ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 11, 2021

ഇന്ത്യ 50 മില്യണ്‍ ഫൈസര്‍ വാക്‌സിന്‍ വാങ്ങാന്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. ലോകത്തെ ക്രിപ്‌റ്റോകറന്‍സികളുടെ ആകെ വിപണിമൂല്യമുയര്‍ന്ന് 1.88 ട്രില്യണ്‍ ഡോളറായി. യുകെയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടിയതായി കണക്കുകള്‍. കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുന്നു. സെന്‍സെക്സില്‍ നേരിയ ഇടിവ്, നിഫ്റ്റി ഉയര്‍ന്നു.ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-08-11 19:51 IST
കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുന്നു
കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 23,500 പേര്‍ പുതുതായി കോവിഡ് ബാധിതരായി. 1,62,130 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാംപിളുകളാണ് പരിശോധിച്ചത്.
ഇന്ത്യ 50 മില്യണ്‍ ഫൈസര്‍ വാക്‌സിന്‍ വാങ്ങാന്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്
50 ദശലക്ഷം ഡോസ് ഫൈസര്‍ വാക്‌സിന്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. എന്നാല്‍ ഫൈസര്‍ ഇന്‍ക് ഇന്ത്യയില്‍ അതിന്റെ വാക്‌സിന്‍ ഉപയോഗിക്കുന്നതിനായുള്ള അനുമതി ഇതുവരെ തേടിയിട്ടില്ല.
ക്രിപ്‌റ്റോകറന്‍സികളുടെ ആകെ വിപണിമൂല്യം 1.88 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു
ഇക്കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഏകദേശം 2 ശതമാനം ഉയര്‍ന്ന് 1.88 ട്രില്യണ്‍ ഡോളറായിരിക്കുകയാണ് ക്രിപ്‌റ്റോകറന്‍സികളുടെ വിപണിവലുപ്പം. മൊത്തം ക്രിപ്റ്റോ മാര്‍ക്കറ്റ് വോള്യം ഏകദേശം 109.50 ബില്യണ്‍ ഡോളറായി തുടര്‍ന്നു. ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ ആകട്ടെ കഴിഞ്ഞ ദിവസത്തെ 45000 ഡോളര്‍ എന്ന മൂല്യത്തില്‍ നിന്നും നേരിയ ചാഞ്ചാട്ടങ്ങളോടെ 46000 നിരക്കില്‍ തുടരുകയാണ്. ഓഗസ്റ്റ് 11,(4ുാ )ലെ കണക്ക് പരിശോധിച്ചാല്‍ ഒരു ബിറ്റ്‌കോയിന്റെ മൂല്യം 46,150.60 ഡോളറാണ്.
യുകെയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടുന്നു
രാജ്യത്തെ കേന്ദ്രീകൃത ആപ്ലിക്കേഷന്റെ കണക്ക് പ്രകാരം, ഉന്നത വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് ചേക്കേറിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്. 2021 ല്‍ യുകെ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസം തേടി ഇന്ത്യയില്‍ നിന്ന് 3,200 വിദ്യാര്‍ത്ഥികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഫണ്ടുകള്‍ ലഭിച്ചാലും വോഡഫോണ്‍ ഐഡിയയ്ക്ക് രക്ഷയില്ല!
കോടികളുടെ നഷ്ടത്തില്‍ നിന്നും വോഡഫോണ്‍ഐഡിയയ്ക്ക് കരകയറാന്‍ ഫണ്ട് സ്വീകരിക്കുന്ന നടപടികള്‍ പോരാതെ വരുമെന്ന് റിപ്പോര്‍ട്ട്. സ്യൂസ് ക്രെഡിറ്റ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വോഡഫോണ്‍ ഐഡിയയുടെ പ്രതിസന്ധിയെക്കുറിച്ച് വിശദമാക്കുന്നത്. കമ്പനിയുടെ നിലവിലുള്ള മൊത്തം കടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. മാര്‍ച്ച് പാദത്തില്‍ 7,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. പണലഭ്യത കുറഞ്ഞതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലാണ്.
പാചകവാതക സിലിണ്ടര്‍ ഉപഭോക്താക്കളുടെ എണ്ണം 29.11 കോടിയിലെത്തി
ഇന്ത്യയിലെ പാചകവാതക സിലിണ്ടര്‍ ഉപഭോക്താക്കളുടെ എണ്ണം 29.11 കോടിയിലെത്തിയതായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സഹമന്ത്രി രാമേശ്വര്‍ തെലി രാജ്യസഭയില്‍ ബുധനാഴ്ച നല്‍കിയ മറുപടിയില്‍ പറഞ്ഞു. 01.04.2016 വരെ, രാജ്യത്ത് മൊത്തം 16.62 കോടി എല്‍പിജി ഉപഭോക്താക്കള്‍ ആണ് ഉണ്ടായിരുന്നത്. ഇതാണ്, 01.07.2021 വരെ 29.11 കോടിയായി വര്‍ധിച്ചതെന്നും പ്രസ്താവനയില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെന്‍സെക്സില്‍ നേരിയ ഇടിവ്, നിഫ്റ്റി ഉയര്‍ന്നു
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വലിയ മാറ്റങ്ങളില്ലാതെ ഓഹരി സൂചികകള്‍. സെന്‍സെക്സില്‍ നേരിയ ഇടിവിനും നിഫ്റ്റിയില്‍ നാമമാത്രമായ ഉയര്‍ച്ചയ്ക്കുമാണ് ഇന്ന് വിപണി സാക്ഷ്യം വഹിച്ചത്. സെന്‍സെക്സ് 28.73 പോയ്ന്റ് ഇടിഞ്ഞ് 54525.93 പോയ്ന്റിലും നിഫ്റ്റി 2.20 പോയ്ന്റ് ഉയര്‍ന്ന് 16282.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1007 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2123 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 131 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഒസി, എന്‍ടിപിസി, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ശ്രീസിമന്റ്സ്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസി ഐ ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 9.99 ശതമാനം നേട്ടവുമായി കിറ്റെക്സ് മുന്നിട്ടു നിന്നു. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (3.13 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (2.68 ശതമാനം), കേരള ആയുര്‍വേദ ( 2.08 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് ( 1.59 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.94 ശതമാനം), കൊച്ചിന്‍ മിനറല്‍ & റൂട്ടൈല്‍(0.90 ശതമാനം), ആസ്റ്റര്‍ ഡിഎം (0.64 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.




 


Tags:    

Similar News