ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 21, 2022
ഫാംഈസി ഉള്‍പ്പെടെ മൂന്നു കമ്പനികളുടെ ഐപിഓയ്ക്ക് സെബി അനുമതി. കോര്‍ബ് ഇ-വാക്‌സ് കോവിഡ് വാക്‌സിന് അനുമതി. ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവ്. ഐഡിബിഐ ബാങ്കിന്റെ മുഴുവന്‍ ഓഹരികളും എല്‍ഐസി ഐപിഓയില്‍ വില്‍ക്കില്ല. സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകള്‍ താഴേക്ക്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഫാംഈസി ഉള്‍പ്പെടെ മൂന്നു കമ്പനികളുടെ ഐപിഓയ്ക്ക് അനുമതി
അജക ഹോള്‍ഡിംഗ്സിന്റെ ഫാം ഈസി, അഡാര്‍ പൂനവാല പിന്തുണയുള്ള വെല്‍നസ് ഗ്രൂപ്പ് ഫോറെവര്‍ മെഡികെയര്‍, മെറ്റല്‍ റീസൈക്ലിംഗ് സ്ഥാപനമായ CMR ഗ്രീന്‍ ടെക്നോളജീസ് എന്നിവര്‍ നടത്തുന്ന പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് സെബി അംഗീകാരം നല്‍കി.
കാലിത്തീറ്റ കുംഭകോണം; അഞ്ചാമത്തെ കേസില്‍ ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവ്
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ വിധിവന്നു, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവ്. ഡോറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് നടപടിയായത്. 60 ലക്ഷം രൂപ പിഴയും ഈടാക്കും.
കോര്‍ബ് ഇ-വാക്‌സ് കോവിഡ് വാക്‌സിന് അനുമതി
ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോവിഡ്് വാക്‌സിന്‍ കോര്‍ബ് വാക്‌സിന് അനുമതി. 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിനാണ് രാജ്യത്ത് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. ഇന്ത്യയിലെ മൂന്നാമത്തെ ഹോം ഗ്രൗണ്‍ വാക്‌സിന്‍ കൂടിയാണ് Corbev-ax.
എല്‍ഐസി ഐപിഒ; ഐഡിബിഐ ബാങ്കിലെ മുഴുവന്‍ ഓഹരികളും വില്‍ക്കില്ല
ഐഡിബിഐ ബാങ്കിലെ മുഴുവന്‍ ഓഹരികളും വില്‍ക്കില്ല. ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വിപണനം ചെയ്യാന്‍ എല്‍ഐസി മെയ്ന്‍ ബ്രാഞ്ചുകള്‍ ഉപയോഗിക്കാമെന്നും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ചെയര്‍മാന്‍ തിങ്കളാഴ്ച അറിയിച്ചു.
ഐടി കമ്പനികളിലെ നിയമനത്തില്‍ റെക്കോര്‍ഡ് വര്‍ധന
ഐടി കമ്പനികളിലെ നിയമനത്തില്‍ റെക്കോര്‍ഡ് വര്‍ധന. TCS, Infosys, Wipro, Cognizant, HCL Tech, Tech Mahindra, Accenture, Capgemini എന്നിവയുള്‍പ്പെടെയുള്ള ഐടി കമ്പനികള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 2.3 ലക്ഷത്തിലധികം പുതിയ ബിരുദധാരികളെയാണ് നിയമിച്ചത്.
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price) നേരിയ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇപ്പോള്‍ 4590 രൂപയാണ് വില. ഒരു പവന് 36720 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞു, 3790 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.
തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞ് സൂചികകള്‍
ഉക്രൈനിലെ പ്രതിസന്ധി ആശങ്കയായി നിലനില്‍ക്കേ തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്സ് 149.38 പോയ്ന്റ് ഇടിഞ്ഞ് 57683.59 പോയ്ന്റിലും നിഫ്റ്റി 69.60 പോയ്ന്റ് ഇടിഞ്ഞ് 17,206.70 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
678 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2693 ഓഹരികളുടെ വില ഇടിഞ്ഞു. 116 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ഒഎന്‍ജിസി, അദാനി പോര്‍ട്സ് തുടങ്ങിയവയാണ് വിലിയിടിഞ്ഞ പ്രമുഖ ഓഹരികള്‍. വിപ്രോ, ഇന്‍ഫോസിസ്, ശ്രീ സിമന്റ്സ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. കാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, ഫാര്‍മ, പവര്‍, റിയല്‍റ്റി സൂചികകളില്‍ 1-2 ശതമാനം ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ 0.8-2.2 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഫെഡറല്‍ ബാങ്ക് (1.89 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (0.90 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.47 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.36 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്സ്, സിഎസ്ബി ബാങ്ക്, പാറ്റ്സ്പിന്‍ ഇന്ത്യ, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ഹാരിസണ്‍സ് മലയാളം, എഫ്എസിടി, കല്യാണ്‍ ജൂവലേഴ്സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 25 കേരള കമ്പനി ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.