്ഡൗണ്‍, കര്‍ഫ്യൂ, രാജ്യത്തിന് 1.5 ലക്ഷം കോടി രൂപയുടെ നഷ്ടം. എച്ച്ഡിഎഫ്‌സി പാര്‍ട് ടൈം ചെയര്‍മാന്‍ അതാനു ചക്രബര്‍ത്തിയുടെ നിയമനത്തിന് ആര്‍ബിഐ അംഗീകാരം. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കാനഡ നിര്‍ത്തിവച്ചു. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിവോടെ വിപണി. ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-04-23 19:49 IST

ലോക്ക്ഡൗണ്‍, കര്‍ഫ്യൂ; രാജ്യത്തിന് 1.5 ലക്ഷം കോടി രൂപയുടെ നഷ്ടം

കോവിഡ് വ്യാപനം തടയാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കണോമിക് വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ട്. ഇതുമൂലം 1.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തിനുണ്ടാവുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ''കോവിഡ് വ്യാപനം തടയാന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് 1.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. ഇതിന്റെ 54 ശതമാനവും മഹാരാഷ്ട്രയിലെ നിയന്ത്രങ്ങള്‍ കൊണ്ടാണ്,'' എസ് ബി ഐയിലെ ഇക്കണോമിക് ഉപദേഷ്ടാവ് ഡോ. സൗമ്യകാന്തി ഘോഷ് പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കാനഡ നിര്‍ത്തിവച്ചു 

ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള എല്ലാ യാത്രാ വിമാന സര്‍വീസുകളും കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു. യാത്രക്കാരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും കാനഡയിലെത്തിയ വിമാന യാത്രക്കാരില്‍ കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയതിനാല്‍ ഈ രാജ്യങ്ങളില്‍നിന്നും കാനഡയിലേക്കുള്ള വാണിജ്യ, സ്വകാര്യ യത്രാ വിമാനങ്ങളെല്ലാം 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര അല്‍ഗാബ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എച്ച്ഡിഎഫ്‌സി പാര്‍ട് ടൈം ചെയര്‍മാന്‍ അതാനു ചക്രബര്‍ത്തിയുടെ നിയമനത്തിന് ആര്‍ബിഐ അംഗീകാരം

എച്ച് ഡി എഫ് സി ബാങ്കിന്റെ പാർട്ട് ടൈം ചെയര്‍മാനായി അതാനു ചക്രബര്‍ത്തിയെ നിയമിക്കാന്‍ ആര്‍ബിഐ അംഗീകാരം. അതാനു ചക്രബര്‍ത്തിയെ പാര്‍ട്ട് ടൈം ചെയര്‍മാനായി 3 വര്‍ഷത്തേക്ക് നിയമിക്കാന്‍ ആര്‍ ബി ഐ അംഗീകാരം നല്‍കിയതായി എച്ച് ഡി എഫ് സി ബാങ്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി. പാര്‍ട്ട് ടൈം ചെയര്‍മാനായും ബാങ്കിന്റെ അഡീഷണല്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായും അതാനു ചക്രബര്‍ത്തിയെ നിയമിക്കുന്നത് പരിഗണിക്കുന്നതിനായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ യോഗം ഉടന്‍ തന്നെ വിളിച്ചുചേര്‍ക്കും.

സാനിറ്റൈസര്‍ ഉല്‍പ്പാദനവുമായി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് 

സാനിറ്റൈസര്‍ ഉല്‍പ്പാദനവുമായി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സും. ഇത്തരത്തില്‍ സാനിറ്റൈസര്‍ ഉല്‍പ്പാദനത്തിലേക്കു കടന്ന കേരളത്തിലെ ഏക പൊതുമേഖലാ മരുന്ന് നിര്‍മ്മാണ കമ്പനിയാണ് കെ എസ് ഡി പി. ഒരു വര്‍ഷത്തിനിടെ 42 ലക്ഷം സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുകയും സ്വകാര്യ കമ്പനികള്‍ ഈടാക്കുന്നതിന്റെ മൂന്നിലൊന്ന് വിലയ്ക്ക് വില്‍പന നടത്തുകയും ചെയ്തതായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കി.

ജാഗ്വര്‍ ലാന്‍ഡ്‌റോവര്‍ ഒരാഴ്ചത്തേക്ക് ഉല്‍പ്പാദനം നിര്‍ത്തുന്നു

സെമി കണ്ടക്ടര്‍ ക്ഷാമം വാഹന നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. സെമികണ്ടക്ടറിന്റെ ലഭ്യതക്കുറവ് കാരണം ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ്‌റോവര്‍ ഉല്‍പ്പാദനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കും. ഏപ്രില്‍ 26 മുതല്‍ കമ്പനി ഉല്‍പ്പാദനം പരിമിതപ്പെടുത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യാഴാഴ്ച വൈകുന്നേരം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. കാസില്‍ ബ്രോംവിച്ച്, ഹെയ്ല്‍വുഡ് പ്ലാന്റുകളിലെ നിര്‍മാണമാണ് തല്‍ക്കാലത്തേക്ക് പരിമിതപ്പെടുത്തുക.

സ്വര്‍ണം പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ്  28447 രൂപയായി. 4548 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വില.

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിവോടെ വിപണി

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ്, വണ്ടര്‍ലാ ഹോളിഡേയ്സ്, ഈസ്റ്റേണ്‍ ട്രെഡ്സ് അടക്കം 16 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നഷ്ടക്കണക്കുമായി ഓഹരി വിപണി. സെന്‍സെക്സ് 202.22 പോയ്ന്റ് താഴ്ന്ന് 47878.45 പോയ്ന്റിലും നിഫ്റ്റി 64.80 പോയ്ന്റ് ഇടിഞ്ഞ് 14341.35 പോയ്ന്റിലും ക്ലോസ് ചെയ്തു. നഷ്ടത്തിനിടയിലും പവര്‍ മേഖല കരുത്തു കാട്ടി. 2.35 ശതമാനം നേട്ടമാണ് പവര്‍ സൂചിക കൈവരിച്ചത്. യുട്ടിലിറ്റീസ് സൂചിക 1.75 ശതമാനം നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

16 കേരള ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 10.39 ശതമാനം നേട്ടത്തോടെ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് ആണ് മുന്നില്‍. വണ്ടര്‍ലാ ഹോളിഡേയസ് (5.06 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.86 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (4.58 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.40 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം

കെഎസ്ഇ, കേരള ആയുര്‍വേദ, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിറ്റ ജലാറ്റിന്‍, ആസ്റ്റര്‍ ഡി എം, കല്യാണ്‍ ജൂവലേഴ്സ് തുടങ്ങി 13 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

കോവിഡ് അപ്‌ഡേറ്റ്‌സ് ഏപ്രില്‍ 23

കേരളത്തില്‍ ഇന്ന്

രോഗികള്‍: 28447

മരണം: 27

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 16,263,695

മരണം: 186,920

ലോകത്തില്‍ ഇതുവരെ

രോഗികള്‍: 142,098,420

മരണം: 3,029,815



 




 


Tags:    

Similar News