ഡ്രൈവിംഗ് ടെസ്റ്റ് ഇനിമുതല്‍ സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളില്‍; പുതിയ പരിഷ്‌കാരം ജൂണ്‍ ഒന്നുമുതല്‍

സ്വകാര്യ കമ്പനികള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കും;

Update:2024-05-24 10:03 IST

Image: Canva

റോഡുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സമഗ്ര പരിഷ്‌കാരവുമായി കേന്ദ്രസര്‍ക്കാര്‍. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തുന്ന നിയമത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ടതാണ്. ഇനി മുതല്‍ സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകള്‍ വഴി ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ സാധിക്കും.
പുതിയ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (ആര്‍.ടി.ഒ) സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. പകരം അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ പോയി ലൈസന്‍സ് സ്വന്തമാക്കാം. ഈ കേന്ദ്രങ്ങള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ഡ്രൈവിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും അനുമതിയുണ്ടാകും.
സ്വകാര്യ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍
സ്വകാര്യ കമ്പനികള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കും. ടെസ്റ്റ് നടത്താനുള്ള കേന്ദ്രം ആരംഭിക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അപേക്ഷ നല്‍കാം. കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ അനുമതി ലഭിക്കും. കേന്ദ്രനിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.
ഇക്കാര്യത്തില്‍ കൃത്യമായ ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കേരള മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ക്കും ഈ വിഷയത്തില്‍ കൂടുതല്‍ ധാരണയില്ല. സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള അനുമതിക്ക് നിബന്ധനകള്‍
ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ടെസ്റ്റ് നടത്താനുള്ള കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ചില മാനദണ്ഡങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ ഭൂമി ഉണ്ടായിരിക്കണം. ഫോര്‍ വീലര്‍ പരിശീലനത്തിന് രണ്ട് ഏക്കര്‍ വേണ്ടിവരും.
പരിശീലകര്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരാകണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഡ്രൈവിംഗ് അനുഭവം ഉണ്ടായിരിക്കണം. ഇതിനൊപ്പം ബയോമെട്രിക്‌സ്, ഐ.ടി സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് ധാരണയും ഉണ്ടായിരിക്കണം.
ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്കുള്ള ഡ്രൈവിംഗ് കോഴ്‌സ് 4 ആഴ്ചയില്‍ 29 മണിക്കൂറായിരിക്കും. ഇതില്‍ 21 മണിക്കൂര്‍ പ്രായോഗിക പരിശീലനമാണ്. ബാക്കി റോഡ് നിയമങ്ങള്‍, ഡ്രൈവിംഗ് സംബന്ധിച്ച തിയറി ക്ലാസായിരിക്കും. വലിയ വാഹനങ്ങള്‍ക്ക് ആറാഴ്ച ക്ലാസും 38 മണിക്കൂറുമാകും പരിശീലന സമയം.
ലൈസന്‍സ് ഫീസും ചാര്‍ജുകളും
ലേണേഴ്സ് ലൈസന്‍സ് (ഫോം 3)- 150 രൂപ
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് (അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ടെസ്റ്റ്)- 50 രൂപ
ഡ്രൈവിംഗ് ടെസ്റ്റ് (അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ടെസ്റ്റ്)- 300 രൂപ
ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ- 200 രൂപ
ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്- 1,000 രൂപ
ലൈസന്‍സിലേക്ക് മറ്റൊരു വാഹന വിഭാഗം ചേര്‍ക്കാന്‍- 500 രൂപ
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍- 200 രൂപ
വൈകി പുതുക്കല്‍ (ഗ്രേസ് പിരീഡിന് ശേഷം)- 1300 രൂപ
Tags:    

Similar News