ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 25, 2021
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശക്തമായി തിരിച്ചുവരുമെന്ന് മൂഡീസ്. എയര്‍ടെല്‍- നോക്കിയ 5 ജി പരീക്ഷണം വിജയം. കോവിഡിനായുള്ള നേസല്‍ സ്‌പ്രേ പുറത്തിറക്കുമെന്ന് ഐടിസി. ഡ്രോണ്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ച് ബജാജ്. ടൈകോണ്‍ കേരള സമ്മേളനത്തിന് തുടക്കമായി. റിയല്‍റ്റി, ഫാര്‍മ ഓഹരികള്‍ കരുത്തായി സൂചികകളില്‍ മുന്നേറ്റം. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശക്തമായി തിരിച്ചുവരുമെന്ന് മൂഡീസ്
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശക്തമായി തിരിച്ചുവരുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. മൂഡീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച യഥാക്രമം 9.3%, 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.9% എന്നിങ്ങനെയായിരിക്കുമെന്ന് പറയുന്നു.
എയര്‍ടെല്‍- നോക്കിയ 5 ജി പരീക്ഷണം വിജയം
രാജ്യത്തെ ആദ്യ 700 എംഎഎച്ച് ബാന്‍ഡിലുള്ള 5ജി പരീക്ഷണം വിജയം. എയര്‍ടെല്ലും നോക്കിയയും ചേര്‍ന്ന് കൊല്‍ക്കത്തയില്‍ ആണ് പരീക്ഷണം നടത്തിയത്. നേരത്തെ രാജ്യത്ത് ആദ്യമായി ഗ്രാമീണ മേഖലയിലും ക്ലൗഡ് ഗെയിമിംഗിലും എയര്‍ടെല്‍ 5ജി പരീക്ഷണം നടത്തിയിരുന്നു.
ഡ്രോണ്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ച് ബജാജ്
ഡ്രോണ്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ച് ബജാജ് അലെയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പ് ട്രോപ്പോഗോയുമായി ചേര്‍ന്നാണ് ഡ്രോണ്‍ ഇന്‍ഷുറന്‍സ് അവതരിപ്പിക്കുന്നത്. ഡ്രോണിനും അത് കൊണ്ടുപോകുന്ന സാധനങ്ങള്‍ക്കും (പേലോഡ്) ഇന്‍ഷുറന്‍സ് ലഭിക്കും.
സാവ്ലോണ്‍ ബ്രാന്‍ഡിന് കീഴില്‍ കോവിഡിനായുള്ള നേസല്‍ സ്‌പ്രേ പുറത്തിറക്കുമെന്ന് ഐടിസി
കൊവിഡ് പ്രതിരോധത്തിനായി നാസല്‍ സ്‌പ്രേ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐടിസി വ്യാഴാഴ്ച സ്ഥിരീകരിച്ചു. അതിനായി അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചെന്നാണ് കമ്പനി അറിയിച്ചത്. ബെംഗളൂരുവിലെ ഐടിസി ലൈഫ് സയന്‍സസ് ആന്‍ഡ് ടെക്നോളജി സെന്ററിലെ (എല്‍എസ്ടിസി) ശാസ്ത്രജ്ഞര്‍ ആണ് സ്േ്രപ വികസിപ്പിച്ചെടുത്തത്. ആവശ്യമായ എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും ലഭിച്ചുകഴിഞ്ഞാല്‍, സാവ്ലോണ്‍ ബ്രാന്‍ഡിന് കീഴില്‍ നേസല്‍ സ്പ്രേ വിപണിയിലെത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.
റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അസംബ്ലി യൂണിറ്റ് തായ്‌ലൻഡിൽ
തായ്‌ലൻഡിൽ അസംബ്ലി യൂണിറ്റ് ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്. ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയാണ് തായ്ലന്റില്‍ അസംബ്ലി ചെയ്യുന്നത്. 2015ല്‍ ആണ് എന്‍ഫീല്‍ഡ് തായ്‌ലൻഡിൽ വില്‍പ്പന ആരംഭിച്ചത്. ഇന്തോനേഷ്യ, തായ്ലന്റ് ഉള്‍പ്പടെയുള്ള തെക്കു - കിഴക്കന്‍ ഏഷ്യയിലേക്കുള്ള ബൈക്കുകളുടെ വിതരണം ഇനി തായ്‌ലൻഡ് കേന്ദ്രീകരിക്കും. ചെന്നൈയിലെ മൂന്ന് നിര്‍മാണ യൂണിറ്റുകള്‍ കൂടാതെ 2020ല്‍ അര്‍ജന്റീനയിലും 2021ല്‍ കൊളംബിയയിലും എന്‍ഫീല്‍ഡ് അസംബ്ലി യൂണീറ്റുകള്‍ ആരംഭിച്ചിരുന്നു.
റിയല്‍റ്റി, ഫാര്‍മ ഓഹരികള്‍ കരുത്തായി സൂചികകളില്‍ മുന്നേറ്റം
തുടക്കത്തിലെ ഇടിവിനു ശേഷം തിരിച്ചു കയറിയ വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 454.10 പോയ്ന്റ് ഉയര്‍ന്ന് 58795.09 പോയ്ന്റിലും നിഫ്റ്റി 121.30 പോയ്ന്റ് ഉയര്‍ന്ന് 17536.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2054 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള വന്‍കിട ഓഹരികളുടെ മെച്ചപ്പെട്ട പ്രകടനമാണ് പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്ന് താങ്ങി നിര്‍ത്തിയത്. പാശ്ചാത്യ വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും വിപണിക്ക് നേട്ടമായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഹാരിസണ്‍സ് മലയാളം (5.74 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.80 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.31 ശതമാനം), ആസ്റ്റര്‍ ഡി എം (4.05 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (2.33 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. ഈസ്റ്റേണ്‍ ട്രെഡ്സ്, കേരള ആയുര്‍വേദ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പാറ്റ്സ്പിന്‍ ഇന്ത്യ, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ തുടങ്ങി 15 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. വണ്ടര്‍ലാ ഹോളിഡേയ്സിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
'ടൈകോണ്‍'കേരള സംരംഭകത്വ സമ്മേളനത്തിന് തുടക്കം
ഇന്ത്യയിലെ ഏറ്റവും വലിയ സംരംഭകത്വസമ്മേളനങ്ങളിലൊന്നായ 'ടൈകോണ്‍' കേരള ചാപ്റ്റർ സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമായി. വ്യാഴാഴ്ച വൈകുന്നേരം 6.25ന് ഹോട്ടല്‍ മാരിയറ്റില്‍ മന്ത്രി പി.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 1200ല്‍ ഏറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഓണ്‍ലൈന്‍ഓഫ്ലൈന്‍ (ഹ്രൈബിഡ്) പ്ലാറ്റ്‌ഫോമിലായിട്ടാണ് നടക്കുക. കോവിഡാനന്തര കാലത്തെ വാണിജ്യ, വ്യവസായ സാധ്യതകളും സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യുന്ന സമ്മേളനം 27നു സമാപിക്കും.