ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 11, 2022

വോഡഫോണ്‍ ഐഡിയയില്‍ ഏറ്റവും വലിയ ഓഹരി പങ്കാളി ഇനി സര്‍ക്കാര്‍. ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി ടാറ്റ ഗ്രൂപ്പ്. ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചയെ കോവിഡ് പ്രതികൂലമായി ബാധിക്കില്ലെന്ന് എന്‍. ചന്ദ്രശേഖരന്‍. ഓഹരി സൂചികകള്‍ ഉയര്‍ന്നു. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

Update:2022-01-11 18:30 IST
ടാറ്റ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍
രാജ്യത്തെ ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഇനി ടാറ്റ. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ വിവോയെ മാറ്റിയാണ് ടാറ്റ എത്തുന്നത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം.

ഇതാദ്യമായാണ് ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി ടാറ്റ ഗ്രൂപ്പ് വരുന്നത്. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
വോഡഫോണ്‍ ഐഡിയയില്‍ കേന്ദ്രം ഏറ്റവും വലിയ ഓഹരി പങ്കാളി
സര്‍ക്കാരിന് സ്പക്ട്രം ഫീസിലും റവന്യു വിഹിതത്തിലും നല്‍കാനുള്ള കുടിശിക ഓഹരിയാക്കി മാറ്റാന്‍ വോഡഫോണ്‍ ഐഡിയ തീരുമാനിച്ചതോടെ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളിയായി സര്‍ക്കാര്‍ മാറി. എന്നിരുന്നാലും കമ്പനി നടത്തിപ്പില്‍ യാതൊരു മാറ്റവും വരാനിടയില്ല. കേന്ദ്രത്തിന് ഇനി 35.8 ശതമാനം ഓഹരികളാണ് കമ്പനിയിലുണ്ടാവുക. വോഡഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനം ഓഹരികളും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരികളുമാണ് ഉണ്ടാവുക.
ആഗോള വളര്‍ച്ചയെ ഈ ദശകത്തില്‍ ഇന്ത്യ നയിക്കും: എന്‍. ചന്ദ്രശേഖരന്‍
മഹാമാരി കാലം കടന്ന് സമ്പദ് മേഖല പൂര്‍ണമായും തുറന്നുവരുമ്പോള്‍ ഈ ദശകത്തിലെ ആഗോള സാമ്പത്തിക വളര്‍ച്ചയെ ഇന്ത്യ മുന്നില്‍ നിന്ന് നയിക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. കോവിഡ് മഹാമാരി രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചാ ഗതിയെ വലിയതോതില്‍ സ്വാധീനിക്കാനിടയില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. ടെക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഫ്യൂച്ചര്‍ റെഡിയെന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍.
ചൈനീസ് നിക്ഷേപം: ഇളവുകള്‍ നല്‍കിയേക്കും
രാജ്യത്തേക്ക് വന്‍തോതില്‍ ചൈനീസ് നിക്ഷേപം ഒഴുകി വരുന്നതിന് തടയിടാനും ഇന്ത്യന്‍ കമ്പനികളില്‍ ചൈനീസ് മേല്‍ക്കോയ്മ ചെറുക്കുന്നതിനുമായി നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ കൊണ്ടുവന്ന പരിഷ്‌കരണം ലഘൂകരിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കവും കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളില്‍ ചൈനീസ് നിക്ഷേപം ഉയര്‍ത്തിയതുമാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച എല്ലാ പദ്ധതികളും കേന്ദ്രം നേരിട്ട് പരിശോധന നടത്തുകയാണ് ഇപ്പോള്‍. ഇതോടെ ആറ് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുയാണിപ്പോള്‍. അതുകൊണ്ടാണ് നയം ലഘൂകരിക്കാന്‍ ആലോചിക്കുന്നത്.

ഐറ്റി, പവര്‍, റിയല്‍റ്റി ഓഹരികള്‍ തുണച്ചു ഓഹരി സൂചികകള്‍ ഉയര്‍ന്നു
ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. ഐറ്റി, പവര്‍, റിയല്‍റ്റി ഓഹരികളുടെ കരുത്തിലാണ് ഇന്ന് വിപണി മുന്നേറിയത്. സെന്‍സെക്സ് 221.26 പോയ്ന്റ് ഉയര്‍ന്ന് 60616.89 പോയ്ന്റിലും നിഫ്റ്റി 52.50 പോയ്ന്റ് ഉയര്‍ന്ന് 18055.80 പോയ്ന്റിലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 1757 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1481 ഓഹരികളുടെ വിലയിടിഞ്ഞു. 55 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു. 10.72 ശതമാനം നേട്ടവുമായി കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ആണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. ഹാരിസണ്‍സ് മലയാളം (7.88 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (6.23 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.99 ശതമാനം), കേരള ആയുര്‍വേദ (4.44 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (3.81 ശതമാനം), പാറ്റസ്്പിന്‍ ഇന്ത്യ (3.74 ശതമാനം) തുടങ്ങിയ കേരള കമ്പനികളുടെ ഓഹരി വില കൂടി. അതേസമയം കല്യാണ്‍ ജൂവലേഴ്സ്, മണപ്പുറം ഫിനാന്‍സ്, കിറ്റെക്സ്, കെഎസ്ഇ, എഫ്എസിടി, മുത്തൂറ്റ് ഫിനാന്‍സ്, എവിറ്റി തുടങ്ങി 15 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

ജനുവരി 11, 2022

ഡോളര്‍ 73.93

പൗണ്ട് 100.52

യുറോ 83.76

സ്വിസ് ഫ്രാങ്ക് 79.77

കാനഡ ഡോളര്‍ 58.46

ഓസിസ് ഡോളര്‍ 53.06

സിംഗപ്പൂര്‍ ഡോളര്‍ 54.61

ബഹ്റൈന്‍ ദിനാര്‍ 196.64

കുവൈറ്റ് ദിനാര്‍ 244.36

ഒമാന്‍ റിയാല്‍ 192.26

സൗദി റിയാല്‍ 19.71

യുഎഇ ദിര്‍ഹം 20.13

Tags:    

Similar News