ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 1, 2021
എച്ച് ഡി എഫ് സിയുടെ അറ്റാദാത്തില്‍ 32 ശതമാനം വര്‍ധന. ജി എസ് ടി വരുമാനം 1.30 ലക്ഷം കോടി രൂപ, ഐആര്‍സിടിസിയുടെ അറ്റാദായം കൂടാന്‍ കാരണം ഇതാണ്, ടാറ്റ മോട്ടോഴ്‌സിന്റെ അറ്റനഷ്ടം ഉയര്‍ന്നു. ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍
എച്ച് ഡി എഫ് സിയുടെ അറ്റാദായത്തില്‍ 32 ശതമാനം വര്‍ധന
ഐആര്‍സിടിസിയുടെ അറ്റാദായത്തില്‍ അഞ്ചുമടങ്ങ് വര്‍ധന
ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) സെപ്തംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ അറ്റാദായത്തില്‍ അഞ്ച് മടങ്ങ് വര്‍ധന നേടി. ടിക്കറ്റിംഗ് വരുമാനം ഉയര്‍ന്നതാണ് ഇതിന് പിന്നിലെ കാരണം.കോവിഡ് കാലത്തിന് മുമ്പ് ഐആര്‍സിടിസി പ്രതിദിനം ഏഴ് ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പ്രതിദിനം 13 ലക്ഷമാണ്. ലോക്ക്ഡൗണിന് ശേഷം ഓടി തുടങ്ങിയ ട്രെയ്‌നുകളിലെല്ലാം തന്നെ റിസര്‍വേഷന്‍ വേണമായിരുന്നു. ഇത് കോര്‍പ്പറേഷന് ഗുണകരമായി. മാത്രമല്ല സ്റ്റേഷനുകളില്‍ ടിക്കറ്റ് വില്‍പ്പനയും ഉണ്ടായിരുന്നില്ല. ഇതോടെ ഐആര്‍സിടിസി വഴിയുള്ള ടിക്കറ്റ് എടുക്കല്‍ കൂട്ടാന്‍ ഇടയാക്കി.
സെന്‍സെക്‌സ് 831 പോയ്ന്റ് ഉയര്‍ന്നു
തുടര്‍ച്ചയായി മൂന്നുദിവസം ഇടിഞ്ഞ ഓഹരി സൂചികകള്‍ പുതിയ വാരത്തില്‍ ക്ലോസ് ചെയ്തത് നേട്ടത്തോടെ. സെന്‍സെക്‌സ് വീണ്ടും 60,000 എന്ന തലം കടന്നു 60,138ല്‍ ക്ലോസ് ചെയ്തു. 831 പോയ്ന്റ് നേട്ടം. നിഫ്റ്റി 17,930 പോയ്ന്റിലും ക്ലോസ് ചെയ്തു. നേട്ടം 258 പോയ്ന്റ്. വിശാല വിപണിയും ശക്തമായ തിരിച്ചുവരവ് പ്രകടമാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 1.8 ശതമാനവും സ്‌മോള്‍ കാപ് സൂചിക 1.1 ശതമാനവും ഉയര്‍ന്നു.ജിഎസ്ടി വരുമാനം 1.30 ലക്ഷം കോടി; ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനം
തുടര്‍ച്ചയായ നാലാം മാസവും ജിഎസ്ടി വരുമാനം ലക്ഷം കോടി കടന്നു. ഒക്ടോബര്‍ മാസം 1,30,127 ലക്ഷം കോടിരൂപയാണ് ജിഎസ്ടി വരുമാനമായി രാജ്യത്തിന് ലഭിച്ചത്. 2017ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വളര്‍ച്ചാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായത്. 2021 ഏപ്രിലില്‍ ലഭിച്ച 1,41,384 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ജിഎസ്ടി വരുമാനം
ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റനഷ്ടം 4,441 കോടിയായി ഉയര്‍ന്നു
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ടാറ്റാ മോട്ടോര്‍സിന്റെ അറ്റ നഷ്ടത്തില്‍( Net loss) വര്‍ധന. 4,451 കോടി രൂപയുടെ നഷ്ടമാണ് ടാറ്റാ മോട്ടോര്‍സിന് ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 314 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.അതേ സമയം ടാറ്റാ മോട്ടോര്‍സിന്റെ വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം 53,530 കോടിയായിരുന്ന വരുമാനം ഈ പാദത്തില്‍ 31,378 കോടിയിലെത്തി. കമ്പനിയുടെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍( operating profit margins) 8.4 ശതമാനമായി ചുരുങ്ങി.
മൂന്നുദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണി ഉയര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 831 പോയ്ന്റ് ഉയര്‍ന്ന് 60,000 മാര്‍ക്ക് തിരിച്ചുപിടിച്ച് 60,138 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇ നിഫ്റ്റി 258 പോയ്ന്റ് ഉയര്‍ന്ന് 17,930 ല്‍ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.8 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 1.1 ശതമാനം ഉയര്‍ന്നു. മേഖലകളില്‍, ബിഎസ്ഇ റിയാലിറ്റി സൂചിക 3.7 ശതമാനം ഉയര്‍ന്നപ്പോള്‍ ടെലികോം, മെറ്റല്‍ സൂചികകള്‍ 3.5 ശതമാനം വീതം ഉയര്‍ന്നു. ഐടി സൂചിക 2.3 ശതമാനവും ബാങ്കെക്സ് 1.8 ശതമാനവും ഉയര്‍ന്നു.
ഭാരതി എയര്‍ടെല്‍ അതിന്റെ രണ്ടാം പാദ ഫലങ്ങള്‍ക്ക് മുന്നോടിയായി നാല് ശതമാനം നേട്ടമുണ്ടാക്കി. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ്, എസ്ബിഐ, കൊട്ടക് ബാങ്ക്, ടിസിഎസ് എന്നിവയാണ് നേട്ടം സമ്മാനിച്ച മറ്റ് പ്രധാന കമ്പനികള്‍. ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുടെ ഓഹരി വില 1.5 ശതമാനത്തോളം കുറഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
മൂന്നുദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണി ഉയര്‍ന്നതോടെ കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ് (3.71 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.19 ശതമാനം), എഫ്എസിടി (3.34 ശതമാനം), ഇന്‍ഡിട്രേഡ് (1.4 ശതമാനം), കിറ്റെക്‌സ് (1.73 ശതമാനം), നിറ്റ ജലാറ്റിന്‍ (1.7 ശതമാനം), സ്‌കൂബിഡേ (5 ശതമാനം) തുടങ്ങിയ 19 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം, ആസ്റ്റര്‍ ഡി എം, സിഎസ്ബി ബാങ്ക്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.