ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 13, 2021
രാജ്യത്ത് റീറ്റെയ്ല്‍ പണപ്പെരുപ്പം കുറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനിമുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും. പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടി. കോവാക്‌സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭിച്ചേക്കും. ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റില്‍ 10,000 വനിതകളെ നിയമിച്ച് ഒല. ചാഞ്ചാടി ഓഹരി സൂചികകള്‍, ഇടിവോടെ ക്ലോസിംഗ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
രാജ്യത്ത് റീറ്റെയ്ല്‍ പണപ്പെരുപ്പം കുറഞ്ഞു
ഇന്ത്യയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞു. 5.59 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ആര്‍ബിഐയുടെ ടോളറന്‍സ് ബാന്‍ഡ് ആയ 4-6 % എന്നതിനിടയില്‍ പണപ്പെരുപ്പ തോത് നിലനിര്‍ത്തുന്ന രണ്ടാമത്തെ തുടര്‍ച്ചയായ മാസമാണിത്. 2-6 ശതമാനം എന്ന നിരക്കിലേക്കാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമാക്കി
ശനിയാഴ്ചകളും എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രവൃത്തി ദിനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടാം ശനിയാഴ്ച ഒഴികെ മറ്റെല്ലാ ശനിയാഴ്ചയും പ്രവര്‍ത്തിദിനമായിരിക്കും. കോവിഡ് കാരണമാണ് ഇതുവരെ ശനിയാഴ്ചയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നത്. പഞ്ചിംഗ് സംവിധാനവും സെക്രട്ടേറിയറ്റിലടക്കം ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗ് നിര്‍ബന്ധമാക്കി.
കോവാക്‌സിന് ഉടന്‍ ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭിച്ചേക്കും
ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ഈ ആഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഒരേയൊരു തദ്ദേശീയ വാക്‌സിനാണ് കോവാക്‌സിന്‍. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ കോവാക്‌സിനെ ഉടനുള്‍പ്പെടുത്തുമെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. അടിയന്തര ഉപയോഗാനുമതി കിട്ടിയാല്‍ കോവാക്‌സിന്‍ ഡോസ് എടുത്തവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കപ്പെടും.
പിഎഫ് അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി
പിഎഫ് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടി. സെപ്റ്റംബറിനുള്ളില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകള്‍ക്ക് ആധാര്‍ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നതായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. പുതിയ തീരുമാനം അനുസരിച്ച് അവസാന തീയതി 2021 ഡിസംബര്‍ 31 ആയിരിക്കും. 2021 ഡിസംബര്‍ 31ന് മുമ്പായി നിങ്ങള്‍ ഇപിഎഫ്ഒയും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ നിങ്ങളുടെ അക്കൗണ്ടിലെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. തൊഴില്‍ ദാതാവിന്റെ വിഹിതവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകില്ല.
പ്രവര്‍ത്തനം പുനരാരംഭിക്കാനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ്
2022 ആദ്യപാദത്തോടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള ലക്ഷ്യവുമായി ജെറ്റ് എയര്‍വേസ് 2.0. കൂടാതെ 2022 Q3/Q4 പാദങ്ങളില്‍ ഹ്രസ്വകാല അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും എയര്‍ലൈന്‍സ് പദ്ധതി ഇടുന്നു. ജലന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന്റെ ലീഡ് അംഗവും ജെറ്റ് എയര്‍വേയ്‌സിന്റെ നിര്‍ദ്ദിഷ്ട നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ മുരാരി ലാല്‍ ജലന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്.
സെപ്റ്റംബര്‍ മുതല്‍ 38 പുതിയ ആഭ്യന്തര വിമാന സര്‍വീസുകളാരംഭിക്കുമെന്ന് ഇന്‍ഡിഗോ
സെപ്റ്റംബര്‍ മുതല്‍ 38 പുതിയ പ്രതിദിന ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ബജറ്റ് എയര്‍ലൈന്‍സ് ഇന്‍ഡിഗോ അറിയിച്ചു. 24 6E കണക്റ്റിംഗ് ഫ്‌ളൈറ്റുകളും രണ്ട് പുതിയ ഫ്‌ളൈറ്റുകളും 12 റീ ലോഞ്ചിംഗ് ഫ്‌ളൈറ്റുകളുമുള്‍പ്പെടുന്നതാണ് ഇവ. ടയര്‍ 2-ടയര്‍ 3 നഗരങ്ങളെ ബന്ധിപ്പിക്കുന്ന കൂടുതല്‍ സര്‍വീസുകളാണ് ലക്ഷ്യം.
കാലാവസ്ഥാവ്യതിയാന; അടുത്ത മൂന്ന് ദശകത്തില്‍ 200 ദശലക്ഷം പേര്‍ വീട് വിടേണ്ടിവരും
കാലാവസ്ഥാ വ്യതിയാനവും ആഗോള മലിനീകരണ പ്രശ്‌നങ്ങളും ഇങ്ങനെ മുന്നോട്ട് പോയാല്‍ 200 ദശലക്ഷം പേര്‍ക്ക് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ വീടും നാടും ഉപേക്ഷിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഖ്യാതങ്ങള്‍ വിശദമാക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റില്‍ 10,000 വനിതകളെ നിയമിച്ച് ഒല
തമിഴ്നാട്ടിലെ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്ലാന്റിലാണ് 10,000 വനിതകളെ നിയമിച്ച് ചരിത്രം സൃഷ്ടിക്കാന്‍ ഒല ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂട്ടര്‍ പ്ലാന്റും ഇതായിരിക്കും. ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊത്തത്തില്‍ പൂര്‍ണമായും സ്ത്രീകള്‍ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.
ചാഞ്ചാടി ഓഹരി സൂചികകള്‍; ഇടിവോടെ ക്ലോസിംഗ്
മൂന്നുദിവസത്തെ നീണ്ട അവധിക്കുശേഷം, പുതിയ വാരത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ ഇടിവോടെ ഓഹരി സൂചികകള്‍. താഴ്ചയോടെ തന്നെയായിരുന്നു ഇന്ന് വ്യാപാരത്തിന്റെ ആരംഭം. എന്നാല്‍ ക്ലോസിംഗിന് മുമ്പ് താഴ്ചയുടെ ആഴം കുറച്ചു കുറഞ്ഞു. സെന്‍സെക്സ് 127 പോയ്ന്റ് ഇടിഞ്ഞ് 58,178ല്‍ ക്ലോസ് ചെയ്തു. ചിപ്പ് ക്ഷാമം ജിയോ ഫോണിന്റെ വിപണി പ്രവേശം വൈകിപ്പിക്കാനിടയുണ്ടെന്ന വാര്‍ത്തകള്‍ റിലയന്‍സിന്റെ ഓഹരി വിലയെ താഴ്ത്തി.
കേരള കമ്പനികളുടെ പ്രകടനം
14 ഓളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. റബ്ഫിലയുടെ ഓഹരി വില ഇന്ന് 9.79 ശതമാനം ഉയര്‍ന്ന് 112.70 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്സ് ഓഹരി വില 4.71 ശതമാനം ഉയര്‍ന്നു. നിറ്റ ജലാറ്റിന്‍ ഓഹരി വില 3.33 ശതമാനം ഉയര്‍ന്ന് 249.60 രൂപയിലെത്തി. കിറ്റെക്സ്, കിംഗ് ഫിഷര്‍ ഓഹരി വിലകള്‍ രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു.