ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 26, 2021

സര്‍ക്കാരിന്റെ മൊത്തം നികുതി പിരിവ് 86 ശതമാനം ഉയര്‍ന്ന് 5.57 ലക്ഷം കോടി രൂപയായി. 4,451 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടാറ്റാ മോട്ടോഴ്സ്. രാജ്യത്തെ വിമാനത്താവളങ്ങള്‍ വന്‍ നഷ്ടത്തില്‍. ഡിജിറ്റല്‍ കറന്‍സി സ്വീകരിക്കാനൊരുങ്ങി ആമസോണ്‍. സെന്‍സെക്സ് 123 പോയ്ന്റ് ഇടിഞ്ഞു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-07-26 20:55 IST

സര്‍ക്കാരിന്റെ മൊത്തം നികുതി പിരിവ് 86 ശതമാനം ഉയര്‍ന്ന് 5.57 ലക്ഷം കോടി രൂപയായി

ഏപ്രില്‍ 

സര്‍ക്കാരിന്റെ മൊത്തം നികുതി പിരിവ് 86 ശതമാനം ഉയര്‍ന്ന് 5.57 ലക്ഷം കോടി രൂപയായി. 4,451 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടാറ്റാ മോട്ടോഴ്സ്. രാജ്യത്തെ വിമാനത്താവളങ്ങള്‍ വന്‍ നഷ്ടത്തില്‍. ഡിജിറ്റല്‍ കറന്‍സിയും സ്വീകരിക്കാനൊരുങ്ങി ആമസോണ്‍. സെന്‍സെക്സ് 123 പോയ്ന്റ് ഇടിഞ്ഞു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

- ജൂണ്‍ പാദത്തില്‍ സര്‍ക്കാരിന്റെ മൊത്തം നികുതി പിരിവ് 86 ശതമാനം വര്‍ധിച്ച് 5.57 ലക്ഷം കോടി രൂപയായതായി  പാര്‍ലമെന്റിനെ അറിയിച്ചു. 2.46 ലക്ഷം കോടി പ്രത്യക്ഷ നികുതിയും 3.11 ലക്ഷം കോടി പരോക്ഷ നികുതിയുമാണ്. ആദ്യ പാദത്തിലെ മൊത്തം നേരിട്ടുള്ള നികുതി പിരിവ് 2,46,519.82 കോടി രൂപയാണ്. മുന്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഇത് 1,17,783.87 കോടി രൂപയായിരുന്നു.

രാജ്യത്തെ വിമാനത്താവളങ്ങള്‍ നഷ്ടത്തില്‍, തിരുവനന്തപുരത്തെ നഷ്ടം മാത്രം 100 കോടി

രാജ്യത്ത് എയര്‍പോര്‍ട്ട് ഓപ്പറേറ്റിംഗ് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 107 വിമാനത്താവളങ്ങളും വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. 2,948.97 കോടി രൂപയാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ള നഷ്ടം. 136 വിമാനത്താവളങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ളത്. മുന്‍സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് നഷ്ടംഇരട്ടിയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളമാണ് രണ്ടാമത്തെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയ വിമാനത്താവളം.

ആമസോണ്‍ ഡിജിറ്റല്‍ കറന്‍സിയും സ്വീകരിക്കാനൊരുങ്ങുന്നു

ആമസോണ്‍ ഡിജിറ്റല്‍ കറന്‍സിയും സ്വീകരിക്കാനൊരുങ്ങുന്നു. ഉല്‍പ്പന്നങ്ങളുടെ വിലയായി പണത്തിനു പകരം ഭാവിയില്‍ ക്രിപ്‌റ്റോകറന്‍സി സ്വീകരിക്കാനും പദ്ധതിയുണ്ട്. ഡിജിറ്റല്‍ കറന്‍സി ആന്റ് ബ്ലോക്ക്ചെയിന്‍ പ്രൊഡക്ട് ലീഡിനെ കമ്പനിയുടെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് ആമസോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊഡക്ട് ലീഡിനായി കമ്പനി പരസ്യവും പുറത്തിറക്കിയിട്ടുമുണ്ട്. കസ്റ്റമര്‍ എക് ്‌സ്പീരിയന്‍സ്, ടെക്‌നിക്കല്‍ സ്ട്രാറ്റജി, ലോഞ്ച് സ്ട്രാറ്റജി എന്നിവയെ കുറിച്ച് ഈ പ്രോഡക്റ്റ് ലീഡ് വിശദമായ പഠനം നടത്തും.

