ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 21, 2021

ഇന്ത്യക്കാര്‍ക്കിടയില്‍ ഉപഭോഗം കൂടിയതായി റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎസിലേക്ക് പ്രവേശനം. ആരോഗ്യമേഖലയിലെ വായ്പകള്‍ വര്‍ധിപ്പിക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക്. ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില ഉയര്‍ത്തുന്നു. തിരിച്ചു കയറി വിപണി, സൂചികകളില്‍ മുന്നേറ്റം. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-09-21 20:38 IST
വരുമാനം ഉയരുന്നു; ഇന്ത്യക്കാര്‍ ഉപഭോഗം കൂട്ടിയതായി റിപ്പോര്‍ട്ട്
ഇന്ത്യക്കാര്‍ക്കിടയില്‍ ഉപഭോഗം വര്‍ധിച്ചതായി ഡെലോയിറ്റിന്റെ റിപ്പോര്‍ട്ട്. ഏറെക്കാലം കോവിഡ് പ്രതിസന്ധിയും ലോക്ഡൗണുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്ന അവസ്ഥയായിരുന്നുവെന്നും മെല്ലെ ഓഫീസുകളും ബിസിനസുകളും പ്രവര്‍ത്തനക്ഷമമായതാണ് ഇതിന് കാരണമെന്നും ഡെലോയിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിനേഷന്‍ ശക്തിപ്രാപിക്കുന്നതും വില്‍പ്പനയ്ക്ക് സഹായകമാകുന്നതായാണ് സൂചന. ഡ്‌സ്‌ക്രീഷനറി ഐറ്റംസ് ഡിമാന്‍ഡ് വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. അവശ്യസാധനങ്ങള്‍ക്കപ്പുറം പണം ചെലവിടുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യുഎസിലേക്ക് പ്രവേശനം
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് യുഎസിലേക്ക് പ്രവേശനം അനുവദിച്ച് പുതിയ ഇന്റര്‍നാഷണല്‍ ട്രാവല്‍ സിസ്റ്റം പുറത്തിറങ്ങി. ഇതനുസരിച്ച് നവംബര്‍ മുതല്‍ പ്രവേശനമനുവദിച്ച് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ ആശ്വാസ ദായകമാണ് പുതിയ തീരുമാനം. ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളോട് കൂടിയാണ് ഇളവ്.
ആരോഗ്യമേഖലയിലെ വായ്പകള്‍ വര്‍ധിപ്പിക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക്
ആരോഗ്യമേഖലയിലെ വായ്പകള്‍ വര്‍ധിപ്പിക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക്. 50 ലക്ഷം വരെയായിരിക്കും വായ്പാ പരിധി. ഈ വര്‍ഷം മേയില്‍, ആര്‍ബിഐ 50,000 കോടി രൂപയുടെ ഓണ്‍-ടാപ്പ് ലിക്വിഡിറ്റി വിന്‍ഡോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ഫണ്ടിന്റെ പിന്തുണ ബാങ്ക് തേടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ക്യുആര്‍ കോഡുള്ള ചരക്ക് വാഹനങ്ങള്‍ക്ക് ഇന്‍വോയ്‌സ് പേപ്പറുകള്‍ കയ്യില്‍ കരുതേണ്ട
ഇന്‍വോയ്‌സ് വിശദാംശങ്ങളടങ്ങുന്ന ക്യുആര്‍ കോഡ് ഉള്ളവര്‍ക്ക് ചരക്ക് നീക്കം എളുപ്പത്തിലാക്കുന്ന തരത്തില്‍ നിയമങ്ങള്‍ ഇളവ് ചെയ്തിട്ടുള്ളതായി ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) വകുപ്പ്. ഇന്‍വോയ്‌സ് ക്യു ആര്‍ കോഡ് ഉള്ള ചരക്കു വാഹനങ്ങള്‍ക്ക് ഇന്‍വോയ്‌സിന്റെ ഭൗതിക പകര്‍പ്പ് നല്‍കണ്ടെന്നാണ് സിബിഐസി ചൊവ്വാഴ്ച ഒരു വിശദീകരണത്തില്‍ അറിയിച്ചത്.
ന്യൂയോര്‍ക്കിലെ മാന്‍ഹാറ്റന്‍ ഓഫീസ് ബില്‍ഡിംഗ് സ്വന്തമാക്കാനൊരുങ്ങി ഗൂഗ്ള്‍

ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ മാന്‍ഹാറ്റന്‍ ഓഫീസ് ബില്‍ഡിംഗ് സ്വന്തമാക്കാന്‍ ഗൂഗ്ള്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍. 2.1 ബില്യണ്‍ ഡോളറിന്റേതാകും ഇടപാട്.
കൈക്കൂലി ആരോപണം; ആമസോണ്‍ പോര്‍ട്ടല്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് വ്യാപാരി സംഘടന
പ്രമുഖ ഇ കൊമേഴ്സ് സ്ഥപാനമായ ആമസോണിന്റെ നിയമവിഭാഗം ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആമസോണിന്റെ ഇ കൊമേഴ്സ് പോര്‍ട്ടല്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐറ്റി) കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതി. ആരോപണത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ചെയര്‍മാനും അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്ന് വ്യാപാരി സംഘടന അറിയിച്ചു.
ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില  ഉയര്‍ത്തുന്നു
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഒക്ടോബര്‍ ഒന്നുമുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. വിവിധ മോഡലുകള്‍ക്ക് എത്രത്തോളം വില വര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും രണ്ട് ശതമാനം വരെയായിരിക്കും വില വര്‍ധനവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ''മോഡലുകളുടെയും വേരിയന്റുകളിലും അടിസ്ഥാനത്തില്‍ രണ്ട് ശതമാനം വരെ വില വര്‍ധന നടപ്പാക്കും'' കമ്പനി ഫയലിംഗില്‍ പറഞ്ഞു.
ഇന്നലത്തെ വന്‍ വീഴ്ചയില്‍ നിന്ന് കരകയറി ഓഹരി വിപണി. സെന്‍സെക്സ് 514.34 പോയ്ന്റാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ സൂചിക 59005.27 പോയ്ന്റിലെത്തി. നിഫ്റ്റി 165.10 പോയ്ന്റ് ഉയര്‍ന്ന് 17562 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. 1551 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1602 ഓഹരികള്‍ക്ക് കാലിടറിയപ്പോള്‍ 165 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.64 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.03 ശതമാനം), ആസ്റ്റര്‍ ഡി എം (1.54 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (1.14 ശതമാനം), കിറ്റെക്സ് (0.77 ശതമാനം), അപ്പോളോ ടയേഴ്സ് (0.66 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എവിറ്റിയുടെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.



 


Tags:    

Similar News