ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 24, 2021

ക്രിപ്‌റ്റോകറന്‍സി നിരോധിച്ച് ചൈന. ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയുടെ തലവന്‍ രാജിവച്ചു. കര്‍ണാടകയില്‍ ഒക്‌റ്റോബര്‍ ഒന്നുമുതല്‍ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കും. എജിഎം നടത്താനുള്ള കാലാവധി നീട്ടി കോര്‍പറേറ്റ് കാര്യ മന്ത്രാലയം. 75000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്പൈസസ് ബോര്‍ഡ്. 60,000 ന് മുകളില്‍ സെന്‍സെക്സ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-09-24 20:58 IST

ക്രിപ്‌റ്റോകറന്‍സി നിരോധിച്ച് ചൈന

എല്ലാ ക്രിപ്‌റ്റോകറന്‍സി ഇടപാടുകളും പിന്‍വലിച്ച് ചൈന. ഈ ഡിജറ്റല്‍ കറന്‍സികളുടെ വാങ്ങലും വില്‍ക്കലും ഇടപാടുകളും നിയമവിരുദ്ധമാണെന്ന് ചൈനയിലെ റെഗുലേറ്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. ഇതിനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജന്‍സികള്‍ ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ രാജ്യത്തെ ഏജന്‍സികള്‍ ഒത്തൊരുമിച്ച് ഒരു തീരുമാനം എടുക്കുന്നത്. അതും ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ തടയാനാണെന്നതും ലോക സാമ്പത്തിക ചരിത്രത്തിലെ തന്നെ നിര്‍ണായക ഏടാണ്.
ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയുടെ തലവന്‍ രാജിവച്ചു
ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ഇന്ത്യ തലവന്‍ അനുരാഗ് മെഹ്രോത്ര രാജിവെച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. യു എസ് വാഹന നിര്‍മാതാക്കള്‍ രാജ്യത്തെ കാര്‍ നിര്‍മാണം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ജീവനക്കാരുടെ എതിര്‍പ്പുകള്‍ തുടരുന്നതിനിടെയാണ് രാജി.
ആരോഗ്യമേഖലയിലെ മികച്ച സേവനം; കേരളത്തിനു 3 ദേശീയ പുരസ്‌കാരങ്ങള്‍
ആരോഗ്യമേഖലയിലെ മികച്ച സേവനത്തിന് കേരളത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്‍ധന്‍ 3.0 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം ഗവ. മെഡിക്കല്‍ കോളജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി - പിഎം - ജെഎവൈ - കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രയ്ക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളജിലെ എ.അശ്വതിക്കും ലഭ്യമായി.
കര്‍ണാടകയില്‍ ഒക്‌റ്റോബര്‍ ഒന്നുമുതല്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കും
സംസ്ഥാനത്ത് ഒക്ടോബര്‍ 1 മുതല്‍ സിനിമാ ഹാളുകളും ഓഡിറ്റോറിയങ്ങളും 100% ശേഷിയോടെ പ്രവര്‍ത്തിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കി. സംസ്ഥാനത്തെ പരമാവധി ജനസംഖ്യയും വാക്‌സിന്‍ സ്വീകരിക്കുന്നതിലേക്ക് കടക്കുകയാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എടുക്കുകയും ചെയ്യുന്നവര്‍ക്ക് സിനിമാ തിയേറ്ററുകളില്‍ ആളുകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചേക്കും.
പട്ടയ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനം: നിയമം കര്‍ശനമാക്കി, കുരുക്കിലായി നിരവധി പേര്‍

സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ വാണിജ്യാവശ്യത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നടപ്പിലായി തുടങ്ങി. വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള കൈവശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമി പ്രത്യേക ആവശ്യത്തിനായി പതിച്ചു നല്‍കിയതാണോ എന്ന് കൃത്യമായി രേഖപ്പെടുത്താന്‍ തുടങ്ങിയതോടെ വാണിജ്യാവശ്യത്തിനുള്ള നിര്‍മാണ പ്രവര്‍ത്തനം അസാധ്യമായി.
ഇതു സംബന്ധിച്ച ഒരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ ചുവടു പിടിച്ച് 2020 ഡിസംബറിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ എ ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചത്.
എജിഎം നടത്താനുള്ള കാലാവധി നീട്ടി

രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്ക് തങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക എജിഎം കൂടാനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ രണ്ട് മാസം കൂടി നീട്ടി. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 30നകമായിരുന്നു വിളിച്ചുചേര്‍ക്കേണ്ടത്. കോര്‍പറേറ്റ് കാര്യ മന്ത്രാലയം, കമ്പനികളുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിക്കാനുള്ള സമയപരിധി നവംബര്‍ നീട്ടിക്കൊടുക്കണമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനോട് ശുപാര്‍ശ ചെയ്തു.സാമ്പത്തിക വര്‍ഷം അവസാനിച്ച് അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനികള്‍ വാര്‍ഷിക യോഗം വിളിച്ചു ചേര്‍ക്കണമെന്നാണ് നിയമം.
കാര്‍ക്കിനോസില്‍ 110 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ടാറ്റ ഗ്രൂപ്പ്
അര്‍ബുദ ചികിത്സാരംഗത്തെ സമഗ്രമായ സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമായ കാര്‍ക്കിനോസില്‍ ടാറ്റ ഗ്രൂപ്പ് 110 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉടന്‍തന്നെ 35 കോടി രൂപയും പിന്നീട് പല ഘട്ടങ്ങളായി ബാക്കി നിക്ഷേപവും നടത്താനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്തെ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് സംരംഭങ്ങളില്‍ താത്പര്യം കാണിക്കുന്ന ടാറ്റയ്ക്ക് ഇതോടെ കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറില്‍ ന്യൂനപക്ഷ ഓഹരിപങ്കാളിത്തമുണ്ടാകും. മുന്‍ ടാറ്റ ഉദ്യോഗസ്ഥരായ ആര്‍. വെങ്കടരമണന്‍, രവികാന്ത്, എന്നിവരാണ് കാര്‍ക്കിനോസിന്റെ സ്ഥാപകര്‍.
75000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്പൈസസ് ബോര്‍ഡ്
ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയോട് ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലം ചെയ്യുന്ന ഒരു പ്രത്യേക ബൃഹത് ഇ-ഓക്ഷന്‍ സ്പൈസസ് ബോര്‍ഡ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നു. ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും.
സെന്‍സെക്സ് 60,000 പോയ്ന്റ് എന്ന എക്കാലത്തെയും മികച്ച ഉയരത്തിലെത്തിയ ദിനമായിരുന്നു ഇന്ന്. 50,000 പോയ്ന്റില്‍ നിന്ന് 60,000ത്തിലെത്താന്‍ വേണ്ടി വന്നത് വെറും 166 ട്രേഡിംഗ് സെഷനുകള്‍ മാത്രം. ഇത് റെക്കോര്‍ഡാണ്. 40,000 പോയ്ന്റില്‍ നിന്ന് 50,000ത്തിലെത്താന്‍ 415 സെഷനുകള്‍ വേണ്ടി വന്നിരുന്നു. ജനുവരിയിലാണ് സെന്‍സെക്സ് 50000 തൊട്ടത്. 2006-2007 ല്‍ 10,000 പോയ്ന്റില്‍ നിന്ന് 20000ത്തിലെത്താന്‍ 432 സെഷനുകള്‍ വേണ്ടിവന്നതൊഴിച്ചാല്‍ അതിനു മുമ്പും ശേഷവും പതിനായിരം പോയ്ന്റ് മുന്നേറാന്‍ ആയിരത്തിലേറെ ട്രേഡിംഗ് സെഷനുകള്‍ വേണ്ടി വന്നിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമേ ഇന്ന് നേട്ടമുണ്ടാക്കാനായുള്ളൂ. 6.60 ശതമാനം നേട്ടവുമായി എഫ്എസിടി കരുത്തുകാട്ടി.

Exchange Rates : September 24, 2021
ഡോളര്‍ 73.82
പൗണ്ട് 100.96
യുറോ 86.45
സ്വിസ് ഫ്രാങ്ക് 78.94
കാനഡ ഡോളര്‍ 58.15
ഓസി ഡോളര്‍ 53.47
സിംഗപ്പൂര്‍ ഡോളര്‍ 54.50
ബഹ്‌റൈന്‍ ദിനാര്‍ 195.88
കുവൈറ്റ് ദിനാര്‍ 245.26
ഒമാന്‍ റിയാല്‍ 191.75
സൗദി റിയാല്‍ 19.68
യുഎഇ ദിര്‍ഹം 20.10


Tags:    

Similar News