ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 07, 2021
ക്രിപ്‌റ്റോകറന്‍സി കൈവശമുള്ളവര്‍ക്ക് ആസ്തി വെളിപ്പെടുത്താന്‍ കേന്ദ്രം സമയപരിധി നല്‍കിയേക്കും. എയര്‍പോര്‍ട്ടിലെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നികുതി ഒഴിവാക്കി. അബുദാബി കെമിക്കല്‍സുമായി പുതിയ സംരംഭത്തിന് തുടക്കമിട്ട് റിലയന്‍സ്. പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക എസ് എം എസ് സൗകര്യമൊരുക്കണമെന്ന് ട്രായ്. ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികളുടെ പിന്തുണയോടെ ഓഹരി സൂചികകള്‍ മുന്നേറി. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
രാജ്യത്ത് ക്രിപ്‌റ്റോകറന്‍സി കൈവശമുള്ളവര്‍ക്ക് ആസ്തി വെളിപ്പെടുത്താന്‍ കേന്ദ്രം സമയപരിധി നല്‍കിയേക്കും
രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് പുതിയ നിയമങ്ങള്‍ വരാനിരിക്കുന്ന സാഹചര്യത്തില്ഡ നിലവില്‍ ക്രിപ്റ്റോകറന്‍സി കൈവശമുള്ളവര്‍ക്ക് ക്രിപ്‌റ്റോ ആസ്തികള്‍ വെളിപ്പെടുത്താന്‍ സമയപരിധി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ കറന്‍സികളെ ആസ്തിയായി കണക്കാക്കി അവയുടെ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യെ ചുമതലപ്പടുത്താനാണ് തീരുമാനം. റിസര്‍വ് ബാങ്കും സര്‍ക്കാരും അടുത്ത വര്‍ഷം ആദ്യം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ നിന്ന് ക്രിപ്‌റ്റോകളെ വ്യക്തമായി വേര്‍തിരിക്കുന്ന തരത്തില്‍ ക്രിപ്‌റ്റോ അസറ്റ് എന്നായിരിക്കും നിലവിലുള്ള ക്രിപ്‌റ്റോ കറന്‍സികളെ കണക്കാക്കുക.
എയര്‍പോര്‍ട്ടിലെ ആര്‍ടിപിസിആര്‍ പരിശോധന; നിരക്കിലെ നികുതി ഒഴിവാക്കി
വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്കിലെ നികുതി ഒഴിവാക്കി കേന്ദ്രം. ഇതോടെ നിരക്ക് 1580 രൂപയാകും. നേരത്തേ ഇത് 2400 രൂപ മുതല്‍ മുകളിലേക്കായിരുന്നു. സര്‍ക്കാര്‍ വിമാനത്താവളങ്ങളിലെ നിരക്കാണു പെട്ടെന്ന് കുറയുക. ഇതനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെ നിരക്ക് കുറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ തീരുമാനമെടുത്തിട്ടില്ല.
അബുദാബി കെമിക്കല്‍സുമായി പുതിയ സംരംഭത്തിന് തുടക്കമിട്ട് റിലയന്‍സ്
രാസ ഉല്‍പ്പാദനത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), അബുദാബി കെമിക്കല്‍സ് ഡെറിവേറ്റീവ്‌സ് കമ്പനിയായ ആര്‍എസ്സി ലിമിറ്റഡുമായി (താസിസ്) 2 ബില്യണ്‍ ഡോളറിന്റെ പങ്കാളിത്തം രൂപീകരിച്ചതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചു. ക്ലോര്‍-ആല്‍ക്കലി, എഥിലീന്‍ ഡൈക്ലോറൈഡ് (ഇഡിസി), പോളി വിനൈല്‍ ക്ലോറൈഡ് (പിവിസി) എന്നിവ നിര്‍മ്മിക്കുന്നതായിരിക്കും പുതിയ സംയുക്ത സംരംഭം.
പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക എസ് എം എസ് സൗകര്യമൊരുക്കണമെന്ന് ട്രായ്
ഒരു ടെലികോം കാരിയറില്‍ നിന്നും മറ്റൊരു കണക്ഷനിലേക്ക് പോര്‍ട്ട് ചെയ്യാന്‍ 1900 നമ്പറിലേക്ക് എസ് എം എസ് സൗകര്യം ഒരുക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ടെലികോം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.
യു.എ.ഇയില്‍ ഇനി ഞായറാഴ്ചയും അവധി, വെള്ളിയാഴ്ച ഉച്ചവരെ ജോലി
യു.എ.ഇ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ ഞായറാഴ്ചയും അവധി. നിലവിലുള്ള ശനിയാഴ്ചത്തെ അവധി തുടരും. വെള്ളിയാഴ്ച ഉച്ചവരെ മാത്രമായിരിക്കും ജോലി. ഇത് വീട്ടില്‍ നിന്നുമാവാം. 2022 ജനുവരി മുതല്‍ പുതിയ വീക്കെന്‍ഡ് സംവിധാനം നിലവില്‍വരും. പുതിയ പ്രവൃത്തിഘടന പിന്തുടരുമെന്ന് അബുദാബി, ദുബൈ ഗവണ്‍മെന്റുകള്‍ പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് സ്റ്റാഫിന് തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെയുമായിരിക്കും പുതിയ ഘടനപ്രകാരമുള്ള ജോലി.
ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികള്‍ കരുത്തായി; ഓഹരി സൂചികകളില്‍ മുന്നേറ്റം
റിസര്‍വ് ബാങ്കിന്റെ പണനയം നാളെ പ്രഖ്യാപിക്കാനിരിക്കേ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 886.51 പോയ്ന്റ് ഉയര്‍ന്ന് 57633.65 പോയ്ന്റിലും നിഫ്റ്റി 264.40 പോയ്ന്റ് ഉയര്‍ന്ന് 17176.70 പോയ്ന്റിലും ക്ലോസ് ചെയ്തു.
പണനയത്തില്‍ പ്രതീക്ഷ നട്ട് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് ഇന്ത്യന്‍ വിപണിയിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. അതേസമയം ഒമിക്രോണ്‍ വ്യാപനം കരുതിയതുപോലെ അത്ര രൂക്ഷമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആഗോള വിപണികള്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് വ്യാപാരം നടത്തിയത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍ (4.55 ശതമാനം), ഹാരിസണ്‍സ് മലയാളം (3.87 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.24 ശതമാനം), കേരള ആയുര്‍വേദ (2.63 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.14 ശതമാനം), ഫെഡറല്‍ ബാങ്ക് (2.05 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.94 ശതമാനം) തുടങ്ങി 23 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി.