ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 30,2021

രാജ്യത്തിന്റെ ധനക്കമ്മി 36.83 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി. ഇന്ത്യയ്ക്ക് പുതിയ ഓഡിറ്റ് സമര്‍പ്പിച്ച് മാസ്റ്റര്‍കാര്‍ഡ്. രാജ്യാന്തര വിമാന സര്‍വീസ് നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി. കഴിഞ്ഞ പാദത്തില്‍ മികച്ച അറ്റാദായം നേടി സണ്‍ ഫാര്‍മ. വാരാന്ത്യ ദിനത്തില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്ത് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-07-30 15:03 GMT
രാജ്യത്തിന്റെ ധനക്കമ്മി 36.83 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ഇന്ത്യയുടെ ഫെഡറല്‍ ധനക്കമ്മി 2.74 ട്രില്യണ്‍ രൂപയായി (36.83 ബില്യണ്‍ ഡോളര്‍) കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനേക്കാള്‍ 58 ശതമാനത്തിലധികമാണ് കുറവുണ്ടായത്. നികുതി വരുമാനത്തില്‍ വര്‍ധനവ് കാണിക്കുന്നതായും വെള്ളിയാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ ഡാറ്റ സൂചിപ്പിക്കുന്നു. ജൂണ്‍ അവസാനത്തോടെ ആദ്യ മൂന്ന് മാസങ്ങളില്‍ അറ്റനികുതി വരുമാനം 4.13 ട്രില്യണ്‍ രൂപയായി (55.51 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.35 ട്രില്യണ്‍ രൂപയായിരുന്നു.
1440 കോടി രൂപയുടെ അറ്റാദായം നേടി സണ്‍ഫാര്‍മ
ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളായ സണ്‍ ഫാര്‍മ ജൂണ്‍ പാദത്തില്‍ വന്‍ നേട്ടത്തില്‍. യുഎസിലും ആഭ്യന്തര ബിസിനസുകളിലും ശക്തമായ വില്‍പ്പനയുണ്ടായതോടെ ശതകോടീശ്വരനായ ദിലീപ് സാംഘ്വിയുടെ  നേതൃത്വത്തിലുള്ള സ്ഥാപനം, ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 1440 കോടി രൂപയുടെ അറ്റാദായമാണ് ഈ കാലഘട്ടത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിമാനസര്‍വീസ് നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി
ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ ഫ്‌ളൈറ്റുകളുടെ കോവിഡ്-ബാന്‍ ഓഗസ്റ്റ് 31 വരെ സര്‍ക്കാര്‍ നീട്ടി. വ്യോമയാന റെഗുലേറ്റര്‍ ഉഏഇഅ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ ഇന്ത്യയിലെ അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇന്റര്‍നാഷണല്‍ ഓള്‍ കാര്‍ഗോ ഓപ്പറേഷനുകളുടെയും അംഗീകൃത ഫ്‌ളൈറ്റുകളുടെയും പ്രവര്‍ത്തനത്തെ സസ്‌പെന്‍ഷന്‍ ബാധിക്കില്ലെന്നും ഡിജിസിഎ സര്‍ക്കുലറില്‍ പറയുന്നു.
ഇന്ത്യയ്ക്ക് പുതിയ ഓഡിറ്റ് സമര്‍പ്പിച്ച് മാസ്റ്റര്‍കാര്‍ഡ്
ഡാറ്റ കൈകാര്യം ചെയ്യുന്നതിനെ നിരോധിച്ചതിന് ശേഷം മാസ്റ്റര്‍കാര്‍ഡ് ഇന്ത്യയുടെ സെന്‍ട്രല്‍ ബാങ്കിന് ഒരു പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദേശത്ത് പ്രോസസ് ചെയ്യപ്പെട്ട ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകളുമായി ബന്ധപ്പെട്ട് കാര്‍ഡ് വിതരണം നിരോധിക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുത്തതിനെ തുടര്‍ന്നാണ് കമ്പനിയുടെ പുതിയ ശ്രമം. ഏപ്രിലില്‍ മാസ്റ്റര്‍കാര്‍ഡിന്റെ ഓഡിറ്റര്‍ ഡെലോയ്റ്റ് സമര്‍പ്പിച്ച 'സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ട്' തൃപ്തികരമല്ലെന്ന് കണ്ടെത്തയതിന് ശേഷമാണ് റിസര്‍വ് ബാങ്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
സമ്പദ് വ്യവസ്ഥ കരകയറണമെങ്കില്‍ 8-10 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണം
കോവിഡിന് മുന്‍പത്തെ നിലയിലേക്ക് സമ്പദ് വ്യവസ്ഥ എത്തണമെങ്കില്‍ 8-10 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെന്ന് വിദഗ്ധര്‍. റിസര്‍വ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഎംഎഫ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ച നിരക്ക് 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമാക്കി കുറച്ചിരുന്നു. ഈ നിലയില്‍ പോയാലും ഇന്ത്യ മഹാമാരിക്ക് മുന്‍പത്തെ നിലയിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ പറയുന്നത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 10.5 ശതമാനമാകണമെന്നാണ്. എസ്ബിഐയിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേശക സൗമ്യകാന്തി ഘോഷ് പറയുന്നത് ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയ്ക്ക് കൊവിഡിന് മുന്‍പത്തെ ജിഡിപി നില കൈവരിക്കാമെന്നാണ്.
ഓഹരി വിപണി: ലാഭമെടുക്കല്‍ മുന്നേറ്റത്തിന്റെ മുനയൊടിച്ചു
വാരാന്ത്യ വ്യാപാര ദിനത്തിന്റെ അവസാന മണിക്കൂറുകളില്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിടുക്കം കാണിച്ചതോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 376 പോയ്ന്റുകള്‍ വരെ നേട്ടമുണ്ടായിരുന്നെങ്കിലും 66 പോയ്ന്റ് അഥവാ 0.13 ശതമാനം നഷ്ടത്തോടെയായിരുന്നു 52,587ല്‍ ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
ഫെര്‍ട്ടിലൈസര്‍ ഓഹരികളെല്ലാം തന്നെ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആഭ്യന്തര സപ്ലെ ഉറപ്പാക്കാന്‍ വേണ്ടി ചൈന കയറ്റുമതി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതാണ് ഇതിന് കാരണം. ഫാക്ടിന്റെ ഓഹരി വില ഇന്ന് 5.56 ശതമാനമാണ് ഉയര്‍ന്നത്. അന്ന അലൂമിനിയം, സാറാസ് കറിപൗഡര്‍ എന്നീ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ അന്ന ഗ്രൂപ്പിന്റെ ഭാഗമായ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് ഓഹരി വില ഇന്നും അഞ്ചു ശതമാനത്തോളം കൂടി 179 രൂപയിലെത്തി. പാറ്റ്സ്പിന്‍ ലിമിറ്റഡ് ഓഹരി വിലയും നാലര ശതമാനത്തോളം വര്‍ധിച്ചു.




 


Tags:    

Similar News