ജൂണ്‍ അവസാനിച്ച പാദത്തില്‍ 4,451 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടാറ്റാ മോട്ടോഴ്സ്

ടാറ്റാ മോട്ടോഴ്സ് ജൂണ്‍ അവസാനിച്ച പാദത്തില്‍ 4,451 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇത് 8,438 കോടി രൂപയായിരുന്നു. 1,312 കോടി രൂപയുടെ മൊത്തം നഷ്ടം കമ്പനി റിപ്പോര്‍ട്ട് ചെയ്യുമെന്നായിരുന്നു വിദഗ്ധരുടെ പ്രതീക്ഷ. ഏകീകൃത വരുമാനത്തില്‍ 107.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 66,406 കോടി രൂപയായിട്ടാണ് വരുമാനം ഉയര്‍ന്നത്. ഇത് വിശകലന വിദഗ്ധരുടെ കണക്കുകളേക്കാള്‍ വളരെ ഉയര്‍ന്നതുമാണ്.

സെന്‍സെക്സ് 123 പോയ്ന്റ് ഇടിഞ്ഞു; കാരണം ഇതാണ്

പുതിയ ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ നേട്ടമുണ്ടാക്കാനാകാതെ ഓഹരി സൂചികകള്‍. എഫ് എം സി ജി, ഫിനാന്‍ഷ്യല്‍, റിയാല്‍റ്റി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദവും റിലയന്‍സ് ഇന്‍ഡ്സട്രീസ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയവയില്‍ നിന്ന് ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തയ്യാറായതും ഓഹരി സൂചികകളെ താഴ്ത്തി. ചാഞ്ചാടി നിന്ന ഓഹരി സൂചികകള്‍ അങ്ങനെ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 123.5 പോയ്ന്റ് അഥവാ 0.23 ശതമാനം താഴ്ന്ന് 52,852 ലും നിഫ്റ്റി 32 പോയ്ന്റ് അഥവാ 0.2 ശതമാനം താഴ്ന്ന് 15,824ലും ക്ലോസ് ചെയ്തു. അതേസമയം വിശാല വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സിന്റെ ഓഹരി വില ഇന്ന് 20 ശതമാനമാണ് വര്‍ധിച്ചത്. 28 രൂപ ഉയര്‍ന്ന് 168.60 രൂപയിലെത്തി. നിറ്റ ജലാറ്റിന്റെ ഓഹരി വില ഇന്ന് 10 ശതമാനത്തിലേറെ കൂടി. 27 രൂപയിലേറെ ഉയര്‍ന്ന് ഓഹരി വില 295.95 രൂപയിലാണ് എത്തിയത്. ഫെഡറല്‍ ബാങ്ക് ഓഹരി വില 2.17 ശതമാനം വര്‍ധിച്ച് 87.25 രൂപയായി. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരിവില 5.71 ശതമാനം കൂടി 51.80രൂപയിലും എത്തി.



കോവിഡ് വാക്സീൻ സ്റ്റോക്ക് തീർന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്

കേരളത്തിൽ ആകെ ഉണ്ടായിരുന്ന  കോവിഡ് വാക്സീൻ സ്റ്റോക്ക് തീർന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച വിവിധ ജില്ലകളിൽ വാക്സിനേഷൻ മുടങ്ങിയേക്കും. കൂടുതൽ വാക്സീനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നു  മന്ത്രി പറഞ്ഞു. അടുത്തമാസം 60 ലക്ഷം ഡോസ് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. 


Tags:    

Similar News