ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 25, 2021

ഡെല്‍റ്റ പ്ലസ് വകഭേദം 11 സംസ്ഥാനങ്ങളില്‍ വ്യാപിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. 6,734 കോടി രൂപ അറ്റാദായം നേടി ഓഎന്‍ജിസി. ജ്വല്ലറികളുടെ സ്വര്‍ണവായ്പാ തിരിച്ചടവ് സംബന്ധിച്ച് പുതിയ തീരുമാനവുമായി ആര്‍ബിഐ. ഇന്നും ഓഹരി വിപണി മുന്നോട്ട്, സെന്‍സെക്സ് 226 പോയിന്റ് ഉയര്‍ന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-06-25 19:30 IST
ഡെല്‍റ്റ പ്ലസ് വകഭേദം 11 സംസ്ഥാനങ്ങളിലായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് പതിനൊന്ന് സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ്- ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ 48 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്,ഗുജറാത്ത്, കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ വ്യാപനത്തെ ഉടന്‍ പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ജ്വല്ലറികളുടെ സ്വര്‍ണ വായ്പ; പുതിയ തീരുമാനവുമായി റിസര്‍വ് ബാങ്ക്
സ്വര്‍ണ വ്യാപാരികള്‍ക്കും ജ്വല്ലറികള്‍ക്കും ബാധകമാകുന്ന പുതിയ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ഇനി സ്വര്‍ണവായ്പകള്‍ ഭൗതിക സ്വര്‍ണമായും തിരിച്ചടയ്ക്കാം. സ്വര്‍ണ വ്യവസായത്തിന് പുതിയ ദിശ നല്‍കുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവെന്ന് വിദഗ്ധര്‍. നിലവില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളും ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമില്‍ പങ്കാളികളായ ബാങ്കുകളും മാത്രമാണ് ജ്വല്ലറികള്‍ക്കും സ്വര്‍ണ വ്യാപാരികള്‍ക്കും സ്വര്‍ണ വായ്പ (ജിഎംഎല്‍) നല്‍കുന്നത്.
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു
എല്‍ഐസിയില്‍ നിന്ന് 2,334 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്. ഇക്വിറ്റി ഓഹരികളുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ വഴിയാണ് മൂലധനം സമാഹരിക്കുകയെന്ന് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഐസിയുടെ 4.54 കോടി ഓഹരികള്‍ 514.25 രൂപയ്ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിന് മുന്നോടിയായി എല്‍ഐസി തങ്ങളുടെ ഉപകമ്പനിയിലെ ഓഹരി വിഹിതം ഉയര്‍ത്തി. 40.31 ശതമാനമായിരുന്നത് 45.24 ശതമാനമായാണ് ഉയര്‍ത്തിയത്.
6,734 കോടി രൂപ അറ്റാദായം നേടി ഓഎന്‍ജിസി
കഴിഞ്ഞ പാദത്തില്‍ 6,734 കോടി രൂപ അറ്റാദായം നേടിയതായി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഓഎന്‍ജിസി ). കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,214 കോടി രൂപ നഷ്ടത്തിലായിരുന്നു ഓഎന്‍ജിസിയുടെ പ്രവര്‍ത്തനം. അറ്റാദായത്തില്‍ 18.4 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സമ്പദ്ഘടന ഉണര്‍ന്നതും എണ്ണവില ഉയര്‍ന്നതും മാര്‍ച്ചില്‍ കമ്പനിയെ സഹായിച്ചു. അതേസമയം മാര്‍ച്ച് പാദത്തില്‍ മൊത്തം വരുമാനം 1.2 ശതമാനം ഇടിഞ്ഞ് 21,189 രൂപ രേഖപ്പെടുത്തിയതായി ബിഎസ്ഇ ഫയലിംഗില്‍ കമ്പനി അറിയിച്ചു.
ഇഎസ്‌ഐസി; പുതുതായി ചേര്‍ന്നവരുടെ കണക്ക് 24 ശതമാനം ഇടിഞ്ഞു
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (ഇ എസ് ഐ സി) 2021 ഏപ്രിലില്‍ പുതുതായി ചേര്‍ന്നത് 10.41 ലക്ഷം പുതിയ അംഗങ്ങള്‍. ഇത് 2020-21 കാലയളവില്‍ മൊത്തം എന്റോള്‍മെന്റ് 24 ശതമാനം ഇടിഞ്ഞ് 1.15 കോടിയായി. 2019-20 ല്‍ ഇത് 1.51 കോടിയായിരുന്നു. 2018-19 ല്‍ 1.49 കോടിയും. ഇ.എസ്.ഐ.സി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) എന്നിവ നടത്തുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പുതിയ വരിക്കാരുടെ ശമ്പള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ഇന്നും ഓഹരി വിപണി മുന്നോട്ട്; സെന്‍സെക്സ് 226 പോയിന്റ് ഉയര്‍ന്നു
വാരാന്ത്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തി ഓഹരി വിപണി. മെറ്റല്‍, ഫിനാന്‍ഷ്യല്‍സ്, ഫാര്‍മ മേഖലകളില്‍ നിക്ഷേപ താല്‍പ്പര്യം കൂടിയത് തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകളെ ഉയര്‍ത്താന്‍ സഹായിച്ചു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ ചൂടുപിടിക്കുന്നതും ബാങ്കുകള്‍ ഫണ്ട് സമാഹരണ യത്നങ്ങള്‍ തകൃതിയായി നടത്തുന്നതുമാണ് പൊതുമേഖലാ ഓഹരി വിലകളെ സ്വാധീനിച്ചത്. സെന്‍സെക്സ് 226 പോയിന്റ് അഥവാ 0.43 ശതമാനം ഉയര്‍ന്ന് 52,925 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 73 പോയ്ന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 15,863 ലെത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു. കേരളത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മണപ്പുറം, മുത്തൂറ്റ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് എന്നിവയുടെ ഓഹരി വിലകളും ഇന്ന് കൂടി.






 


 


Tags:    

Similar News