ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 18, 2021

ക്രിപ്‌റ്റോകറന്‍സി നിക്ഷേപത്തില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7% മുതല്‍ 7.5% വളര്‍ച്ചയെത്തുമെന്ന് ഉപദേശകസമിതി. ഉല്‍പ്പന്നനിര വിപുലമാക്കാനൊരുങ്ങി സിപ്ല. ലിസ്റ്റ്ചെയ്ത ഉടനെ പേടിഎമ്മിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ന്ന് ഓഹരി സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-11-18 14:54 GMT
ക്രിപ്റ്റോ; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മോദി, ആദ്യ പരസ്യ പ്രതികരണം
ക്രിപ്റ്റോ കറന്‍സികളെക്കുറിച്ച് ആദ്യമായി പരസ്യ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിപ്റ്റോ കറന്‍സികള്‍ തെറ്റായ കൈകളിലെത്തിയാള്‍ അത് നമ്മുടെ യുവാക്കളുടെ ഭാവി അപകടത്തിലാക്കുമെന്നാണ് മോദി അഭിപ്രായപ്പെട്ടത്. ക്രിപ്റ്റോയുടെ ദുരുപയോഗം തടയാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7% മുതല്‍ 7.5% വളര്‍ച്ചയെന്ന് ഉപദേശകസമിതി
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച 7% മുതല്‍ 7.5% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്യത്തെ സാമ്പത്തിക ഉപദേശക സമിതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസ്തികള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖ അടുത്ത ബജറ്റില്‍ ഉണ്ടായിരിക്കണമെന്നും ഉപദേശകസമിതി പറഞ്ഞു.
ഉല്‍പ്പന്നനിര വിപുലമാക്കാനൊരുങ്ങി സിപ്ല
രാജ്യത്തെ പ്രധാന മരുന്നു നിര്‍മാതാക്കളായ സിപ്ല ഉല്‍പ്പന്നശ്രേണി വിപുലമാക്കാനൊരുങ്ങുന്നു. മരുന്നുകള്‍ക്ക് പുറമെ ഇന്‍ഹേലര്‍ ഉപകരണങ്ങള്‍, ഡയഗ്‌നോസ്റ്റിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയിലേക്കുള്ള ശ്രദ്ധ കൂട്ടാനാണ് പദ്ധതി. ശ്വാസകോശ ചികിത്സാ ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും നല്‍ക്കുന്ന സ്‌പെഷാലിറ്റി മേഖലയിലേക്ക് മുന്‍നിരക്കാരാകാനാണ് കമ്പനിയുടെ പദ്ധതി.
ലിസ്റ്റ്ചെയ്ത ഉടനെ പേടിഎമ്മിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു
ലിസ്റ്റ്ചെയ്ത ഉടനെ പേടിഎമ്മിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 26ശതമാനത്തിലേറെയാണ് താഴ്ന്നത്. ഇഷ്യുവിലയായ 2,150 രൂപയില്‍നിന്ന് 200 രൂപ താഴ്ന്ന് 1,950 നിലവാരത്തിലായിരുന്നു ലിസ്റ്റിംഗ്. വ്യാപാരത്തിനിടെ 26ശതമാനം താഴ്ന്ന് 1,586 രൂപയിലെത്തുകയുംചെയ്തു. 1560 ലാണ് ക്ലോസ് ചെയ്തത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ന്ന് ഓഹരി സൂചികകള്‍
തുടര്‍ച്ചയായ മൂന്നാം സെഷനിലും ഓഹരി സൂചികകളില്‍ ഇടിവ്. ഓട്ടോ, മെറ്റല്‍, ഐറ്റി, ഫാര്‍മ, റിയല്‍റ്റി ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതോടെയാണ് സൂചികകളില്‍ ഇടിവുണ്ടായത്. സെന്‍സെക്സ് 433.05 പോയ്ന്റ് ഇടിഞ്ഞ് 59575.28 പോയ്ന്റിലും നിഫ്റ്റി 133.90 പോയ്ന്റ് ഇടിഞ്ഞ് 17764.80 പോയ്ന്റിലും ക്ലോസ് ചെയ്തു. ദുര്‍ബലമായ ആഗോള വിപണിയും പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളും ആഭ്യന്തര വിപണിയെ തളര്‍ത്തി. ഉത്സവകാല വില്‍പ്പന പ്രതീക്ഷിച്ച പോലെ ഉയരാത്തത് ഓട്ടോ മേഖലയ്ക്ക് തിരിച്ചടിയായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ നാലെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അവയില്‍ 15.05 ശതമാനം നേട്ടവുമായി ഈസ്റ്റേണ്‍ ട്രെഡ്സ് തിളങ്ങി. പാറ്റ്സ്പിന്‍ ഇന്ത്യ (4.77 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (0.42 ശതമാനം), കെഎസ്ഇ (0.36 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്നലെ സ്വര്‍ണ വില ഇടിഞ്ഞ ശേഷമാണ് വില ഉയര്‍ന്നത്. 4590 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4600 രൂപയാണ്.




 


Tags:    

Similar News