ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 23, 2021
കോവാക്‌സിന് പൂര്‍ണ അനുമതി ഉടനില്ലെന്ന് കേന്ദ്രം. 30,000 ഡോളറില്‍ താഴെ എത്തിയ ബിറ്റ്‌കോയിന്‍ മൂല്യം വീണ്ടുമുയര്‍ന്നു. എന്‍പിഎസിന്റെ നിക്ഷേപ ആദായം ആറുമാസത്തിനിടെ 21 ശതമാനം വര്‍ധിച്ചു. നൂറ്റാണ്ടിലെ വലിയ മനുഷ്യസ്നേഹികളുടെ ആഗോള പട്ടികയില്‍ ജാംഷഡ്ജി ടാറ്റ ഒന്നാമത്. മാരുതിയുടെ വിലവര്‍ധന ജുലായ് ഒന്നുമുതല്‍. മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് വിരാമം, സെന്‍സെക്സ് 283 പോയ്ന്റ് ഇടിഞ്ഞു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
കോവാക്‌സിന് പൂര്‍ണ അനുമതി ഉടനില്ലെന്ന് കേന്ദ്രം
ഭാരത് ബയോടെക്കിന്റെ ആവശ്യം തള്ളി കേന്ദ്ര വിദഗ്ധ സമിതി, കോവാക്‌സിന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ല. അതേസമയം അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരുമെന്നും അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും വിദഗ്ധ സമിതി തള്ളി. രണ്ടു മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളില്‍ കോവാക്‌സീന്‍ പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു.
30000 ഡോളറില്‍ താഴെ എത്തിയ ബിറ്റ്‌കോയിന്‍ മൂല്യം വീണ്ടുമുയര്‍ന്നു
ചൈനീസ് നിയന്ത്രണം കടുത്തപ്പോള്‍ 30,000 ഡോളറില്‍ നിന്നും താഴേയ്ക്കു വീണ ബിറ്റ്കോയിന്റെ മൂല്യം ബുധനാഴ്ച നേരിയതോതില്‍ ഉയര്‍ന്നു. 3.44ശതമാനം നേട്ടത്തിലാണ് ബുധനാഴ്ച രാവിലെ 33,833.81 ഡോളറില്‍ വ്യാപാരം നടന്നത്. പിന്നീട് ഇന്ന് വൈകുന്നേരം 34,150.80 ഡോളര്‍ ആയി. ഇതിനുമുമ്പ് ജനുവരിയിലാണ് 29,000 നിലവാരത്തിലേയ്ക്ക് ബിറ്റ്കോയിന്റെ വിലയിടിഞ്ഞത്. 2020നുശേഷം മൂല്യത്തില്‍ നാലിരട്ടിയിലേറെ വര്‍ധനവുണ്ടായശേഷമാണ് ഈ തകര്‍ച്ച. ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 65,000 ഡോളറിലേയ്ക്ക് മൂല്യം വര്‍ധിച്ചിരുന്നു.
എന്‍പിഎസ്; നിക്ഷേപ ആദായം ആറുമാസത്തിനിടെ വര്‍ധിച്ചത് 21 ശതമാനം
എന്‍പിഎസ്(നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം)ഫണ്ടുകളുടെ നിക്ഷേപ ആദായം ആറുമാസത്തിനിടെ 21ശതമാനത്തിലേറെ വര്‍ധിച്ചു. എല്‍ഐസി പെന്‍ഷന്‍ ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊലൂഷന്‍ ഫണ്ട്, കൊട്ടക് പെന്‍ഷന്‍ ഫണ്ട്, എച്ച്ഡിഎഫ്സി പെന്‍ഷന്‍ ഫണ്ട് തുടങ്ങിയവര്‍ കൈകാര്യം ചെയ്യുന്ന പദ്ധതികള്‍ക്കാണ് മികച്ചനേട്ടമുണ്ടാക്കാനായത്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതാണ് എന്‍പിഎസിലെ ആദായത്തിലും പ്രതിഫലിച്ചതെന്ന് വിദഗ്ധര്‍.
