കോവിഡ് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവുയും ഹെല്‍ത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബര്‍ 30വരെ നീട്ടി. ഓഗസ്റ്റ് 31വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്. ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍, കോവിഡ് വാക്സിന്‍ എന്നിവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്.
പുതിയ കോവിഡ് വകഭേദം 'സി.1.2' വാക്സിനും പിടിതരില്ലെന്ന് പഠനം
പുതിയ കോവിഡ് വകഭേദം 'സി.1.2' അതിഭീകരമെന്ന് പഠനം. ഇത് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്സിനെ അതിജീവിക്കുന്നതുമാണെന്നാണ് പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നെറ്റാല്‍ റിസര്‍ച്ച് ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിംഗ പ്ലാറ്റ്ഫോം എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈ വര്‍ഷം മെയിലാണ് കോവിഡിന്റെ സി.1.2 വകഭേദം ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്.
പുതിയ വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും ഷോറൂമിലേക്ക് മാറുന്നു
പുതിയ വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും വാഹനങ്ങളുടെ അതാത് ഷോറൂമിലേക്ക് മാറ്റുന്നു. ഡീലര്‍ ആണ് ഉപഭോക്താവിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപ്പോള്‍തന്നെ നമ്പര്‍ അനുവദിക്കുന്ന വിധത്തില്‍ വാഹന്‍ സോഫ്റ്റ്വെയറില്‍ മാറ്റംവരുത്തുമെന്നാണ് അറിയിപ്പ്. ഓണ്‍ലൈന്‍ അപേക്ഷ പരിശോധിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.
ബാങ്ക് ഓഫ് ബറോഡ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശാന്തി ലാല്‍ ജെയിന്‍ പടിയിറങ്ങുന്നു
ശാന്തി ലാല്‍ ജെയിന്‍ സെപ്റ്റംബര്‍ മുതല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്ന് ബാങ്ക് ഓഫ് ബറോഡ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യന്‍ ബാങ്കിന്റെ എംഡിയായും സിഇഒയായും ജെയിന്‍ ചുമതലയേല്‍ക്കും.
വിപ്രോ ലിമിറ്റഡ് രണ്ടാമത്തെ ശമ്പളവര്‍ധന നടപ്പാക്കുന്നു
ഐടി സേവന ദാതാക്കളായ വിപ്രോ ലിമിറ്റഡ് രണ്ടാമത്തെ ശമ്പളവര്‍ധനവ് നടപ്പാക്കുന്നു. ശമ്പള വര്‍ധനവ് നേരത്തെ പ്രഖ്യാപിച്ചതുപോലെ 2021 സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 2021 ജനുവരിയില്‍ ആണ് 80 ശതമാനത്തോളം വരുന്ന ഇ ബാന്‍ഡ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പാക്കുമെന്ന് അറിയിച്ചത്.
ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കോവിഡിന് മുന്‍പുള്ള നിലയിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്
ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കോവിഡിന് മുന്‍പുള്ള നിലയിലെത്തുന്നതായി നൊമുറ റിപ്പോര്‍ട്ട്. നൊമുറ ഇന്ത്യ ബിസിനസ് പുനരാരംഭിക്കല്‍ സൂചിക മുന്‍ ആഴ്ചയിലെ 101.3 ല്‍ നിന്ന് ആഗസ്റ്റ് 29 ന് അവസാനിക്കുന്ന ആഴ്ചയില്‍ 102.7 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരക്ക് വര്‍ധിപ്പിക്കാന്‍ മടിക്കില്ലെന്ന് എയര്‍ടെല്‍
നിലനില്‍പ്പിനായി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മടിക്കില്ലെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍. 21000 കോടി രൂപ അവകാശ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാനുള്ള നീക്കം അറിയിച്ചതിനു പിന്നാലെയാണ് ചെയര്‍മാന്റെ പ്രഖ്യാപനം. നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.
മാരുതിയുടെ വില വര്‍ധന സെപ്റ്റംബര്‍ ഒന്ന് മുതല്‍; ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം
രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വിവിധ മോഡലുകളുടെ വില വര്‍ധനവ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍, ജൂലൈ എന്നീ മാസങ്ങളില്‍ നേരത്തെ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. അതിനിടെ, വില വര്‍ധനവ് പ്രാബല്യത്തില്‍ വരാനിരിക്കെ മാരുതി സുസുകി ഓഹരി വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഓഹരി വിലയില്‍ 172 രൂപയുടെ (2.6 ശതമാനം) വര്‍ധനവാണ് ഇന്ന് ഉണ്ടായത്. 6,796.90 രൂപയാണ് മാരുതിയുടെ ഒരു ഓഹരിയുടെ വില (30082021).
ആഗോള വിപണി കരുത്ത് കാട്ടിയതോടെ ഇന്ത്യന്‍ ഓഹരി സൂചികകളിലും മുന്നേറ്റം. റെക്കോര്‍ഡ് നേട്ടത്തിലാണ് ഇന്ന് സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്സ് 765.04 പോയ്ന്റ് ഉയര്‍ന്ന് 56889.76 പോയ്ന്റിലും നിഫ്റ്റി 225.80 പോയ്ന്റ് ഉയര്‍ന്ന് 16931 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 2067 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 998 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ 10.25 ശതമാനം നേട്ടമാണ് ഇന്ന് ഉണ്ടാക്കിയത്. വിക്ടറി പേപ്പര്‍ ആന്റ് ബോര്‍ഡ്സ് (5 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.69 ശതമാനം), എവിറ്റി (4.27 ശതമാനം), ഫെഡറല്‍ ബാങ്ക് (4.23 ശതമാനം), നിറ്റ ജലാറ്റിന്‍ (4.06 ശതമാനം), എഫ്എസിടി (2.44 ശതമാനം), കെഎസ്ഇ (2.34 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.16 ശതമാനം) തുടങ്ങി 22 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
Exchange Rates : August 30, 2021
ഡോളര്‍- 73.21
പൗണ്ട്- 100.70
യുറോ- 86.33
സ്വിസ് ഫ്രാങ്ക് - 79.83
കാനഡ ഡോളര്‍- 58.04
ഓസി ഡോളര്‍- 53.37
സിംഗപ്പൂര്‍ ഡോളര്‍- 54.43
ബഹ്റൈന്‍ ദിനാര്‍- 194.19
കുവൈറ്റ് ദിനാര്‍- 243.36
ഒമാന്‍ റിയാല്‍- 190.13
സൗദി റിയാല്‍- 19.52
യുഎഇ ദിര്‍ഹം- 19.93