ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 07, 2022

എല്‍ഐസി ഐപിഒയില്‍ പോളിസി ഉടമകള്‍ക്ക് ഇളവുകള്‍ ലഭിക്കാന്‍ സാധ്യത. നിരക്ക് വര്‍ധനയാവശ്യപ്പെട്ട് കെ എസ് ഇ ബി. നിറ്റാ ജലാറ്റിന്‍ ഇന്ത്യയുടെ ലാഭത്തില്‍ 39 ശതമാനം വര്‍ധന. ഉജ്ജീവന്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ പുതിയ തലവനായി ശ്രീറാം ശ്രീനിവാസന്‍. 1,024 പോയ്ന്റ് ഇടിഞ്ഞ് സെന്‍സെക്സ്. സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2022-02-07 12:24 GMT
എല്‍ഐസി ഐപിഒ; പോളിസി ഉടമകള്‍ക്ക് ഇളവ് ലഭിക്കാന്‍ സാധ്യത
ഇന്‍ഷുറന്‍സ് ഭീമന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഏറെ കാത്തിരിക്കുന്ന ഐപിഒയ്ക്കായി ഈ ആഴ്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്യുകയാണ്. എല്‍ ഐ സി പോളിസി ഉടമകള്‍ക്ക്
ഓഹരിയില്‍ 5-7 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇടിനൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ധനയാവശ്യപ്പെട്ട് കെഎസ്ഇബി
ഗാര്‍ഹിക വൈദ്യുതി നിരക്ക് 18 ശതമാനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. പൊതുജനാഭിപ്രായം കൂടി തേടിയ ശേശം റഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്.
ഉജ്ജീവന്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ പുതിയ തലവനായി ശ്രീറാം ശ്രീനിവാസന്‍
ഉജ്ജീവന്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ പുതിയ തലവനായി വ്യവസായ പ്രമുഖനായ ശ്രീറാം ശ്രീനിവാസനെ നിയമിച്ചതായി ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തിങ്കളാഴ്ച അറിയിച്ചു. ബാങ്കിലും അതിന്റെ സേവനങ്ങളിലും ഡിജിറ്റല്‍ അഡോപ്ഷന്‍ ശക്തമാക്കുന്നതിന്റെ ചുമതലയായിരിക്കും ഇദ്ദേഹത്തിന്. ജപ്പാന്‍, ഇന്ത്യ, സിംഗപ്പൂര്‍, ഹോങ്കോംഗ്, വിയറ്റ്‌നാം, ചൈന വിപണികളില്‍ ആഗോളതലത്തിലും രാജ്യത്തും പ്രാദേശിക തലത്തിലും 26 വര്‍ഷത്തിലേറെയായി വിപുലമായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ് അദ്ദേഹം.
നിറ്റാ ജലാറ്റിന്‍ ഇന്ത്യയുടെ ലാഭത്തില്‍ 39 ശതമാനം വര്‍ധന
നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നികുതി അടക്കമുള്ള ലാഭത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 39% വളര്‍ച്ച നേടി. 2020-2021 വര്‍ഷം ഇതേ കാലയളവില്‍ നേടിയ 15.6 കോടി രൂപയെ അപേക്ഷിച്ച് ഈ കാലയളവിലെ മൊത്ത ലാഭം 21.7 കോടി രൂപയാണ്. ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവയുടെ സംയുക്ത സംരംഭമാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ.
1,024 പോയ്ന്റ് ഇടിഞ്ഞ് സെന്‍സെക്സ്
കേന്ദ്ര ബജറ്റ് ഉയര്‍ത്തിയ ആവേശത്തിരമാല ഓഹരി വിപണിയില്‍ നിന്ന് പിന്‍വാങ്ങി. ഇന്ന്, തുടര്‍ച്ചയായി മൂന്നാം ദിവസവും, ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്സ് 1,024 പോയ്ന്റ് അഥവാ 1.75 ശതമാനം ഇടിഞ്ഞ് 57,621ലും നിഫ്റ്റ് 303 അഥവാ 1.73 ശതമാനം ഇടിഞ്ഞ് 17,150ലും ക്ലോസ് ചെയ്തു. തുടര്‍ച്ചയായി മൂന്ന് ദിവസം സൂചികകള്‍ ഇടിവ് രേഖപ്പെടുത്തിയതോടെ നിക്ഷേപകരുടെ ഏഴ് ലക്ഷം കോടി രൂപയാണ് ആവിയായി പോയത്.
കേരള കമ്പനികളുടെ പ്രകടനം
പത്ത് കേരള കമ്പനികളുടെ ഓഹരി വിലകളാണ് ഇന്ന് താഴാതെ പിടിച്ചുനിന്നത്. അപ്പോളോ ടയേഴ്സ്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത്, ഇന്‍ഡിട്രേഡ്, കിംഗ്സ് ഇന്‍ഫ്ര, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്സ്പിന്‍, വിഗാര്‍ഡ് ഓഹരി വിലകള്‍ ഉയര്‍ന്നു. വി ഗാര്‍ഡ് ഓഹരി വില 3.65 ശതമാനം കൂടി. കിംഗ്സ് ഇന്‍ഫ്ര ഓഹരി വിലയും 3.80 ശതമാനം കൂടി.
കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് സ്വര്‍ണവിലയിലെ വര്‍ധന. 22 കാരറ്റ് വിഭാഗത്തില്‍ ഒരു ഗ്രാമിന് 4520 രൂപയാണ് വില, 36160 രൂപയാണ് പവന് വില.


Tags:    

Similar News