ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 27, 2021

രാജ്യത്തിന്റെ കയറ്റുമതി 36.2 ശതമാനം ഉയര്‍ന്നു. ഒമിക്രോണ്‍ പടരുന്നു, 4500 വിമാനങ്ങള്‍ കൂടി റദ്ദാക്കി. ജനുവരി ഒന്നുമുതല്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-12-27 15:56 GMT

രാജ്യത്തിന്റെ കയറ്റുമതി 36.2 ശതമാനം ഉയര്‍ന്നു

ഡിസംബര്‍ 1-21 കാലയളവില്‍ രാജ്യത്തിന്റെ കയറ്റുമതി 36.2 ശതമാനം ഉയര്‍ന്ന് 23.82 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍. ഈ കാലയളവില്‍ പെട്രോളിയം ഒഴികെയുള്ള കയറ്റുമതി 28.08 ശതമാനം വര്‍ധിച്ചു.

ഒമിക്രോണ്‍; 4500 വിമാനങ്ങള്‍ കൂടി റദ്ദാക്കി

ഒമിക്രോണ്‍ മൂലം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ലോകത്ത് ഏകദേശം 4500 പാസഞ്ചര്‍ ഫ്‌ളൈറ്റുകള്‍ റദ്ദാക്കപ്പെട്ടു. ക്രിസ്മസ് വാരാന്ത്യ യാത്രക്കായി ഒരുങ്ങിയ ആയിരക്കണക്കിന് പേരുടെ യാത്ര ഇതോടെ മുടങ്ങി. ഫ്‌ളൈറ്റ് ജീവനക്കാരുടെ സമ്പര്‍ക്കം, ക്വാറന്റീന്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് വിമാനങ്ങള്‍ റദ്ദാക്കപ്പെടാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി ഒന്നുമുതല്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍

2022 ജനുവരി 3 മുതല്‍ 15-18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പിന് ജനുവരി 1 മുതല്‍ അനുമതി. CoWIN ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്ന് CoWIN പ്ലാറ്റ്‌ഫോം ചീഫ് ഡോ. ആര്‍.എസ്. ശര്‍മ്മ തിങ്കളാഴ്ച അറിയിച്ചു.

എയര്‍ ഇന്ത്യ ഏറ്റെടുക്കല്‍ അല്‍പ്പം വൈകിയേക്കും

എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് ജനുവരി വരെ ഒരു മാസം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

കിറ്റെക്‌സ് ഗാന്‍മെന്റ്‌സ് ഓഹരിവില ഉയര്‍ന്നു

ഇന്ന് കുത്തനെ താഴ്ന്ന് ഓഹരിവില അവസാന ലാപ്പില്‍ കുതിച്ചുകയറി. ഇന്ന് 1.99% നേട്ടത്തില്‍ 192 രൂപയിലാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം നടന്ന സംഘര്‍ഷത്തിലും കൊള്ളിവെപ്പിലും കേരളക്കര അമ്പരന്നിരിക്കെ ഈ സംഭവം കമ്പനിയുടെ ഓഹരി വിപണിയിലെ പ്രകടനത്തെ ബാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍. സെന്‍സെക്സ് 334.86 പോയ്ന്റ് ഉയര്‍ന്ന് 57459.17 പോയ്ന്റിലും നിഫ്റ്റി 92.50 പോയ്ന്റ് ഉയര്‍ന്ന് 17096.30 പോയ്ന്റിലും ക്ലോസ് ചെയ്തു. 1944 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1285 ഓഹരികളുടെ വില ഇടിഞ്ഞു. 124 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടെക് മഹീന്ദ്ര, സ്ിപ്ല, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, യുപിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 19 എണ്ണത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. നിറ്റ ജലാറ്റിന്‍ (5.26 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.94 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.90 ശതമാനം), ഹാരിസണ്‍സ് മലയാളം (4.68 ശതമാനം), ആസ്റ്റര്‍ ഡിഎം (2.97 ശതമാനം) സ്‌കൂബീ ഡേ (2.95 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.

Tags:    

Similar News