ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 26, 2021
നിക്ഷേപക അക്രഡിറ്റേഷന്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ബിഎസ്ഇയ്ക്ക് അനുമതി. ഡിസംബര്‍ അവസാനത്തോടെ വിഎല്‍സിസി ഐപിഒ നടത്തും. 300 മില്യണ്‍ ഡോളര്‍ നിക്ഷേപത്തോടെ ചിപ്പ് നിര്‍മാണമാരംഭിക്കാനൊരുങ്ങി ടാറ്റ. രാജ്യാന്തര വിമാന സര്‍വീസ് തുറന്ന് ഇന്ത്യ. കോവിഡ് പേടി വീണ്ടും, വിപണി താഴേക്ക് പോയി. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
നിക്ഷേപക അക്രെഡിറ്റേഷന്‍ ഏജന്‍സി; ബിഎസ്ഇയ്ക്ക് അനുമതി
നിക്ഷേപക അക്രെഡിറ്റേഷന്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ(ബിഎസ്ഇ) പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ബിഎസ്ഇ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സൂപ്പര്‍വിഷന്‍ ലിമിറ്റഡിന് (ബിഎഎസ്എല്‍) അനുമതി. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചതായി ബിഎസ്ഇ വെള്ളിയാഴ്ച അറിയിച്ചു.
ചിപ്പുകള്‍ നിര്‍മിക്കാന്‍ ടാറ്റ യൂണീറ്റ് ദക്ഷിണേന്ത്യയില്‍
ടാറ്റ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാണത്തിലേക്ക്. 300 മില്യണ്‍ ഡോളറാണ് ഇതിനായി നിക്ഷേപിക്കുക. ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ് യൂണീറ്റ് ആരംഭിക്കാന്‍ തമിഴ്നാട്, കര്‍ണാടക,തെലങ്കാന സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സെമികണ്ടക്ടര്‍ ബിസിനസിലേക്ക് എത്തുമെന്ന് ടാറ്റ നേരത്തെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ആരംഭിക്കുന്ന ചിപ്പ് നിര്‍മാണ യൂണീറ്റ് പ്രവര്‍ത്തനം ആരംഭിച്ചേക്കും.
അനുമതി കിട്ടി; ഡിസംബര്‍ അവസാനത്തോടെ വിഎല്‍സിസി ഐപിഒ
പ്രമുഖ ഹെല്‍ത്ത് കെയര്‍ കമ്പനിയായ വിഎല്‍സിസി ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് ഐപിഒ നടത്താന്‍ സെബിയുടെ അനുമതി ലഭിച്ചു.
ഡിസംബര്‍ അവസാന വാരത്തോടെ കമ്പനി വിപണിയിലേക്കിറങ്ങും.
രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ; 14 രാജ്യങ്ങള്‍ക്ക് ഇപ്പോഴും വിലക്ക്
ഒരു ഇടവേളയ്ക്ക് ശേഷം രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ. ഇയര്‍ എന്‍ഡ് ഹോളിഡേ ബിസിനസ് ആസൂത്രണം ചെയ്യുന്ന വിമാനക്കമ്പനിക്കാര്‍ക്ക് യന്തോഷവാര്‍ത്തയാണിത്. എന്നാല്‍ യുകെ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് തുടരും. 2021 ഡിസംബര്‍ 14 മുതല്‍ ആണ് രാജ്യാന്തര വ്യോമയാന സര്‍വീസ് രാജ്യം പുനരാരംഭിക്കുക. വിലക്ക് തുടരുക യുകെ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന 14 രാജ്യങ്ങള്‍ക്കായിരിക്കും. ഇവ ഒഴികെ മറ്റ് രാജ്യങ്ങളിലേക്കും അവിടെ നിന്നും സര്‍ക്കാര്‍ പതിവ് അന്താരാഷ്ട്ര വിമാനങ്ങള്‍ അനുവദിച്ചു.
തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവില വീണ്ടുമുയര്‍ന്നു
തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവില വീണു. ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തില്‍ ഇന്നത്തെ സ്വര്‍ണ വില 4485 രൂപയാണ്. ഇന്നലത്തെ സ്വര്‍ണ വില ഗ്രാമിന് 4470 രൂപയായിരുന്നു. 15 രൂപയുടെ വര്‍ധനവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്്.
എന്നാല്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ താഴെയാണ് ഇന്നത്തെ സ്വര്‍ണ വില.
കോവിഡ് പേടി വീണ്ടും, വിപണി താഴേക്ക് പോയി
കോവിഡ് വൈറസിന്റെ പുതിയ വകഭേദം ആഗോള വിപണികളെ പിടിച്ചുലച്ചു. അതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും താഴേയ്ക്ക് പോകുന്ന കാഴ്ചയാണ് ഇന്നുണ്ടായത്. സെന്‍സെക്സ് 1,688 പോയ്ന്റ്, അഥവാ 2.9 ശതമാനം ഇടിഞ്ഞ് 57,107ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 510 പോയ്ന്റ് അഥവാ 2.9 ശതമാനം ഇടിഞ്ഞ് 17,026ലും ക്ലോസ് ചെയ്തു. ആഗസ്തിന് ശേഷം ഇതാദ്യമായാണ് ഈ വര്‍ഷം ഇത്രയേറെ ഇടിവ് നിഫ്റ്റിയിലുണ്ടാവുന്നത്.
കേരള കമ്പനികളുടെ പ്രകടനം
ഏഴ് കേരള കമ്പനികള്‍ മാത്രമാണ് വിപണിയിലെ രക്തച്ചൊരിച്ചിലെ അതിജീവിച്ച് നഷ്ടമില്ലാതെ രക്ഷപ്പെട്ടത്. സിഎസ്ബി ബാങ്ക് ഓഹരി 0.34 ശതമാനമെന്ന നേരിയ നേട്ടമാണ് കാണിച്ചത്.