കഴിഞ്ഞ 100 വര്‍ഷത്തെ മനുഷ്യസ്നേഹികളുടെ ആഗോള പട്ടികയില്‍ ജാംഷഡ്ജി ടാറ്റ ഒന്നാമത്
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യസ്നേഹിയായി ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജാംഷഡ്ജി ടാറ്റ. എഡല്‍ഗീവ് ഹുറൂണ്‍ ഫിലാന്ത്രോപ്പിസ്റ്റ് പട്ടികയിലാണ് ജാംഷഡ്ജി ടാറ്റ ഒന്നാമത്തെത്തിയത്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നീ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനയുടെ ഇപ്പോഴത്തെ മൂല്യം 102.4 ബില്യണ്‍ ഡോളറാണെന്ന് പട്ടികയില്‍ പറയുന്നു. ഹുറൂണ്‍ റിസര്‍ച്ചും എഡല്‍ഗിവ് ഫൗണ്ടേഷനും ചേര്‍ന്നാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
മാരുതിയുടെ വിലവര്‍ധന ജുലായ് ഒന്നുമുതല്‍
രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി പ്രഖ്യാപിച്ച വിലവര്‍ധന ജുലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കമ്പനിയുടെ ഈ വര്‍ഷത്തെ നാലാമത്തെ വില വര്‍ധനവാണിത്. വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും ഇന്‍പുട്ട് ചെലവും വര്‍ധിച്ചതാണ് വില വര്‍ധനവിന് പ്രേരിപ്പിച്ചതെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലേക്ക് പാമോയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ മലേഷ്യ ഒന്നാമത്
രാജ്യത്തേക്ക് പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവിയിലേക്ക് മലേഷ്യ വീണ്ടുമെത്തി. ഇന്തോനേഷ്യയെ മറികടന്നാണ് മുന്നേറ്റം. 2020-21 സാമ്പത്തിക വര്‍ഷത്തിലാണിത്. ഇന്തോനേഷ്യ ഭക്ഷ്യ എണ്ണ കയറ്റുമതി ചെയ്യുന്നതിന് മുകളില്‍ ഉയര്‍ന്ന നികുതി ചുമത്തിയതാണ് മലേഷ്യയെ സഹായിച്ചത്. മലേഷ്യയുടെ ഇന്ത്യയിലേക്കുള്ള പാമോയില്‍ വിതരണം 238 ശതമാനം വര്‍ധിച്ച് 2.42 ദശലക്ഷം ടണ്ണിലെത്തി. 2020 നവംബര്‍ ഒന്നിന് ആരംഭിച്ച മാര്‍ക്കറ്റിംഗ് വര്‍ഷത്തിലെ കണക്കാണിതെന്ന് ഡാറ്റ ശേഖരിച്ച ദി സോള്‍വന്റ് എക്‌സ്ട്രാക്ടേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ രേഖകള്‍ വ്യക്തമാക്കുന്നു.
മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് വിരാമം; സെന്‍സെക്സ് 283 പോയ്ന്റ് ഇടിഞ്ഞു
മൂന്ന് ദിവസം ഉത്സാഹത്തോടെ മുന്നേറിയ ഓഹരി വിപണി ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ഓഹരി വിപണിയിലെ വ്യാപാര ആരംഭം ആവേശത്തോടെ തന്നെയായിരുന്നു. സൂചിക ഉയരുമ്പോള്‍ നിക്ഷേപകരുടെ ലാഭമെടുക്കലും കൂടൂം. ഇതോടെ ആദ്യ മണിക്കൂറില്‍ തന്നെ വിപണിയില്‍ ചാഞ്ചാട്ടവും തുടങ്ങി.
2021 കലണ്ടര്‍ വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം മൂഡീസ് കുറച്ചതും നിക്ഷേപകരുടെ ലാഭമെടുപ്പ് പ്രവണതയും ചേര്‍ന്നതോടെ സൂചികകള്‍ താഴേക്ക് പോയി. സെന്‍സെക്സ് അരശതമാനത്തോളം, അതായത് 282.6 പോയ്ന്റ് ഇടിഞ്ഞ് 52,306 തലത്തിലെത്തി. നിഫ്റ്റിയും അരശതമാനത്തോളം, അതായത് 86 പോയ്ന്റ് ഇടിഞ്ഞ് 15,687 ലെത്തി.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് ഒരു ദിവസം കൊണ്ട് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ 10.68 ശതമാനം ഇടിവാണുണ്ടായത്. വിശാല വിപണിയെ പിന്നോട്ട് വലിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഓഹരികളില്‍ ഒന്നാണ് ഇന്ന് ധനലക്ഷ്മി ബാങ്ക്. സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകളും ഇടിഞ്ഞു. അതേസമയം ഫെഡറല്‍ ബാങ്ക് ഓഹരി വില നാമമാത്രമായി കൂടി.